റേഷൻ കടയിലെ മാറ്റങ്ങൾ...
പ്രദീപ് പുറവങ്കര
റേഷൻകടയും അവിടെയുള്ള സാധനങ്ങളും പ്രവാസികളായ നമുക്ക് ഗൃഹാതുരമായ സ്മരണങ്ങൾ നൽകുന്ന ഇടങ്ങളാണ്. സഞ്ചിയും തൂക്കി റേഷൻ കടയുടെ മുന്പിൽ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാൻ ഒരു കാലത്ത് മലയാളിക്ക് യാതൊരു മാനക്കേടുമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് കാര്യങ്ങൾ ഏറെ മാറിത്തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് കേരളത്തിലെ ഭക്ഷ്യവകുപ്പ് എടുക്കാനിരിക്കുന്ന പുതിയ തീരുമാനം. കൃത്യമായി റേഷൻ വാങ്ങിയില്ലെങ്കിൽ ഉപഭോക്താക്കളുടെ റേഷൻ തടഞ്ഞുെവയ്ക്കാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന. രണ്ട് മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരെയാണ് ഈ തീരുമാനം ബാധിക്കുക. അതേസമയം ഇവരുടെ റേഷൻ കാർഡ് റദ്ദാക്കില്ലെന്നും ഭക്ഷ്യവകുപ്പ് ഉറപ്പ് നൽകുന്നുണ്ട്. സ്ഥിരമായി റേഷൻ വാങ്ങാത്തവരുടെ വിഹിതം അർഹതപ്പെട്ട മറ്റുള്ളവർക്ക് വീതിച്ച് നൽകാനാണ് തീരുമാനം. ഉടനെ തന്നെ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കും.
ഇപ്പോൾ റേഷൻ വാങ്ങാത്ത പലരുടെയും ധാന്യം കടക്കാർ തന്നെ മറിച്ചുവിൽക്കുകയാണ് പതിവ്. പുതിയ സംവിധാനമായി കടന്നു വരുന്ന ഇ−പോസ് യന്ത്രം സ്ഥാപിക്കുന്നതോടെ യഥാർത്ഥ കാർഡ് ഉടമയ്ക്ക് മാത്രമേ ഭക്ഷ്യധാന്യം വാങ്ങാൻ സാധിക്കുകയുള്ളൂ. ഇത് നടപ്പിലാകുന്നതോടെ ഇപ്പോഴുള്ള മറിച്ച് വിൽക്കൽ നിലയ്ക്കും. ഇതോടെ സംസ്ഥാനത്തെ റേഷൻ ഉപഭോഗം കുറയുന്നതായി കണക്കുകൾ വരും. ഓരോ മാസങ്ങളിലും സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ കൈയിൽ നിന്ന് ലഭിക്കുന്ന റേഷൻ ഉത്പന്നങ്ങൾ മൊത്തമായി ചിലവായാൽ മാത്രമേ സംസ്ഥാനത്തിന് കേന്ദ്രത്തോട് കൂടുതൽ ഭക്ഷ്യധാന്യം ആവശ്യപ്പെടാൻ സാധിക്കൂ. ഈ ഒരു പ്രശ്നത്തിനാണ് പുതിയ തീരുമാനത്തിലൂടെ സംസ്ഥാന ഭക്ഷ്യവകുപ്പ് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത്.
1942ൽ രണ്ടാം ലോകമഹായുദ്ധകാലത്ത് അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ടതിനെ തുടർന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ തുടക്കമിട്ടതാണ് കേരളത്തിലെ പൊതുവിതരണ സംവിധാനം. സ്വാതന്ത്ര്യാനന്തരം നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി ഒരു ഭക്ഷ്യമേഖല രൂപപ്പെടുത്തുകയും ചെയ്തു. 1964 നവംബർ ഒന്ന് മുതലാണ് സംസ്ഥാനത്തിന് കേന്ദ്രസർക്കാർ ഭക്ഷ്യവിഹിതം ഏർപ്പെടുത്തിയത്. ഇതോടെ അനൗപചാരിക റേഷനിംഗ് സംവിധാനത്തിന് തുടക്കം കുറിച്ചു. 1997 ആയപ്പൊഴേക്കും കേരളത്തിലെ 95 ശതമാനം ജനങ്ങളും ഈ പൊതുവിതരണ ശൃംഖലയുടെ ഗുണഭോക്താക്കളായിരുന്നു. എന്നാൽ നവ ഉദാരവൽക്കരണത്തിന്റെ ഭാഗമായി പൊതുമേഖല സംവിധാനങ്ങൾ ഇല്ലാതാവുകയും, പുതിയ ഇടങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ സാന്പത്തിക പുരോഗതി പ്രാപിച്ച പലരും റേഷൻ കാർഡിനെ ഒരു തിരിച്ചറിയൽ രേഖയായി മാത്രം സൂക്ഷിക്കുകയും റേഷൻ വാങ്ങുന്ന പതിവ് അവസാനിപ്പിക്കുകയും ചെയ്തു. കേന്ദ്രവിഹിതം നഷ്ടമാകാതിരിക്കാനാണെങ്കിലും ഭക്ഷ്യവകുപ്പ് റേഷൻ ആവശ്യമില്ലാത്തവരിൽ നിന്നും അത് പിടിച്ചെടുത്ത് അർഹരായവർക്ക് വിതരണം ചെയ്യാനൊരുങ്ങുന്പോൾ ഭക്ഷ്യ സന്തുലിതമായൊരു സംസ്കാരം നമ്മുടെ നാട്ടിൽ വരുമെന്ന പ്രതീക്ഷയോടെ...