കള്ളപണത്തിന്റെ കരകാണാകടൽ...
പ്രദീപ് പുറവങ്കര
പണം എന്നത് മനുഷ്യജീവിതത്തിൽ പ്രധാനമാണ്. ആവശ്യത്തിന് കിട്ടിയില്ലെങ്കിൽ കടലാസിന്റെ വില പോലുമില്ലാത്ത ഒരു വസ്തു കൂടിയാണ് ഇത്. പണം ഉണ്ടാക്കാൻ ഇന്ന് മനുഷ്യന്റെ മുന്പിൽ മാർഗ്ഗങ്ങൾ അനവധിയുണ്ട്. സത്യസന്ധമായും, അല്ലാതെയും ഇതുണ്ടാക്കാം. അത്യാവശ്യം ബുദ്ധിയുള്ളവർക്ക് വളരെ എളുപ്പത്തിൽ ഇതുണ്ടാക്കാനും സാധിക്കും. പക്ഷെ മഹാഭൂരിഭാഗം വരുന്നവരും പണമുണ്ടാക്കി ഉണ്ടാക്കി സന്പാദിച്ച് കോടീശ്വരൻമാരായി വെറുതെ മരിച്ചു പോകാൻ താത്പര്യപ്പെടാത്തത് കൊണ്ട് തട്ടിയും മുട്ടിയുമൊക്കെ ജീവിച്ചു പോകുന്നു എന്ന് മാത്രം. വർണ്ണവിവേചനം നേരിടുന്ന ഒരു വസ്തുകൂടിയാണ് പണം. കറുത്തതും വെളുത്തതുമായ പണം നമ്മുടെ ഇടയിൽ ഉണ്ട്. നേരായ വഴിയിലൂടെ ഓരോ രാജ്യത്തെയും ഭരണവ്യവസ്ഥയ്ക്ക് അനുസൃതമായി പണം ഉണ്ടാക്കാത്തവരെ കള്ളപണക്കാർ എന്ന് വിശേഷിപ്പിക്കുന്നു. കള്ളപ്പണം എന്ന വാക്ക് നമ്മുടെ ജീവിതത്തിൽ പ്രത്യേകിച്ച് ഇന്ത്യാക്കാരുടെ ജീവിതത്തിൽ അടുത്ത കാലത്താണ് വളരെ അധികം സുപരിചതമായി തുടങ്ങിയത്. കറൻസി നിരോധനം വന്നതോടെ ആ വാക്കിന് വലിയ പ്രചാരവും ലഭിച്ചു.
ഇന്ന് ഈ വിഷയത്തെ പറ്റി എഴുതാനുള്ള കാരണം ഒരു പത്രവാർത്തയാണ്. കറൻസി നിരോധനത്തിന് ശേഷം ഗൾഫ് നാടുകൾ നമ്മുടെ നാട്ടിലെ കള്ളപ്പണക്കാരുടെ പറുദീസയായി മാറിയിട്ടുണ്ടെന്ന റിപ്പോർട്ടാണത്. മുന്പ് നമ്മുടെ നാട്ടിലെ കള്ളപ്പണക്കാർ സ്വിസ്ബാങ്കുകളിലും, സെന്റ് കിറ്റ്‌സ് ഐലൻഡ്, പനാമ തുടങ്ങിയ പരന്പരാഗത കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളിലായിരുന്നു ഇതൊക്കെ സൂക്ഷിച്ചിരുന്നതെങ്കിൽ ഇന്ന് കള്ള പണമുള്ളവരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം ഗൾഫായി മാറിയിരിക്കുന്നുവെന്ന് ഇന്റർപോളും, ഇന്ത്യൻ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റുമടക്കമുള്ള ഏജൻസികൾ വെളിപ്പെടുത്തിയിരിക്കുന്നു. ഇവരുടെ കണക്കുകൾ പ്രകാരം ഏറ്റവുമധികം കള്ളപ്പണം നിക്ഷേപം ഉണ്ടായിരിക്കുന്നത് റിയൽ എേസ്റ്ററ്റ് മേഖലയിലാണ്. 2016 ജനുവരി മുതൽ 2017 ജൂൺ വരെയുള്ള കാലയളവിൽ ദുബൈയിൽ മാത്രം ഇന്ത്യാക്കാർ സ്വന്തമാക്കിയത് 7.56 ലക്ഷം കോടിയുടെ ഭൂമിയും ഫ്‌ളാറ്റുകളും വില്ലകളുമാണെന്നാണ് കണക്ക്. ദുബൈ ഭൂമികാര്യവകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. മുൻവർഷത്തെ അപേക്ഷിച്ച് 2.1 ലക്ഷം കോടിയുടെ വർദ്‍ധനയാണിത്. നോട്ട് നിരോധനം നിലവിൽ വന്ന ഒന്‍പത് മാസത്തിനുള്ളിൽ ദുബൈയിൽ മാത്രം നടന്നത് 3.67 ലക്ഷം കോടിയിൽപ്പരം ഭൂമി ഇടപാടുകളായിരുന്നു. ദുബൈയും, ബഹ്റൈനും ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലെ റിയൽ എേസ്റ്ററ്റ് മേഖലയിൽ പണം നിക്ഷേപിക്കുന്നവരിൽ ഇന്ന് ഒന്നാം സ്ഥാനത്താണ് ഇന്ത്യാക്കാരെന്ന കണക്കും ഇതോടൊപ്പം പുറത്ത് വരുന്നുണ്ട്. എണ്ണവില തകർച്ച സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് റിയൽ എേസ്റ്ററ്റ് മേഖലകളിലെ ഉണ്ടായിരിക്കുന്ന കള്ളപ്പണ നിക്ഷേപം ഗൾഫ് രാജ്യങ്ങൾ ആശ്വാസകരമാകുന്നുണ്ട് എന്നതാണ് ഉർവശീ ശാപം ഉപകാരം എന്ന രീതിയിൽ ആയി വന്നിരിക്കുന്നത്. ഭൂമിയുടെ വില അനുദിനം കുതിച്ചുയരുന്ന ഗൾഫ് രാജ്യങ്ങളിലെ ഈ നിക്ഷേപം പിന്നീട് വെളുപ്പിച്ച് ഇന്ത്യയിലെത്തിക്കാമെന്നാണ് ഇത്തരം കള്ളപ്പണ നിക്ഷേപകരുടെ കണക്കുകൂട്ടലുകൾ. ഇങ്ങിനെ കരകാണാകടലല മേലെ നിരവധി കള്ളപ്പണ നിക്ഷേപകരുടെയും, ബിനാമികളുടെയും മോഹപൂ പക്ഷി പറക്കുന്ന നാളുകളാണ് വരാനിരിക്കുന്നതെന്ന് പറയാമെങ്കിലും പലനാൾ കള്ളൻ ഒരുനാൾ പിടിയിലാകുമെന്ന മുന്നറിയിപ്പും നൽകാതിരിക്കാൻ സാധ്യമല്ല... !!