കുത്തിവെപ്പിനെതിരെയുള്ള കുത്തുകൾ...
പ്രദീപ് പുറവങ്കര
www.pradeeppuravankara.com
കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് നമ്മുടെ സംസ്ഥാനത്ത് എം.ആർ വാക്സിനേഷൻ പ്രചരണ പരിപാടി ആരംഭിച്ചത്. ഇനി നാല് ദിവസം കൂടിയാണ് ഈ പരിപാടി അരങ്ങേറുന്നത്. ഇതുവരെ പുറത്ത് വന്ന കണക്കുകൾ പ്രകാരം ആകെ 59 ശതമാനം മാത്രം കുട്ടികൾക്ക് മാത്രമേ പ്രതിരോധ കുത്തിവെയ്്പ്പ് നടത്താൻ സംസ്ഥാന അരോഗ്യ വകുപ്പിന് സാധിച്ചിട്ടുള്ളൂ. 76 ലക്ഷത്തോളം കുട്ടികൾക്കാണ് വാക്സിൻ നൽകാൻ സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ ഇതുവരെ 44,30,854 കുട്ടികൾക്കാണ് ഇത് നൽകാൻ കഴിഞ്ഞിട്ടുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. 41 ശതമാനം പേർ എന്തുകൊണ്ട് വാക്സിനേഷൻ സ്വീകരിക്കാൻ തയ്യാറാകുന്നില്ല എന്ന ചോദ്യത്തിന് വാക്സിനേഷനെതിരെ സോഷ്യൽ മീഡിയകളിലൂടെ നടത്തിയ കുപ്രചാരണങ്ങളാണ് കാരണമെന്ന് പ്രാഥമികമായി വിലയിരുത്താനാണ് സർക്കാരിന് സാധിച്ചിട്ടുള്ളത്. കൂടാതെ സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളുടെ ഭാഗത്തു നിന്നുണ്ടായ നിസഹകരണവും തിരിച്ചടിയായി എന്നു കരുതുന്നു. ഇത് പരിഷ്കൃതമായ ഒരു സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണെന്ന് പറയാതെ വയ്യ.
ഏറ്റവും കൂടുതൽ കുട്ടികൾ എം.ആർ വാക്സിൻ എടുത്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. അവിടെ 87 ശതമാനം കുട്ടികളുടെ രക്ഷിതാക്കൾ ഇതിനുവേണ്ടി മുന്പോട്ട് വന്നുവെങ്കിൽ മലപ്പുറത്ത് ഇത് വെറും 34 ശതമാനം മാത്രമാണ്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ജില്ലയായ കണ്ണൂരിൽ ഇതുവരെ അന്പത് ശതമാനം കുട്ടികൾക്ക് മാത്രമേ വാക്സിനേഷൻ നൽകാൻ സാധിച്ചിട്ടുള്ളൂ. എം.ആർ വാക്സിൻ എടുക്കണം എന്നാവശ്യപ്പെട്ട് മലപ്പുറത്തുള്ള മത സാംസ്കാരിക നേതാക്കൾ തന്നെ നവ മാധ്യമങ്ങളിലൂടെ വീഡിയോ സന്ദേശങ്ങൾ നൽകിയെങ്കിലും അതും വേണ്ടത്ര ഫലം ചെയ്തില്ല എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. അപ്പോൾ ഈ അവസ്ഥയുടെ കാരണം സാമുദായികം മാത്രമല്ലെന്ന് മനസിലാക്കാം. മരുന്നു കന്പനികളുടെ കച്ചവടമാണ് വാക്സിനേഷൻ ക്യാന്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോപിക്കുകയും, ഈ വാക്സിനേഷനിലൂടെ വലിയ ആരോഗ്യ പ്രശ്നങ്ങൾ കുട്ടികൾക്ക് ഉണ്ടാകുമെന്ന ഭീതിയും പ്രചരിപ്പിക്കുന്നവരുടെ ആധിക്യമാണ് ഈ ദുരവസ്ഥയുടെ പ്രധാന കാരണം. ഇവർ ഉയർത്തുന്ന ഭീതിയുടെ പ്രതികരണങ്ങളുടെ വ്യാപ്തിയും ഏറെയാണ്. ഇന്ത്യയിലെ ജനസംഖ്യ കുറയ്ക്കാനുള്ള വിദേശ രാജ്യങ്ങളുടെ തന്ത്രമാണ് വാക്സിനേഷനെന്നും, കുത്തക മരുന്നു കന്പനികൾക്ക് കാശുണ്ടാക്കാനുള്ള ഉപാധിയാണിതെന്നും, രാജ്യത്തിന്റെ ഭാവി തലമുറയെ രോഗികളാക്കാനുള്ള ശത്രു രാജ്യത്തിന്റെ തന്ത്രമാണ് എന്നൊക്കെയുള്ള രീതിയിലാണ് വാക്സിനേഷൻ വിരുദ്ധ ക്യാന്പയിൻ മുന്നോട്ട് പോകുന്നത്. നൂതനമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് ഇവർ ഈ കുപ്രചരണം നടത്തി വരുന്നത്. മീസൽ−റൂബെല്ലാ വാക്സിൻ സ്വീകരിച്ച കുട്ടികൾ ശ്വാസം കിട്ടാതെ പിടയ്ക്കുന്ന വീഡിയോ അടക്കം യൂട്യൂബിൽ ലഭ്യമാണ് എന്ന തരത്തിലാണ് ഇവരുടെ പ്രചരണം. വാക്സിനേഷന്റെ ദിവസം അടുത്തു വരുന്നതോടെ ഇവരുടെ പ്രചരണം ശക്തമാവുകയും, വാക്സിൻ ഉപയോഗിച്ചതു കൊണ്ട് രോഗങ്ങളൊന്നും വരാതിരിക്കാൻ യാതൊരു സാധ്യതയില്ലെന്നും ഇവർ ഉറപ്പിച്ചു പറയുന്നു. സാധാരണക്കാരനായ ഒരു രക്ഷിതാവിനെ ഭയപ്പെടുത്തുന്നതെല്ലാം ഇവരുടെ പ്രചരണത്തിലുണ്ട്. ഡിഫ്തീരിയ അടക്കമുള്ള രോഗങ്ങൾ ജില്ലയിൽ പടർന്നപ്പോഴും, കുട്ടികൾ മരിച്ചു വീണപ്പോഴും പലരും നിലപാട് മാറ്റാതിരുന്നത് ഈ പ്രചാരണങ്ങളുടെ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിനെതിരെ കർശനമായ നിലപാടുകൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ എല്ലായിടത്തും കെട്ടിഘോഷിക്കുന്ന കേരള മോഡലിന് തന്നെ പ്രസക്തി നഷ്‍പ്പെടുമെന്നത് ഉറപ്പ് !!