ഓൺലൈനിലെ ഓഫ് ലൈനുകൾ.....
പ്രദീപ് പുറവങ്കര
നമ്മുടെ നാട്ടിൽ എറണാകുളം പോലെയുള്ള മഹാനഗരങ്ങളിൽ ആരംഭിച്ച ഓൺലൈൻ വ്യാപാരസാദ്ധ്യതകൾ ഇന്ന് കേരളമാകെ പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുയാണ്. മാറുന്ന ജീവിതശൈലികൾക്ക് അനുസരിച്ച് പുതിയ സാങ്കേതിക വിദ്യകളും അനുനിമിഷം ഉണ്ടായി വരുന്നത് ഈ ട്രെൻഡിന് സഹായകരമാകുന്നുണ്ട്. കേവലം യുവതലമുറ മാത്രമല്ല, എല്ലാ പ്രായത്തിലുള്ളവരും ഈ സാധ്യതകളെ നമ്മുടെ നാട്ടിൽ നന്നായി ഉപയോഗിക്കുന്നു എന്നത് യാത്ഥാർത്ഥ്യമാണ്. കോടിക്കണക്കിന് രൂപ മൂല്യമുള്ള പണമിടപാടുകളും വ്യാപരങ്ങളുമാണ് ഇന്ത്യയിൽ ഇന്ന് ഓൺലൈൻ വിപണിയിൽ ഒരു വർഷം ഉണ്ടാകുന്നത്. ഓൺലൈൻ ഷോപ്പിങ്ങിനോടുള്ള ഭ്രമം ഈ രീതിയിൽ വർദ്ധിക്കുകയാണെങ്കിൽ പരന്പരാഗതമായ കച്ചവടസാധ്യതകൾ വലിയ മങ്ങൽ സംഭവിക്കാനും ഇടയുണ്ടെന്നാണ് പൊതുവേ ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ അഭിപ്രായം. ഉപ്പ് മുതൽ കർപ്പൂരം വരെ കിട്ടുന്ന ഇടമായി സൈബർ ഇടങ്ങൾ മാറുന്പോൾ നമ്മുടെ നാട്ടിൽ ജോലി സാധ്യത ഏറെ വർദ്ധിക്കുന്ന ഒരു മേഖലയാണ് ഡെലിവറി വിഭാഗം. സ്വന്തം വീട്ടുപടിക്കൽ സാധനങ്ങൾ എത്തിക്കുന്ന ഡെലിവറി സൗകര്യമാണ് ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുന്നവർക്ക് ഏറെ സഹായകരം. അതോടൊപ്പം നാട്ടിൽ ദിനം പ്രതി വർദ്ധിച്ചു വരുന്ന ഇന്ധന വിലയും ഷോപ്പിങ്ങ് എന്ന ആയസകരമായ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ടത്രെ.
ഈ ഒരു ട്രെൻഡാണ് ഇന്ന് ഇന്റർനെറ്റ് സൗകര്യം വ്യാപകമായി ഉപയോഗിക്കുന്ന ലോകത്തിലെ മിക്ക രാജ്യങ്ങളിലും കാണുന്നത്. എന്നാൽ ഇതിൽ ചെറിയ ഒരു വ്യത്യാസം ബഹ്റൈൻ പോലെ വിസ്തീർണം കുറവുള്ള രാജ്യങ്ങളിൽ അനുഭവപ്പെടുന്നുണ്ട് എന്നും നമ്മൾ കാണേണ്ടതുണ്ട്. ഇവിടെ വലിയ ബ്രാൻഡുകൾ അടക്കമുള്ളവ അവരുടെ ഓൺലൈൻ മേഖല വിപുലീകരിക്കുകയും, ആ കച്ചവടത്തിലേയ്ക്ക് ധാരാളം പണം നിക്ഷേപിക്കുകയും ചെയ്ത ഒരു വർഷമാണ് 2016ഉം, 2017ഉം. എന്നാൽ പൊതുവേ നോക്കുകയാണെങ്കിൽ ആ നിക്ഷേപങ്ങൾ ഒരു പരിധി വരെ പരാജയപ്പെട്ടിരിക്കുകയാണെന്ന് വേണം മനസ്സിലാക്കാൻ.
ഇവിടെ ജീവിക്കുന്നവർക്ക് ഷോപ്പിങ്ങ് എന്ന് പറയുന്നത് കേവലം സാധനങ്ങൾ വാങ്ങി പണം ചിലവാക്കാനുള്ള ഒരു മാർഗ്ഗത്തിനുപരിയായി ഒരു വിനോദം കൂടിയാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. മിക്കവരുടെയും വാരാന്ത്യ അവധികൾ തന്നെ ഷോപ്പിങ്ങിന് വേണ്ടി മാറ്റിവെയ്ക്കുന്നതും ഇതേകാരണം കൊണ്ട് തന്നെയാണ്. ഈ ഒരു ശൈലി രൂപപ്പെടുത്തിയെടുത്തത് തന്നെ ഇവിടെ ജീവിക്കുന്ന പ്രവാസികളാണ്. കുടുംബത്തോടൊപ്പം പുറത്ത് പോയി അൽപ്പം ഷോപ്പിങ്ങ് ഒക്കെ നടത്തി, അവർക്കൊപ്പം ഒന്ന് പുറത്ത് ഡ്രൈവിങ്ങിനൊക്കെ പോയി ഇഷ്ടഭക്ഷണ ശാലയിൽ ചെന്ന് ആഹാരവും കഴിച്ചാൽ ലഭിക്കുന്ന സന്തോഷം മൊബൈൽ സ്ക്രീനിലെ ഓൺലൈൻ ആപ്പുകളുടെ സഹായം കാരണം ലഭിക്കുന്നില്ലെന്ന് ഇവിടെ കുടുംബവുമായി താമസിക്കുന്ന അനുഭവസ്ഥർ പറയുന്നു. ആഴ്ച്ചയിൽ മിക്ക ദിവസങ്ങളിലും ഫ്ളാറ്റിന്റെ നാല് ചുമരുകൾക്കിടയിൽ ഒതുങ്ങികൂടേണ്ടി വരുന്നവർക്ക് ഒരാശ്വസവുമാണ് ഇത്തരം ഷോപ്പിങ്ങ് അനുഭവങ്ങൾ. കേരളത്തിൽ വളരെ പ്രചാരത്തിൽ ഉള്ള ഓൺലൈൻ ടാക്സികൾക്ക് ബഹ്റൈൻ പോലെയുള്ള ഇടങ്ങളിൽ വലിയ സ്ഥാനം ഇന്നും ലഭിച്ചിട്ടില്ലെന്നതും യാത്ഥാർത്ഥ്യമാണ്. അതേസമയം ധനകാര്യമേഖലയിൽ വരുംകാലങ്ങളിൽ അൽപ്പമെങ്കിലും പേർ ഓൺലൈൻ ഇടങ്ങളിലേയ്ക്ക് ചേക്കേറുമെന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്. എന്തായാലും ഈ മേഖലയിൽ ഓൺലൈൻ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന ഓരോ മാറ്റങ്ങളും വിപണിയെ ഏത് രീതിയിൽ ബാധിക്കുമെന്ന് കൗതുകത്തോടെ നോക്കിയിരിക്കുകയാണ് മിക്കവരും...