കേ­രള സ്റ്റേറ്റിൽ ഐ എസ് എത്തു­ന്പോൾ...


പ്രദീപ് പുറവങ്കര

കേരളത്തിൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ ഏതൊരു മലയാളിയെയും അലോസരപ്പെടുത്തേണ്ടവയാണ്. ഇസ്ലാമിക തത്വസംഹിത അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗൾഫ് രാജ്യങ്ങളെ പോലും അസ്വസ്ഥമാക്കുവാൻ തുനിഞ്ഞിറങ്ങിയിട്ടുള്ള ഇസ്ലാമിക് േസ്റ്ററ്റ് എന്ന തീവ്രവാദ പ്രസ്ഥാനത്തിന്റെ കണ്ണികൾ നമ്മുടെ നാടിന്റെ ഉൾപ്രദേശങ്ങളിൽ പോലും സൗഹൃദബന്ധം സ്ഥാപിച്ചിരിക്കുന്നു എന്ന വാർത്തയെ പറ്റിയാണ് പറഞ്ഞു വരുന്നത്. കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളിലായി ഐഎസ് അഥവാ ഇസ്ലാമിക് േസ്റ്ററ്റ് തീവ്രവാദികളെ ഒതുക്കുന്നതിലും ഇല്ലാതാക്കുന്നതിലും മധ്യേഷ്യൻ മേഖലയിലെ ഭരണാധികാരികൾ വിജയം കൈവരിച്ചു കൊണ്ടിരിക്കുന്പോഴാണ് കണ്ണൂരിൽ അഞ്ച് യുവാക്കളെ ഐഎസ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തുർക്കിയിൽ നിന്നും പരിശീലനം നേടി സിറിയയിലേയ്ക്ക് കടക്കുന്നതിനിടെ തുർക്കി പോലീസ് പിടികൂടി നാട്ടിലേയ്ക്ക് തിരിച്ചയച്ച അഞ്ചു പേരാണത്രെ പിടിയിലായിരിക്കുന്നത്. ഐഎസ് അതിന്റെ അവസാന കാലഘട്ടത്തിലൂടെ കടന്നു പോകുന്ന കാലത്ത് ഇവിടെ നിന്നും പരിശീലനം ലഭിച്ച ഈ യുവാക്കൾ സ്ലീപ്പിങ്ങ് സെൽസായി നമ്മുടെ നാട്ടിൽ പ്രവർ‍ത്തിക്കുമോ എന്നാണ് കേരളപോലീസ് ഭയപ്പെടുന്നത്. 21 യുവാക്കൾ ഇതുവരെയായി കാസർ‍ഗോഡ് നിന്നും 15 പേർ കണ്ണൂരിൽ നിന്നും ഐഎസിൽ‍ ചേർ‍ന്നതായാണ് പോലീസ് രേഖകൾ പറയുന്നത്. ഇതിൽ തന്നെ സിറിയയിലും അഫ്ഗാനിസ്ഥാനിലും നിന്നായി 15 പേർ ഇതിനകം കൊല്ലപ്പെട്ടതായും പറയുന്നു. മലയാളികളെ ഐഎസിലേക്ക് ആകർ‍ഷിക്കുന്നതിന്റെ ഭാഗമായി രണ്ടു വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ‍ സജീവമായി പ്രവർത്തിക്കുന്നതായും എൻ‍ഐഎ നേരത്തേ കണ്ടെത്തിയിരുന്നു. 

തലശ്ശേരിക്കാരനായ ‘ബിരിയാണി’ ഹംസ എന്നൊരാളാണ് ഇന്നലെ അറസ്റ്റ് ചെയ്ത മൂന്നു യുവാക്കളെ അടക്കം ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം കൊടുത്തത് എന്നാണ് പോലീസ് ഭാഷ്യം. ഇദ്ദേഹത്തിന് നേരത്തേ ബഹ്റൈനിലായിരുന്നു ജോലിയെന്നും, ഇവിടെയുള്ള പ്രമുഖ മതപഠന കേന്ദ്രത്തിൽ വെച്ചാണ് ഇത്തരം തീവ്രമായ ആശയങ്ങളും ചിന്തകളും അദ്ദേഹത്തിന്റെ മനസിൽ ഉടലെടുത്തതെന്നും വാർത്തകൾ സൂചിപ്പിക്കുന്നു. ഗൾഫ് നാടുകളിൽ പ്രവർത്തിക്കുന്ന ധാരാളം പ്രവാസി സംഘടനകളുണ്ട്. സാമൂഹ്യം, ആത്മീയം, സാംസ്കാരികം തുടങ്ങിയ വേർതിരിവുകളും ഇതിലുണ്ട്. അതിൽ ഏതെങ്കിൽ ഒന്നിന് ഐ എസ് പോലെയുള്ള തീവ്രവാദ സംഘടനയോട് നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടെന്ന് വന്നാൽ അത് ബാധിക്കുന്നത് ഈ മേഖലയിലെ മൊത്തം പ്രവാസി സമൂഹത്തെ തന്നെയായിരിക്കുമെന്നതിന് സംശയമില്ല. മാത്രമല്ല, ആത്മീയ മേഖലയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘനകളെയും സംശയദൃഷ്ടിയോടെ നോക്കി കാണുന്ന അവസ്ഥയുമുണ്ടാകും. കപ്പലിലെ കള്ളൻ ആരാണെന്നത് കണ്ടു പിടിക്കേണ്ട ചുമതല അതു കാരണം ഉത്തരവാദിത്വബോധമുള്ള ഇസ്ലാമിക പ്രവാസി സംഘടനകൾക്ക് ഉണ്ടെന്ന കാര്യം ഈ സംഭവം തെളിയിക്കുന്നു. അതു പോലെ ഇത്തരമൊരു സാഹചര്യത്തിൽ എന്തുകൊണ്ടാണ് ഐഎസ് പോലുള്ള തീവ്രവാദ സംഘങ്ങളിലേക്ക് മലയാളി യുവാക്കൾ ഇത്രയേറെ ആകൃഷ്ടരാകുന്നതെന്ന് പൊതുസമൂഹവും പ്രത്യേകിച്ച് പക്വമതികളായ മുസ്ലീം സമൂഹവും ഗൗരവമായി ചിന്തിക്കേണ്ട കാലം കൂടിയാണിത്്. ബാബറി മസ്ജിദ് തകർന്ന കാലത്ത് പോലും എറെ സംയമനത്തോടെ ശാന്തമായി പ്രതികരിച്ച ഒരു മുസ്ലീം സമൂഹമാണ് കേരളത്തിലേത്. അന്നത്തെ യുവാക്കൾ അവരുടെ നാൽപതുകളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്പോഴാണ് പ്രായപൂർത്തിയ ചില ചെറുപ്പക്കാരെങ്കിലും അത്യാവേശത്തോടെ ഈ തീവ്രവാദത്തെ പുൽകുന്നത്. ഇതിന്റെ കാരണങ്ങൾ സമൂഹം കണ്ടെത്തിയില്ലെങ്കിൽ വരുംകാലങ്ങളിൽ ഇസ്ലാമോഫോബിയ പ്രചരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യാൻ പോകുന്നത് തീവ്ര മത രാഷ്ട്രീയ സംഘടനകളായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. !!

You might also like

Most Viewed