മാ­ന്ദ്യകാ­ലത്തെ­ പു­നർ­ചി­ന്തകൾ...


പ്രദീപ് പുറവങ്കര

ഇന്ത്യൻ സന്പദ്ഘടനയ്ക്ക് തകരാറുകൾ സംഭവിച്ചിരിക്കുന്നു എന്നു തുറന്ന് പറഞ്ഞ് മുന്പോട്ട് വരാൻ ധൈര്യം കാണിച്ച കേന്ദ്ര ധനമന്ത്രിക്ക് അഭിനന്ദനം. അതേസമയം ഈ തകരാറുകൾ കാരണം നെട്ടോട്ടമോടുന്ന പാവം ജനത്തിനെ സംബന്ധിച്ച് ഇത് തലവിധിയെന്നേ പറയാൻ സാധിക്കൂ. സാന്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാൻ മാന്ദ്യവിരുദ്ധ പാക്കേജ് എന്ന ഒരു പുതിയ പദ്ധതിയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. ചെയ്ത തെറ്റുകളുടെ കുന്പസാര ക്രിയയായും ഇതിനെ കാണാം. തിരക്കിട്ടുള്ള തീരുമാനങ്ങൾ കാരണമാണ് ഇപ്പോഴത്തെ സാന്പത്തിക മരവിപ്പുണ്ടായിരിക്കുന്നതെന്ന് ഏത് സാധാരണക്കാരനും മനസിലാകും. നോട്ട് അസാധൂകരണം, ചരക്ക് സേവന നികുതി എന്നിങ്ങനെ മോഡി സർ‍ക്കാർ നടപ്പിലാക്കിയ സാന്പത്തിക നടപടികൾ നമ്മെ ദുർബലരാക്കിയിരിക്കുന്നു. അധികാര കേന്ദ്രങ്ങൾ വലിയ തീരുമാനങ്ങൾ എടുക്കേണ്ടേത് വൈകാരികമായിട്ടല്ല എന്ന് തിരിച്ചറിയാത്തതിന്റെ പരിണിത ഫലം മാത്രമാണിത്. 

പ്രതിപക്ഷത്തിന് പുറമേ യാഥാർഥ്യം തുറന്ന് പറയാൻ പ്രധാനമന്ത്രിയുടെ തന്നെ സാന്പത്തിക ഉപദേശക സമിതി നിർബന്ധിതമായതോടെയാണ് കുറേ നാളുകളായി ഗവൺമെന്റ് ഒളിപ്പിച്ചു വെച്ചു കൊണ്ടിരുന്ന സാന്പത്തിക നിലയെ പറ്റി അഭിപ്രായം പറയേണ്ട അവസ്ഥയുണ്ടാക്കിയിരിക്കുന്നത്. കിട്ടാക്കടം കാരണം തീവ്രമായ പ്രതിസന്ധിയിലേയ്ക്ക് മുങ്ങിതാഴുന്ന പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് 2.11 ലക്ഷം കോടി വിന്യസിക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം സാന്പത്തിക മരവിപ്പ് മാറ്റി സന്പദ്ഘടനയെ വളർച്ചയിലേയ്ക്ക് നയിക്കുന്നതിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുമായി  5.35 ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്നും അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച  മാന്ദ്യവിരുദ്ധ പാക്കേജിന്റെ മുഖ്യ ഘടകങ്ങളാണ്.

അതേസമയം ദശലക്ഷക്കണക്കിന് നിർ‍ദ്ധന ഗ്രാമീണർ‍ക്ക് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പണിയെടുത്തതിന്റെ ആയിരക്കണക്കിന് കോടി രൂപ കൂടിശികയായി നൽ‍കാനുള്ളതടക്കം  സാന്പത്തികമായി ഏറെ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് എങ്ങിനെയാണ് ധനമന്ത്രി വാഗ്ദാനം ചെയ്യുന്ന പണം കണ്ടെത്തുക എന്ന് മനസിലാകുന്നില്ല. മേൽപറഞ്ഞ തുക എവിടെ നിന്ന് എങ്ങനെ വരുമെന്നോ അതിന്റെ പ്രയോഗം എങ്ങനെ സന്പദ്ഘടനയെ ഊർ‍ജസ്വലമാക്കി മാറ്റുമെന്നോ ഉള്ള വ്യക്തമായ യാതൊരു പദ്ധതിയും മുന്പോട്ട് വെയ്ക്കാൻ ജെയ്റ്റ്‌ലിക്ക് കഴിഞ്ഞിട്ടുമില്ല. വിശ്വാസ തകർച്ച നേരിടുന്ന ഒരു ഗവൺമെന്റിന്റെ ഇത്തരം വാഗ്ദാനങ്ങൾ അതു കൊണ്ട് തന്നെ നടപ്പാക്കുമോ എന്നതിനും ഒരുറപ്പുമില്ല.  അതുകൊണ്ട് തന്നെ വരാൻ പോകുന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകൾക്കും 2019ലെ പൊതു തെരഞ്ഞെടുപ്പിനും സമയം നീട്ടിവാങ്ങുക എന്ന ജാമ്യാപേക്ഷയായി മാത്രമേ ഇപ്പോഴത്തെ ഈ മാന്ദ്യ പാക്കേജ് പ്രഖ്യാപനത്തെ കാണാൻ സാമാന്യ ജനസമൂഹത്തിന് സാധിക്കൂ എന്ന് ഓർമ്മിപ്പിക്കട്ടെ...

You might also like

Most Viewed