സൗദി അറേബ്യ വാതിൽ തുറക്കുന്പോൾ...
പ്രദീപ് പുറവങ്കര
രണ്ടാഴ്ച്ചകൾക്ക് മുന്പ് സൗദി അറേബ്യയിൽ വന്നുകൊണ്ടിരിക്കുന്ന വിപ്ലാവത്മകമായ മാറ്റങ്ങളെ പറ്റി തോന്ന്യാക്ഷരത്തിൽ സൂചിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ ദിവസം കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തെ കാണേണ്ടത്. തീവ്രമായ വിശ്വാസ സംഹിതകളിൽ നിന്ന മിതത്വം പാലിക്കുന്ന തരത്തിലേയ്ക്ക് സൗദിഅറേബ്യയെ വരുംകാലങ്ങളിൽ മാറ്റുവാനുള്ള ശക്തമായ ശ്രമം തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. പൊതുവെ അടച്ചിട്ടു വെച്ച ഒരു സമൂഹം എന്നതിൽ നിന്ന് തുറന്ന സമൂഹമായി സൗദിയെ മാറ്റുന്നതിന് മറ്റ് ലോകരാജ്യങ്ങളുടെ പിന്തുണയും അദ്ദേഹം അഭിമുഖത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി ജനതയെ കൂടുതൽ ശാക്തീകരിക്കാനും രാജ്യത്ത് കൂടുതൽ വിദേശ നിക്ഷേപം എത്തിക്കാനും തുറന്ന കാഴ്ചപ്പാട് വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇങ്ങിനെയൊരു തീരുമാനമെടുക്കാൻ ധാരാളം കാരണങ്ങൾ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കണം. അതിൽ ഏറ്റവും പ്രധാനം ഇറാനുമായുള്ള ശീതസമരം തന്നെയാണ്. മേഖലയിൽ വലിയ രീതിയിൽ അസമാധാനത്തിന്റെ വിത്തുകൾ വിതയ്ക്കുന്നതിൽ ഇറാൻ വലിയ പങ്ക് വഹിക്കുന്നുണ്ട്. 1979ലെ ഇറാൻ വിപ്ലവത്തിന് ശേഷം സമാനമായ രീതിയിൽ പലയിടത്തും ഭരണകൂടങ്ങൾ അട്ടിമറിക്കപ്പെടാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ ശ്രമങ്ങളെ എങ്ങിനെയാണ് നേരിടേണ്ടതെന്ന് അറിയാതെ ബുദ്ധിമുട്ടിയവരിൽ സൗദിയും ഉൾപ്പെടുന്നുവെന്നാണ് രാജകുമാരൻ പറഞ്ഞത്. യാഥാസ്ഥികമായ കാഴ്ച്ചപാടുകളാണ് ഇതിന്റെ കാരണമെന്നും, ഇത് ഒരു സാധാരണ മനോനിലയല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഇന്ന് എഴുപത് ശതമാനം സൗദി സ്വദേശികളും 30 വയസിന് താഴെ പ്രായമുള്ള ചെറുപ്പക്കാരാണ്. മിതവാദ ഇസ്ലാമിക കാഴ്ച്ചപാടിലേയ്ക്ക് രാജ്യം നടന്നുകയറുകയാണെങ്കിൽ ഈ ചെറുപ്പക്കാർ മുഖേന രാജ്യം ഉണ്ടാക്കാൻ പോകുന്നത് വലിയ നേട്ടങ്ങളാണെന്നും അദ്ദേഹം പറയുന്നു.
ഈ ഒരു കാരണം കൂടാതെ പെട്രോൾ വിപണിയെ ആശ്രയിക്കാതെ എങ്ങിനെ തങ്ങളുടെ സാന്പത്തിക ശ്രോതസുകൾ കണ്ടെത്താം എന്ന ചിന്തയും അദ്ദേഹത്തെ ഇത്തരം തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ടാകുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. സൗദി അറേബ്യ, ജോർദ്ദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളെ പരസ്പരം ഒരുമിപ്പിക്കുന്ന മേഖലയിൽ 500 ശതകോടി ഡോളറിന്റ ചിലവിൽ ഒരു സ്വതന്ത്ര്യ സാന്പത്തിക മേഖല ആരംഭിക്കാനുളള പദ്ധതിയും കഴിഞ്ഞ ദിവസം സൗദി രാജകുമാരൻ പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ തലമുറയിൽ പെട്ടവരല്ലാത്ത 50 വയസ് കഴിഞ്ഞവർക്ക് ഈ മാറ്റം വരുത്തലിനെ സ്വീകരിക്കാനുള്ള മനസുണ്ടാകുമോ എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. മുന്പ് രാജ്യത്തെ മതകാര്യ പോലീസ് സംവിധാനം ഒഴിവാക്കണമെന്ന അഭിപ്രായത്തെ പരാജയപ്പെടുത്തിയത് ഈ വിഭാഗമായിരുന്നു. അതുകൊണ്ട് തന്നെ ഈ കുരുക്കഴിക്കൽ എളുപ്പമാകില്ലെങ്കിലും ആറുമാസമായി സൗദിയുടെ സാംസ്‌കാരിക, സാന്പത്തിക, പരിഷ്‌കരണപദ്ധതികളുമായി മുന്നിട്ടിറങ്ങിയ മുഹമ്മദ് ബിൻ സൽമാന്റെ ഈ ശ്രമങ്ങളൊക്കെ വലിയ മാറ്റങ്ങൾ വരുത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പ്രവാസികൾ അടക്കമുള്ള മിക്കവരും.