ഐവി ശശി വിടവാങ്ങുന്പോൾ...


പ്രദീപ് പുറവങ്കര

മലയാള സിനിമയിലെ ഒരു കാലം കൂടി അസ്തമിച്ചിരിക്കുന്നു. മലയാള ചലചിത്ര ലോകത്തെ ആദ്യത്തെ ക്രൗഡ് പുള്ളർ സംവിധായകൻ എന്ന് വിശേഷിക്കപ്പെടാവുന്ന ഐവി ശശി ജീവിത തിരശീലയ്ക്കപ്പുറത്തേയ്ക്ക് കടന്നുപോകുന്പോൾ നഷ്ടമാകുന്നത് ഇന്ന് മോഹൻലാൽ അനുസ്മരിച്ചത് പോലെ പച്ചമനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയിൽ‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരനെ തന്നെയാണ്. സിനിമ എന്നത് സംവിധായകന്റെ കലയാണെന്ന് തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. വ്യത്യസ്തമായ വിഷയങ്ങൾ വളരെ അനായാസം ജനങ്ങളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവതരിപ്പിച്ച സംവിധായക പ്രതിഭയാണ് അദ്ദേഹം. മലയാളത്തിലെ തന്നെ പ്രമുഖ സാഹിത്യകാരന്മാരുടെ രചനകളെ സിനിമകളാക്കിയതിനോടൊപ്പം തന്നെ ആധുനിക  തിരികഥാകൃത്തുക്കളുടെ രചനകളും  വിജയിപ്പിക്കാനായതാണ് അദ്ദേഹത്തിന്റെ മികവ്. 

1975ൽ ഉത്സവം എന്ന ചിത്രത്തോടെയാണ് ശ്രീ ഐവി ശശി മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തിയത്. നടൻ ആരെന്ന് നോക്കി സിനിമ കാണാൻ പോയ പ്രേക്ഷകസമൂഹത്തെ സംവിധായകൻ ആരെന്ന് നോക്കുവാൻ കൂടി പ്രേരിപ്പിച്ചതിൽ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റവും ഉയർന്നതാണ്്. സംവിധാനത്തിന് പുറമേ സിനിമയുടെ മിക്ക മേഖലകളിലും തന്റെ കൈയൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സാധിച്ചു. മലയാള ചലചിത്ര ലോകത്തിലെ മമ്മൂട്ടി, മോഹൻലാൽ എന്നീ രണ്ട് ബിംബങ്ങളുടെ ഉയിർപ്പിനും, അവരുടെ വളർച്ചയ്ക്കും ഏറെ സഹായകരമായത് ഐവി ശശിയുടെ സംവിധാനത്തിൽ പുറത്ത് വന്ന സിനിമകളായിരുന്നു. തൃഷ്ണ, അംഹിസ, ഈ നാട്, തടാകം, ഇന്നല്ലെങ്കിൽ‍ നാളെ, ഇനിയെങ്കിലും, നാണയം, അതിരാത്രം, ആവനാഴി, ഇൻസ്്‌പെക്ടർ ബൽറാം, ആൾ‍ക്കൂട്ടത്തിൽ തനിയെ, വാർത്ത, അക്ഷരങ്ങൾ, അനുബന്ധം, കരിന്പു‍പൂവിനക്കരെ, 1921, മിഥ്യ, മൃഗയ, നീലഗിരി തുടങ്ങി നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയും ഐവി ശശിയും ഒന്നിച്ചു. 2006ൽ ഇറങ്ങിയ ബൽറാം വേഴ്‌സസ് താരാദാസ് ആയിരുന്നു ഇരുവരും ഒരുമിച്ച അവസാന ചിത്രം. അഹിംസ, ഉയരങ്ങളിൽ‍, ദേവാസുരം, ശ്രദ്ധ, നാണയം, അതിരാത്രം, അടിയൊഴുക്കുകൾ‍, അനുബന്ധം, അനുരാഗി, വർണപ്പകിട്ട് തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം മോഹൻലാലിനൊപ്പവും ചെയ്തു. 

ഇന്ന് അദ്ദേഹത്തെ പറ്റി കുറച്ചൊക്കെ വായിച്ചപ്പോൾ വ്യത്യസ്തമായ ചില കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ‘അ’ എന്ന അക്ഷരത്തിൽ‍ തുടങ്ങുന്ന ഏറ്റവുമധികം മലയാള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് അദ്ദേഹം. അദ്ദേഹം സംവിധാനം ചെയ്ത 111 ചിത്രങ്ങളിൽ 40 ചിത്രങ്ങളുടെയും പേരുകൾ ആരംഭിച്ചത് ‘അ’യിൽ ആയിരുന്നു. കേവലമായൊരു രതിചിത്രത്തിലേയ്ക്ക് വഴുതിപ്പോകാമായിരുന്ന “അവളുടെ രാവുകൾ” മലയാള സിനിമ ചരിത്രത്തിലെ തന്നെ അപൂർവമായ അനുഭവമാക്കി മാറ്റാൻ സാധിച്ചതും ഐവി ശശി എന്ന സംവിധായകന്റെ കൈയടക്കത്തിന്റെ തെളിവാണ്.  സീമ എന്ന അതുല്യപ്രതിഭയെ തിളക്കമാർന്ന കഥാപാത്രങ്ങളോടെ സിനിമയുടെ മുന്പിലെത്തിച്ച അദ്ദേഹം അവരെ പിന്നീട്  തന്റെ ജീവിത സഖിയുമാക്കി. മലയാള ചലചിത്ര ലോകത്ത് സജീവമായ സാന്നിദ്ധ്യം അൽപ്പകാലമായി അദ്ദേഹത്തിനുണ്ടായിരുന്നില്ലെങ്കിലും ആ അനുഭവസന്പത്ത് മാഞ്ഞു പോകുന്പോൾ ഏതൊരു സിനിമാപ്രേമിക്കും ഇന്ന് ദുഖത്തിന്റെ ദിവസം തന്നെയാണ്. ആ ഓർമ്മകൾക്ക് മുന്പിൽ ആദരാ‍ജ്‍ഞലികൾ!!

You might also like

Most Viewed