വെറുപ്പല്ല, വേണ്ടത് സ്നേഹം തന്നെയാണ്...
പ്രദീപ് പുറവങ്കര
പ്രണയ വിവാഹങ്ങൾക്കെതിരെയും, മിശ്ര വിവാഹങ്ങൾക്കെതിരെയുമൊക്കെ ‘മദ’മിളകിയവർ നടത്തിവരാറുള്ള പതിവ് കോലാഹലങ്ങൾ പരിഷ്കൃതരെന്ന് അഹങ്കരിക്കുന്ന നമ്മുടെ സമൂഹത്തിൽ എന്നും എപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെക്കുന്നവയാണ്. പ്രണയത്തെ പോരാട്ടമായിട്ടാണ് മിക്ക കാമുകീകാമുകൻമാരും അവരുടെ പ്രണയ കാലഘട്ടത്തിൽ കാണുക. എന്നാൽ ഈ പോരാട്ടത്തിന് മേൽ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ലക്ഷ്യങ്ങൾ അടിച്ചേൽപ്പിക്കുന്നവർ നമ്മുടെ സമൂഹത്തിൽ അവശേഷിക്കുന്നു എന്നത് വർത്തമാനകാല യാഥാർത്ഥ്യമാണ്. ആ ലക്ഷ്യങ്ങളിൽ തീവ്രവാദവും, ഭീകരവാദവും, ആളുകളുടെ തലയെടുക്കലുമൊക്കെ ഉൾപ്പെടുന്നു. മക്കളെ പൂട്ടിയിട്ട് വളർത്തിയില്ലെങ്കിൽ ആപൽകരമായ ഇത്തരം ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് ഇരയായി മാറുമെന്ന ആശങ്ക പൊതുസമൂഹത്തിൽ പരത്തുന്നതിലും പലപ്പോഴും അവർ വിജയിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങൾ അതിന് ഏറെ സഹായകരമാകുന്നുമുണ്ട്.
പ്രണയവിവാഹം രണ്ടു മത വിഭാഗത്തിൽപ്പെടുന്ന ആളുകൾ തമ്മിലാകുന്പോൾ, അതിൽ രാഷ്ട്രീയ ലക്ഷ്യം കാണുന്ന ഈ പ്രവണത ദിനംപ്രതി കൂടുന്നത് പുരോഗമന കാഴ്ച്ചപാടുള്ള ഒരു സമൂഹത്തിന് ഒരിക്കലും തന്നെ ഭൂഷണമല്ല. ഈ പ്രവണതയെ സമൂഹത്തിൽ വർഗീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നവർ എറ്റുപിടിക്കുന്നതോടെ അതിന്റെ കാലുഷ്യവുമേറുകയാണ്. വിവാഹം എന്ന ഏറെക്കുറെ വ്യക്തിപരമായ കാര്യത്തെ, അല്ലെങ്കിൽ പ്രായപൂർത്തി ആയ ഒരു വ്യക്തി എടുക്കുന്ന തീരുമാനത്തെ ബഹുമാനിക്കുക എന്നതിന് പകരം ആ തീരുമാനം എടുത്ത വ്യക്തികളെ ജീവിക്കാൻ സമ്മതിക്കാതെ വേട്ടയാടുന്ന പ്രവണതയിലേയ്ക്ക് പൊതുമനസ് എത്തുന്നത് ഔചിത്യവുമല്ല.
ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പുകൾ, നിഗൂഢ താൽപ്പര്യങ്ങൾ പ്രണയ മിശ്ര വിവാഹത്തിന്റെ പുറകിൽ ഉണ്ടെങ്കിൽ അവ പ്രതിരോധിക്കേണ്ടത് അതതു വ്യക്തികളും കുടുംബങ്ങളും ആണ്. സമൂഹത്തിന് ഒരു പരിധിയിൽ കൂടുതൽ അതിൽ ഇടപെടാൻ ആകുമോ എന്നത് പോലും സംശയം ആണ്. തട്ടിപ്പുകളിൽ വീഴാതിരിക്കാൻ, അവരെ പ്രാപ്തരാക്കുന്നതിന് പകരം വിദ്വേഷം പടർത്തുന്ന പ്രസ്താവനകൾ അവർക്ക് വേണ്ടിയെന്ന തരത്തിൽ പുറമേ നിന്ന് ഒരാൾ പുറപ്പെടുവിക്കുകയാണെങ്കിൽ നിയമനടപടികളും അനിവാര്യമാണ്. ഒരു മതത്തിൽ ജനിച്ചവർ ആ മതത്തിൽ ഉള്ളവരുമായി മാത്രം സന്പർക്കം പുലർത്തുക എന്ന തരത്തിൽ അപകടകരമായ രീതിയിൽ ജീവിതങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർ ആരായാലും അവർ തീവ്രവാദികളാണ്. അവർക്ക് നമ്മുടെ നാട്ടിൽ യാതൊരു സ്ഥാനവുമുണ്ടാകാൻ പാടില്ല എന്ന് മാത്രമല്ല ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം അത്തരം ആളുകൾക്കെതിരെ ശിക്ഷാനടപടികളുമുണ്ടാകണം. കാരണം മതവിധേയ ജീവിതവും, മതരഹിത ജീവിതവും, മതേതര ജീവിതവും ഇഷ്ടം പോലെ നയിക്കാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യം ഉള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ പരസ്പരം അസഹിഷ്ണുത ഉണ്ടാക്കിയാൽ തകരാറ് സംഭവിക്കുന്നത് പൊതുവായ സാമൂഹിക ജീവിതത്തിനാണ്. അതു കൊണ്ട് തന്നെ വിദ്വേഷം പടർത്തുന്ന പ്രസ്താവനകളേയും വെറുപ്പ് പടർത്തുന്ന നാക്കുകളേയും ചങ്ങലക്കിടാൻ നമ്മുടെ സമൂഹം തയ്യാറാവണം. മതമുണ്ടായാലും ഇല്ലെങ്കിലും ശരി ജീവിതം ആകർഷകവും, പരസ്പരം ഒന്നിച്ച് കൊണ്ടുപോകാനുള്ള മനോഹരമായ ഒരു യാത്രയാക്കി മാറ്റാനുള്ള ചുമതല കൂടി എല്ലാ ‘മനുഷ്യരും’ ഏറ്റെടുക്കണമെന്ന് ഓർമ്മിപ്പിക്കട്ടെ!!