ആവിഷ്കാര സ്വാതന്ത്ര്യം ചർച്ച ചെയ്യപ്പെടുന്പോൾ...
പ്രദീപ് പുറവങ്കര
www.pradeeppuravankara.com
കേന്ദ്രസർക്കാർ നയങ്ങളെ വിമർശിച്ചതിന്റെ പേരിൽ ഒരു സിനിമ കൂടി നമ്മുടെ നാട്ടിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. തമിഴ് പ്രേക്ഷകരുടെ ഇളയ ദളപതി വിജയിയുടെ പുതിയ ചിത്രമായ മെർസലിനെതിരെയാണ് പടയൊരുക്കമുണ്ടായിരിക്കുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയകളിലൂടെ കടുത്ത മറുപടികളാണ് വിജയ് ആരാധകർ നൽകിവരുന്നത്. ഭരണ കക്ഷിയെ പ്രകോപ്പിച്ച അതേ ഡയലോഗുകൾ വിവിധ ഭാഷകളിലാക്കി തർജ്ജമ ചെയ്തു കൊണ്ട് സോഷ്യൽ മീഡിയകളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചാണ് വിജയ് ഫാൻസ് തിരിച്ചടിക്കുന്നത്.
‘7 ശതമാനം ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കിൽ 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയിൽ എന്തുകൊണ്ട് ആയിക്കൂടാ’ എന്ന ഡയലോഗ് ഇതിനകം തന്നെ സോഷ്യൽ മീഡിയകളിൽ വലിയ ഹിറ്റുമായി കഴിഞ്ഞു. ‘കോടികൾ മുടക്കി പണിയുന്ന ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം’ എന്ന ഡയലോഗും, 120 കോടി ജനങ്ങളിൽ വെറും 120 പേർ സന്പന്നരാകുന്നതിനെയല്ല വികസനം എന്ന് വിളിക്കേണ്ടത് എന്ന ഡയലോഗും വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ തുടക്കത്തിൽ വടിവേലു തന്റെ കാലിയായ പേഴ്‌സ് തുറന്നുകാട്ടി ഡിജിറ്റൽ ഇന്ത്യയ്ക്ക് നന്ദി പറയുന്ന രംഗത്തിന് തീയറ്ററിൽ നീണ്ട കൈയ്യടിയും ലഭിക്കുന്നുണ്ടത്രെ.
ഒരു സാധാരണ വിജയ് സിനിമയിലെ കയ്യടിക്ക് വേണ്ടി മാത്രം എഴുതി തയ്യാറാക്കിയ സംഭാഷണങ്ങൾ മാത്രമായിരിക്കില്ല ഇത്. പ്രതികരിക്കാൻ മറന്നുപോകുന്ന ഒരു സമൂഹത്തിന് മുന്നിൽ ഒരു സൂപ്പർ ഹീറോയെ മുൻനിർത്തി അധികാരികൾക്കുള്ള നല്ല അടിയായിട്ട് തന്നെയാണ് ഇതിനെ കാണേണ്ടത്. പക്ഷെ ഇതിനെതിരെ രംഗത്ത് വന്നവർ ഈ ഡയലോഗുകൾക്കുള്ള കാരണം കണ്ടെത്തിയത് വളരെ വർഗ്ഗീയപരമായ ഒരു ചിന്തയുമായാണ്. വിജയ് വെറും വിജയ് അല്ലെന്നും അദ്ദേഹം ജോസഫ് വിജയ് ആണെന്നും അതുകൊണ്ടാണ് ചിത്രത്തിൽ അന്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞതെന്നും വിജയ് നികുതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും നികുതി അടച്ചതിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നുമൊക്കെ പ്രചരിപ്പിക്കുന്പോഴാണ് സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള ഈ രാഷ്ട്രീയം ആരെയും ആശങ്കപ്പെടുത്തുന്നത്.
ഭാരതം സ്വാതന്ത്ര്യത്തിന്റെ ശ്വാസം എടുത്തിട്ട് ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ പലരും പലവട്ടം ഈ ശ്വാസത്തെ പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവരൊക്കെ നേരിട്ടത്് കനത്ത പരാജയങ്ങളായിരുന്നു. അടിയന്താരാവസ്ഥ കാലമൊക്കെ ഓർമ്മയുള്ളവർ ഇപ്പോഴും നമ്മുടെ ഇടയിൽ ജീവിക്കുന്നു. ഇത്തരം പരീക്ഷണങ്ങളെയൊക്കെ നന്നായി തന്നെ നേരിട്ട ചരിത്രമാണ് ഇന്ത്യൻ ജനതയ്ക്കുള്ളത്. വാഗ്ധാനം നൽകിയ നല്ല ഭരണം നടത്താതെ അബദ്ധങ്ങൾ മാത്രം കാട്ടിക്കൂട്ടുന്പോൾ അവയെ മറച്ച് പിടിക്കാൻ ജനങ്ങളുടെ മനസ്സിൽ വിദ്വേഷത്തിന്റെ തീ കൂട്ടുന്നത് തീക്കളി തന്നെയാണെന്ന കാര്യം അധികാരികൾ മറക്കരുത്. കാരണം ഇപ്പോഴും ഇന്ത്യ ഒരു ഏകാധിപതിയുടെ കീഴിൽ അല്ല. ജനാധിപത്യ സംവിധാനമാണ് നമ്മെ മുന്പോട്ട് നയിക്കുന്നതെന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ. ഇവിടെ തിരഞ്ഞെടുപ്പുകൾ വരും, പോകും തീർച്ച!!!