ആശയവിനിമയങ്ങളിലെ മര്യാദകൾ...


പ്രദീപ് പുറവങ്കര

മാസങ്ങളുടെയോ, വർഷങ്ങളുടെയോ ഇടവേളകളിൽ നാട്ടിൽ പോകുന്നവരാണ് പ്രവാസികളായ നമ്മൾ. നാടിന്റെ രുചിയും, മണവും, സ്നേഹവും ഒക്കെ അനുഭവിക്കാറുള്ള ഈ അവധികാലങ്ങളിൽ നമ്മൾ പൊതുവേ മിക്കയിടത്തും നേരിടാറുള്ള ഒരു ചോദ്യമാണ് “എന്നെ ഓർമ്മയുണ്ടോ” എന്നത്. മുന്പ് എപ്പോഴെങ്കിലും കണ്ട പരിചയമുണ്ടെങ്കിലും  ആളുടെ പേര് ഓർമ്മ കാണണമെന്നില്ല. ചോദ്യകർത്താവിന് വിഷമമുണ്ടാക്കേണ്ടെന്ന് കരുതി പിന്നെന്താ അറിയാമല്ലോ എന്ന് വെറുതെ ഒരു ഒഴുക്കൻ മറുപടി നൽകിയാൽ ഉടൻ വരും ഷോക്കടിപ്പിക്കുന്ന തരത്തിൽ അടുത്ത ചോദ്യം, “എന്നാൽ പിന്നെ എന്റെ പേര് പറ”... പിന്നെയൊരു ഉരുളലാണ്. എന്ത് പറയണമെന്നറിയാതെ നമ്മൾ ഞെരിപിരി കൊള്ളുന്നത് കണ്ട് സുഹൃത്ത് സന്തോഷിക്കുന്നതും കാണാം. ഇങ്ങിനെയുള്ള സന്ദർഭങ്ങൾ നിരന്തരം ഉണ്ടാകുന്ന മറ്റൊരു സംഭവമാണ് നമ്മുടെ ഫോൺ കാളുകൾ. നാളുകൾക്ക് ശേഷം വരുന്ന കോളുകളിൽ ശബ്ദം കേട്ട് തിരിച്ചറിഞ്ഞില്ലെങ്കിൽ പരാതിയും പരിഭവവുമൊക്കെ നിറഞ്ഞു തുടങ്ങും. “ആ നീ ഇപ്പോ വലിയ ആളായി, നമ്മളൊയൊന്നും ഓർമ്മ പോലുമില്ലല്ലോ”  എന്ന ലൈൻ. 

ഫോൺ സംഭാഷണങ്ങളിൽ പാലിക്കേണ്ട ചില എതിക്സുകൾ പലപ്പോഴും മറന്ന് പോകുന്നവരാണ് നമ്മൾ മിക്കവരും. ഒരാളെ ഫോൺ ചെയ്യുന്പോൾ അങ്ങേതലയ്ക്കുള്ളയാൾ എന്നും നമ്മുടെ കാളുകൾ മാത്രം പ്രതീക്ഷിച്ചു നിൽക്കുന്ന തരത്തിലാണ് പലരും സംഭാഷണം ആരംഭിക്കാറുള്ളത്. ഒരു പരിചയപ്പെടുത്തലുമില്ലാതെ തുടങ്ങുന്ന സംഭാഷണങ്ങൾ മണിക്കൂറുകൾ നീളുന്പോൾ എത്ര മാത്രം അരോചകമാണ് അത് എന്ന് ഇത് അനുഭവിച്ച എല്ലാവർക്കും മനസിലാകും. നേരത്തേ സൂചിപ്പിച്ചത് പോലെ ഒരിടവേളയ്ക്ക് ശേഷം വിളിക്കുന്നവരാണെങ്കിൽ ആദ്യ ചോദ്യം തന്നെ എന്നെ മനസിലായോ എന്നാകും. മറുപടി പറയാൻ സാധിച്ചില്ലെങ്കിൽ ഒരു കോംന്പറ്റീഷൻ ഐറ്റമായി അത് മാറും. ഒന്നുകിൽ വിളിക്കുന്നയാളുടെ പേരും മേൽവിലാസവും പറയണം, അല്ലെങ്കിൽ കാല് പിടിച്ച് പേരറിയണം. അതുമല്ലെങ്കിൽ ഉടക്കി പിരിയണം.അതു പോലെ ചിലരെങ്കിലും അസമയത്ത് വിളിക്കുവാൻ മാത്രം ശീലിച്ചവരാണ്. പാതിരാത്രി നല്ല ഉറക്കത്തിലാണ്ടു പോകുന്പോഴാണ് ആ ചോദ്യം വരിക.  “ഉറങ്ങിയില്ലല്ലോ അല്ലെ..” എന്ത് മറുപടി പറണമെന്നറിയാതെ അവരുടെ വർത്തമാനത്തിൽ നമ്മളും പങ്കാളികളായി മാറാൻ നിർബന്ധിതരാകും.  ചിലർ ആൾകൂട്ടത്തിനിടയിൽ നിന്ന് മാത്രം ഫോൺ വിളിച്ച് ശീലിച്ചവരാണ്. വലിയ ശബ്ദത്തിൽ സംഭാഷണത്തിന്റെ എല്ലാ വശങ്ങളും ചുറ്റുമുള്ളവർക്ക് എത്തിച്ചു കൊടുക്കുന്ന റേഡിയോ നിലയമായി ഇവർ വളരെ പെട്ടന്ന് മാറും. ഇങ്ങിനെ രസകരമായ ചില കാര്യങ്ങളാണ് ഇന്നത്തെ കാലത്ത് ഫോൺ വിളികളിൽ ഉള്ളത്. ഇപ്പോൾ ആളുകൾ പരസ്പരം വിളിക്കുന്നതിനേക്കാൾ ടെക്സ്റ്റ് മെസേജുകളാണ് അയക്കുന്നത്. അതിലുമുണ്ട് പല വിധ മര്യാദ ലംഘനങ്ങൾ. വാട്സാപ്പ് ഗ്രൂപ്പുകളിലെ ചർച്ചകളുടെ ഒടുവിൽ ഒരു പരിചയവുമില്ലാത്ത ആളെ പോലും പരസ്പരം തെറി വിളിക്കുന്ന അവസ്ഥയും ധാരാളം. പറഞ്ഞുവരുന്നത് ആശയവിനിമയം എന്ന വിഷയത്തെ പറ്റിയാണ്. എന്താണ് പറയുന്നതെന്നും, എപ്പോഴാണ് പറയേണ്ടതെന്നും, എന്തിനാണ് പറയുന്നതെന്നും അറിയാത്തവരുടെ എണ്ണം കൂടുന്ന ലോകത്ത് ഈ വിഷയത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ.. 

You might also like

Most Viewed