ചരി­ത്രത്തെ­ വളച്ചൊ­ടി­ക്കു­ന്പോൾ...


പ്രദീപ് പുറവങ്കര

ഓരോ കാലഘട്ടങ്ങളെ അതാത്് കാലത്ത് എവിടെയെങ്കിലും ആരെങ്കിലും രേഖപ്പെടുത്തി വെയ്ക്കുന്നതാണ് പിന്നീട് ചരിത്രരേഖകളായി മാറുന്നത്. ആ രേഖകളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെങ്കിലും പൊതുവേ ഭൂരിഭാഗം പേരും അവയെ അംഗീകരിക്കുന്ന സാഹചര്യം കാലന്തരേണ ഉണ്ടാകുന്നു. ഓരോ രാജ്യത്തെയും ചരിത്ര സ്മാരകങ്ങളുടെയും അവസ്ഥ ഇതു പോലെ തന്നെയാണ്. ആ സ്മാരകങ്ങൾ ഉണ്ടാക്കിയിരുന്ന കാലഘട്ടവും ഇന്ന് അതിനെ പറ്റി ചർച്ച ചെയ്യേണ്ടി വരുന്ന കാലഘട്ടവും വളരെ വ്യത്യസ്ത നിറഞ്ഞതാണ്. ഒരു ചരിത്ര സ്മാരകത്തെ എന്തെങ്കിലും രീതിയിൽ ഇഷ്ടപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ അതൊക്കെ ഇല്ലായ്മ ചെയ്യുക എന്ന് പറയുന്നത് തന്നെ സംസ്കാര ശൂന്യമായ പ്രവർത്തിയാണ്. സമീപകാലത്തായി നമ്മുടെ നാട്ടിൽ ചരിത്രങ്ങളെ വളച്ചൊടിക്കുവാനും, ദുർവ്യാഖ്യാനം ചെയ്യുവാനും ഒക്കെയുള്ള ശ്രമം ഏറിവരുന്നതായി കാണാം. ഇങ്ങിനെ വ്യാജമായ തരത്തിൽ ചരിത്രത്തെ അപനിർമ്മിക്കുവാനുള്ള ആസൂത്രിത പദ്ധതികൾ കേവല അധികാരത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയെടുക്കുന്പോൾ അതിന് പിന്നിൽ പ്രവർത്തിക്കുന്ന സാംസ്കാരിക ശൂന്യർക്ക് വിവേകവും നഷ്ടമാകുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ സാംസ്കാരികവും, സാമൂഹികവും, സാമുദായികവുമായ വേർതിരിവുകളെ തമസ്കരിച്ചുകൊണ്ട്, അവയെ കണ്ടില്ലെന്ന് നടിച്ചു കൊണ്ട് നടത്തുന്ന ഇത്തരം പ്രചരണങ്ങൾ അതുകൊണ്ട് തന്നെ തീർത്തും അർത്ഥശൂന്യവുമായി തീരുന്നു. 

ഇന്ത്യയുടെ പ്രതീകമായി ലോക ഭൂപടത്തിൽ സ്ഥാനം നേടിയിട്ടുള്ള ഒരു സ്മാരകമാണ് താജ് മഹൽ. അതിനെ ഇന്ത്യയുടെ കളങ്കമെന്ന് വിശേഷിപ്പിക്കാനും, ഇത്തരം കളങ്കങ്ങളെ തകർത്ത് തരിപ്പണമാക്കണമെന്നും പറയാൻ നമ്മുടെ നാട്ടിൽ ഒരു ജനപ്രതിനിധിക്ക് സാധിച്ചിരിക്കുന്നു. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമെന്ന് പറയുന്പോൾ തന്നെ ഇന്ത്യയെ സംബന്ധിച്ച് താജ്മഹൽ എന്നത് വെറുമൊരു മന്ദിരം മാത്രമല്ലെന്നും, കാലത്തിന്റെ കവിൾതടത്തിലെ ഏകാന്തമായ കണ്ണുനീർ തുള്ളി എന്ന് വിശ്വകവി രവീന്ദ്രനാഥ് ടാഗോർ വിശേഷിപ്പിച്ച ആ വെണ്ണക്കൽ ശിൽപ്പം നിത്യ പ്രണയത്തിന്റെ വലിയ സന്ദേശം വിളംബരം ചെയ്യുന്നിടം കൂടിയാണെന്നും അദ്ദേഹത്തിന് അറിയാത്ത കാര്യം അല്ല. നൂറ്റാണ്ടുകൾക്ക് മുന്പ് അന്ന് ഈ നാട് ഭരിച്ചിരുന്ന മുഗൾ സാമ്രാജ്യ ഭരണാധികാരികളൊയൊക്കെ ഒരു പ്രത്യേക മതത്തിന്റെ ചട്ടകൂടിലേയ്ക്ക് തള്ളി കയറ്റി അതിലൂടെ രാഷ്ട്രീയമായ മുതലെടുപ്പ് നടത്തുക എന്നത് മാത്രമാണ്  ഇത്തരം വിഷയങ്ങൾ സജീവമാക്കുന്നത് കൊണ്ടുള്ള പ്രധാന നേട്ടവും, ഗൂഢമായ ലക്ഷ്യവും.  വംശീയവാദം ഉയർത്തിപിടിക്കുവാനും, തികച്ചും അശാസ്ത്രീയമായി ചരിത്രത്തെ വ്യാഖ്യാനിച്ചും നടത്തുന്ന ഇത്തരം അബദ്ധപ്രസ്താവനകൾ ഒരു സമൂഹത്തെ പിന്നോട്ട് വലിക്കുന്ന കാര്യം മാത്രമാണെന്ന് തന്നെ വിലയിരുത്തേണ്ടതുണ്ട്. ഇത്തരം കൈവിട്ട പ്രസ്താവനകൾ നമ്മുടെ മുന്പിലോട്ട് കടന്നു വരുന്പോൾ ടാഗോറിന്റെ വിശ്വവിഖ്യാതമായ ആ വരികൾ തന്നെയാണ് ഓർമ്മവരുന്നത്.. അതിങ്ങിനയാണ്... 

“എവിടെ മനസ്സ് നിർഭയവും ശിരസ്സ് സമുന്നതവുമായിരിക്കുന്നുവോ എവിടെ വിജ്ഞാനം സ്വതന്ത്രമായിരിക്കുന്നുവോ, എവിടെ ലോകം ഇടുങ്ങിയ ഗൃഹഭിത്തികളാൽ ഛിന്നഭിന്നമാക്കപ്പെടാതിരിക്കുന്നുവോ,  എവിടെ വാക്കുകൾ സത്യത്തിന്റെ അഗാധതയിൽ നിന്നുയിർക്കുന്നുവോ, എവിടെ യുക്തിയുടെ തെളിനീരരുവി ജഡമായ ആചാരങ്ങളുടെ വരണ്ട മണൽപ്പരപ്പിൽ വഴിതെറ്റാതിരിക്കുന്നുവോ, അവിടെ, ആ സ്വാതന്ത്ര്യസ്വർഗത്തിലേയ്ക്ക് എന്റെ രാജ്യം ഉണരേണമേ....” !!

You might also like

Most Viewed