മാ­ന്ദ്യകാ­ലത്തെ­ പലി­ശപെ­രു­മഴ...


പ്രദീപ് പുറവങ്കര

മാന്ദ്യകാലത്ത് ഏത് സ്ഥലത്തും സജീവമാകുന്ന ഒരു വിഭാഗമാണ് കൊള്ളപലിശക്കാർ. ജീവിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്പോഴാണ് വല്ല വിധേനയെും പണം ശേഖരിക്കുവാൻ സാധാരണക്കാരൻ ശീലിച്ചുപോകുന്നത്. പകരമായി എന്ത് വേണമെങ്കിലും പണയം വെക്കുകയോ, എവിടെ വേണമെങ്കിലും ഒപ്പിട്ടുനൽകുകയോ ഒക്കെ ചെയ്യും. തീർത്തും മനുഷ്യസഹജമായ കാര്യമാണിത്. പ്രവാസലോകത്ത് ഈ അനുഭവത്തിലൂടെ കടന്നുപോകുന്നവരുടെ എണ്ണം ഇപ്പോൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. 

പ്രത്യേകിച്ച് ബഹ്‌റൈൻ പോലെയുള്ള രാജ്യങ്ങളിൽ കൊള്ള പലിശ സംഘങ്ങൾ വ്യാപകമായി പിടിമുറുക്കിയിട്ടുണ്ടെന്ന്  സാമൂഹ്യ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ഇതിലൂടെ ഏറ്റവുമധികം കണ്ണീര് കുടിക്കുന്നത് ചെറുകിട ബിസിനസുകാരും, കുടുംബവുമായി ഇവിടെ കഴിയുന്ന മധ്യവർഗക്കാരുമാണ്. മുന്പ് ബഹ്റൈനിൽ പലിശരഹിത മുന്നണി എന്ന പേരിൽ ഒരു കൂട്ടായ്മ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് നിർജീവമായ അവസ്ഥയിലാണ്.  ഈ കൂട്ടായ്മയുടെ ഇടപെടൽ കാരണം കുറച്ച് പേർക്കെങ്കിലും അന്ന് ആശ്വാസം ലഭിച്ചിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രാലയം  ഓപ്പറേഷൻ കുബേര എന്ന പേരിൽ നാട്ടിലും സമാനമായ പ്രവർത്തി ആ കാലത്തു സംഘടിപ്പിച്ചത്  ഇവർക്ക് സഹായകമായി. നിരന്തരമായ ബോധവത്കരണം കാരണം പലിശക്ക് പണം കൊടുത്തിരുന്ന പലരും ഇതിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിക്കുന്ന സംഭവങ്ങളും അന്നുണ്ടായി. എന്നാൽ ആ സ്ഥിതിക്ക് ഇന്ന് വലിയ മാറ്റങ്ങൾ വന്നിരിക്കുകയാണ്.

ഇന്ത്യയിൽ നോട്ടുനിരോധനം  പ്രഖ്യാപിച്ചത് പുതുതായി പലരെയും ഈ മേഖലയിലേക്ക് കടന്നു വരാൻ പ്രേരിപ്പിച്ചിട്ടുണ്ട്. കണക്കിൽ പെടാത്ത കൈയിലുണ്ടായിരുന്ന ഇന്ത്യൻ രൂപ പലവിധേനെയും ദിനാറാക്കി ഇവിടെ കൊണ്ടുവന്നു പലിശ കച്ചവടത്തിൽ പലരും സ്വന്തം പേരിലും, ബിനാമിയായിട്ടും പലരും നിക്ഷേപിച്ചിട്ടുണ്ട്. ബഹ്റൈനിൽ  അനധികൃതമായി ഏറ്റവുമധികം പണം എത്തുന്നത് സൗദി അറേബ്യയിൽ നിന്നാണ്. അവിടെ  പണം അയക്കാനുള്ള നിയന്ത്രണങ്ങൾ കാരണം താമസം ബഹ്‌റൈനിലും ജോലി സൗദിയിലും ആക്കിയവരും ധാരാളം. ഇതോടൊപ്പം ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്ന സിറിയ, തുർക്കി എന്നിവിടങ്ങളിൽ നിന്നും വലിയ തോതിൽ നിക്ഷേപങ്ങൾ ഇവിടെ അനധികൃത മാർഗങ്ങളിലൂടെ എത്തുന്നുണ്ട്.  ഈ പണം പലിശ കച്ചവടത്തോടൊപ്പം തന്നെ ഏറ്റവുമധികമായി നിക്ഷേപിക്കപ്പെടുന്നത് റിയൽ എേസ്റ്ററ്റ് മേഖലയിലും, ഹോട്ടൽ മേഖലയിലുമാണ്. മലയാളികൾ അടക്കമുള്ള നിരവധി പേരാണ് ഒളിഞ്ഞും തെളിഞ്ഞും ഇപ്പോൾ ഈ മേഖലയിൽ   വൻ തുക നിക്ഷേപിച്ചിരിക്കുന്നത്. പഴയതു പോലെ ടൂറിസം ആവശ്യങ്ങൾക്കായി വിദേശീയർ ഇവിടെ വരാത്ത സാഹചര്യത്തിൽ വ്യാജമായ കണക്കുകൾ ഉണ്ടാക്കി പണം വെളുപ്പിക്കുക എന്ന ഉദ്ദേശം തന്നെയാണ് ഇതിന് പിന്നിലുള്ളത്. സാമൂഹ്യ പ്രവർത്തനത്തിന്റെ മേലങ്കി അണിയുന്നവരും, സാംസ്കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യങ്ങളും ഒക്കെ ഇത്തരം പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നുണ്ട് എന്നതാണ് വാസ്തവം.

അതേസമയം ബഹ്‌റൈനിലെ സെൻട്രൽ ബാങ്ക് അധികൃതർ അനധികൃതമായി പണം കൊണ്ടുവരുന്നതും നിക്ഷേപിക്കുന്നതുമായ ആളുകളുടെ മുകളിൽ കർശനമായ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന വിവരം. അതു കൊണ്ട് തന്നെ വരും നാളുകളിൽ ഇവരുടെ കൈയിൽ വിലങ്ങ് വീഴാനും സാധ്യതകൾ ഏറെ !!!

You might also like

Most Viewed