പി­ണറാ­യി­ മല കയറു­ന്പോൾ...


പ്രദീപ് പുറവങ്കര

കഴി‍‍ഞ്ഞ ദിവസം ശബരിമല നടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാൽനടയായി സഞ്ചരിച്ച് എത്തിയതും, അവിടെ നിന്ന് പ്രസാദം വാങ്ങിയതുമൊക്കെ വലിയ വാർത്തയായിരിക്കുകയാണ്.  ഈ പ്ര
വർത്തിയെ അനുകൂലിച്ചും, പ്രതികൂലിച്ചുമൊക്കെ ഓൺലൈൻ ഇടങ്ങളിലടക്കം നിരവധി ചർച്ചകൾ നടക്കുന്നുമുണ്ട്. യുക്തിവാദവും, നിരീശ്വരവാദവും കമ്മ്യൂണിസ്റ്റുകളുടെ ആശയവുമായി ഏറെ അടുക്കുന്നതാണ്. പക്ഷെ അത് കാരണം ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്പോൾ അവിടെയുള്ള എല്ലാ വിശ്വാസങ്ങളെയും നിരാകരിക്കുന്ന സ്വഭാവം ഒരു ജനാധിപത്യരാഷ്ട്രത്തിൽ സ്വീകാര്യമാകണമെന്നില്ല എന്ന് തെളിയിക്കുന്ന നടപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ ഈ പ്രവർത്തനത്തെ കാണേണ്ടത്. പ്രത്യേകിച്ച് സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിവുകൾ പല ഭാഗത്ത് നിന്നും ഉണ്ടാക്കാനുള്ള തീവ്രമായ ശ്രമങ്ങൾ നടക്കുന്ന ഒരു കാലം കൂടിയാണിത്. അങ്ങിനെ നോക്കുന്പോൾ  വളരെ വിശാലമായ കാഴ്ച്ചപ്പാടോടെ മുഖ്യമന്ത്രി ചെയ്ത പ്രവർത്തിയായിട്ടാണ് ഈ കാര്യത്തെ വിലയിരുത്തേണ്ടത്. 

കേരളം എന്ന സംസ്ഥാനം ഹിന്ദു, മുസ്ലീം, ക്രൈസ്തവ വിശ്വാസികൾ ഏറെ കുറെ തിങ്ങി പാർക്കുന്ന സ്ഥലമാണ്. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളും ഇതേ രീതിയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ബഹുസ്വരമല്ല. അവിടെ ജാതിയാണ് രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നത്. ഈ ഒരു വലിയ വ്യത്യാസമാണ് കേരളത്തെ മറ്റിടങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നത്. മത വിശ്വാസങ്ങൾക്കതീതമായി പരസ്പരം സഹകരിച്ചും, സ്നേഹിച്ചും കഴിയാൻ ഈ ഒരു അവസ്ഥ മലയാളികളെ എത്രയോ കാലമായി പ്രേരിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഓണവും, ക്രിസ്തുമസും, പെരുന്നാളും മലയാളിയുടെ പൊതു ആഘോഷങ്ങളായി മാറുന്നത്. ഇങ്ങിനെ ഒരു വിചാരമുണ്ടാക്കാൻ കമ്മ്യൂണിസം എന്ന ആശയവും ഏറെ സഹായകരമായിട്ടുണ്ട്. മനുഷ്യന്റെ ജീവിതത്തിൽ മതവിശ്വാസങ്ങൾ കാരണം ഉണ്ടായിട്ടുള്ള പ്രശ്നങ്ങളെ തുറന്ന് കാണിക്കാനും പല ദുരാചാരങ്ങളെ ഇല്ലാതാക്കാനും കേരളത്തിന്റെ ഇടതുപക്ഷ മനസുകൾക്ക് ഒരു കാലത്ത് വലിയ അളവ് വരെ സാധിച്ചിരുന്നു എന്നും ഓർക്കേണ്ടതാണ്. എന്നാൽ ഇന്ന് ദേശീയാടിസ്ഥാനത്തിൽ വിശ്വാസത്തിന്റെ പേരിൽ വേർതിരിവുകൾ നടത്തി മുതലെടുപ്പ് നടത്തുവാൻ ശ്രമം ഊർജിതമായി നടന്നു വരുന്ന കാലമാണ്. അതിന്റെ അലയൊലികൾ നമ്മുടെ നാട്ടിലും എത്തുന്നുണ്ട്. അതിനെ നേരിടണമെങ്കിൽ മതവ്യത്യാസമില്ലാതെ തന്നെ എല്ലാ വിശ്വാസ സമൂഹത്തിനെയും കൂടി കണക്കിലെടുക്കുവാൻ ഭരണാധികാരികൾ ശ്രമിക്കുന്നത് ഏറെ നല്ലത് തന്നെയാണ്. അങ്ങിനെയുള്ള ഓരോ ശ്രമവും വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവരെ തീർച്ചയായും ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയായി മാറുമെന്നതും ഉറപ്പാണ്. !!

You might also like

Most Viewed