സാ­ങ്കേ­തി­ക വി­ദ്യയിൽ നി­ന്ന് കൃ­ത്രി­മ ബു­ദ്ധി­യി­ലേ­യ്ക്ക്..


പ്രദീപ് പുറവങ്കര

ഇന്ന് രാവിലെയാണ് ഞങ്ങളുടെ ചീഫ് റിപ്പോർട്ടറായ രാജീവ് വെള്ളിക്കോത്ത് മൊബൈൽ ഫോണിലെ പ്ലെസ്റ്റോറിൽ വന്ന ഒരു ആപ്ലിക്കേഷനെ പറ്റി സൂചിപ്പിച്ചത്. അത് ഗൂഗിളിന്റെ ട്രാൻസ്ലേറ്റ് എന്ന ആപ്പാണ്. ഇതുപയോഗിച്ച് നമുക്ക് മിക്ക ഭാഷകളെയും വിവർത്തനം ചെയ്യാൻ സാധിക്കും. അത് കേവലം വാക്കുകൾ മാത്രമായിട്ടല്ല മറിച്ച് ശബ്ദമായിട്ടും വിവർത്തനം ചെയ്ത് തരും. ഈ സംവിധാനം മാധ്യമപ്രവർത്തന മേഖലയിൽ മാത്രമല്ല പല തൊഴിലിടങ്ങളിലെയും ജോലി എളുപ്പവും ലളിതവുമാക്കുന്നതാണ്. സത്യത്തിൽ ഇത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായി ബന്ധപ്പെട്ട കാര്യമാണ്. ദൃശ്യസംസാര സംവേദനങ്ങൾ, വിവർത്തനം തുടങ്ങി മനുഷ്യ ബുദ്ധിയും പ്രതികരണവും ആവശ്യമുള്ള പ്രവർത്തികൾ കന്പ്യൂട്ടർ സിസ്റ്റത്തെക്കൊണ്ട് ചെയ്യിപ്പിക്കാൻ വേണ്ട ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ദിവസം ചെല്ലുന്തോറും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രയോഗം നമ്മുടെ നിത്യജീവിതത്തിൽ കൂടിവരുകയാണ്. എന്നാൽ മിക്കപ്പോഴും നമ്മൾ ശ്രദ്ധിക്കാത്ത കുറുക്കുവഴികളിലൂടെയാണ് അവ നമ്മളിലേയ്ക്ക് കടന്നുവരുന്നത്. 2035−ഓടെ ‘കൃത്രിമ ബുദ്ധി‘ വഴി 40% വരെ ഉത്പാദനം സാധ്യമാകുമെന്ന് ഈയിടെ ഒരു സാന്പത്തിക പഠന ഏജൻസി നടത്തിയ വിശകലനം കാണിക്കുന്നു. ഇതിന്റെ വ്യാവസായിക സാധ്യത പുതിയ തലമുറ തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ അത് പുതിയ സാദ്ധ്യതകൾ നമുക്കുമുന്പിൽ തുറന്നിടുമെന്നതും ഉറപ്പാണ്.

അതേസമയം ഐടി രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പ്രൊഫഷണലുകൾക്ക് പോലും ഈ മാറ്റങ്ങൾ അവരുടെ തൊഴിൽ സാധ്യതകൾ നഷ്ടപ്പെടുത്തുന്നവയാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച് ഇന്ത്യൻ ഐടി പ്രഫഷണലുകൾക്കാണ് അടുത്ത ആറ് മാസം ബുദ്ധിമുട്ടായിരിക്കുമെന്ന് ഇതിനിടെ നടന്ന സർവെയിലൂടെ പറയുന്നത്. 2018 മാർച്ച് വരെയെങ്കിലും ഈ സ്ഥിതി തുടരുമെന്നാണ് ഇവരുടെ അഭിപ്രായം. തുടർന്ന് ഒരു വർഷം വരെ ഈ പ്രതിസന്ധി തുടരാം. മുതിർന്ന ഉദ്യോഗസ്ഥരെ വലിയ ശന്പളം കൊടുത്ത് നിലനിർത്തുന്നതിന് പകരം ജൂനിയറായിട്ടുള്ള പ്രഫഷണലുകളെ എടുക്കാനാണ് വലിയ കന്പനികൾ പോലും മാറുന്ന സാഹചര്യങ്ങളിൽ താത്പര്യപ്പെടുന്നത്. 

സാങ്കേതിക വിദ്യയിൽ പെട്ടന്നുണ്ടാക്കുന്ന ഓരോ മാറ്റങ്ങളും ഇന്ന് വിവിധ തൊഴിൽ മേഖലകളെ വല്ലാതെ ബാധിക്കുന്നുണ്ട് എന്നത് യാത്ഥാർത്ഥ്യമാണ്.  SAAS (Software as a Service), ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ERP (Enterprise Resource Planning)തുടങ്ങിയവ നിരവധി പേരുടെ ജോലിസാധ്യതകളും ഇല്ലാതാക്കുന്നു. ചിലവ് നിയന്ത്രിക്കുക എന്ന മന്ത്രമാണ് ഇന്ന് ലോകമൊട്ടാകെയുള്ള വൻകിട കോർപ്പറേറ്റുകൾ ഉരുവിട്ടു കൊണ്ടിരിക്കുന്നത്. അവർക്ക് സഹായകമാകുന്ന തരത്തിൽ സാങ്കേതിക വിദ്യ ഇനിയുമേറെ വളരുകയും ചെയ്യും. നിരവധി പേർ ഒന്നിച്ച് ചെയ്യേണ്ട ജോലി വളരെ എളുപ്പം ഇത്തരം സാങ്കേതിക വിദ്യകളിലൂടെ സ്മാർട് ഫോൺ അടക്കമുള്ള കാര്യങ്ങളിലൂെട ചെയ്യാമെന്ന് വരുന്പോൾ ഈ വേഗതയ്ക്ക് അനുസരിച്ച് ഓടാൻ പറ്റാത്തവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകും. പുതിയ വിദ്യകളെ സ്വായത്തമാക്കുവാനും, ഒരേ സമയത്ത് മൾട്ടിടാലൻ്റടായി പ്രവർത്തിക്കാനുമുള്ള കഴിവ് വികസിപ്പിച്ചില്ലെങ്കിൽ പിടിച്ചു നിൽക്കാൻ പാടാകും. പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ ഈ സാങ്കേതിക വിദ്യകൾ അതിവേഗം പടർന്ന് പന്തലിക്കുകയാണ്. പഠിച്ചെടുത്തില്ലെങ്കിൽ പണി പാളും എന്നത് ഉറപ്പ്.. ജാഗ്രത.. !!

You might also like

Most Viewed