നക്ഷത്രങ്ങളെ എത്തിപിടിക്കുന്പോൾ...
പ്രദീപ് പുറവങ്കര
ഒരു തെരെഞ്ഞെടുപ്പ് മഹാമഹം കൂടി നാട്ടിൽ കഴിഞ്ഞിരിക്കുന്നു. വേങ്ങരയിലെ വിജയി കെഎൻഎ ഖാദറിന് അഭിനന്ദനം. അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞതൊക്കെ പാലിക്കാൻ സാധിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തെ പറ്റിയല്ല ഇന്നു തോന്ന്യാക്ഷരം. പകരം ചിതറി തെറിച്ച ചില ചിന്തകൾ മാത്രം ഇവിടെ പങ്കിടട്ടെ. നമ്മുടെയൊക്കെ പ്രത്യേകിച്ച് പ്രവാസികളടക്കമുള്ളവരുടെ ഇന്നത്തെ കാലത്തെ ചില പെരുമാറ്റങ്ങളും അവസ്ഥയും മാത്രമാണിത്.
ഇതിൽ ആദ്യം തോന്നുന്നത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ളതാണ്. ഏറ്റവുമധികം പണവും സമയവും ഇന്നത്തെ കാലത്ത് ഒരാൾ ചിലവാക്കുന്നത് ഇതിനു വേണ്ടിയാണ്. ഒന്നുകിൽ മക്കളെ പഠിപ്പിക്കാൻ, അല്ലെങ്കിൽ സ്വയം പഠിക്കാൻ. എന്നാൽ ഇത്രയും കഷ്ടപ്പെട്ട് നേടുന്ന വിദ്യാഭ്യാസം തിരികെ നൽകേണ്ട സാമാന്യ ബോധവും യുക്തിയും ഇന്ന് മിക്കവരിലും കാണ്മാനില്ല. പ്രായോഗിക തലത്തിൽ ഈ അറിവുകളെ ഉപയോഗിക്കുന്നവരും ഏറെ കുറവ്.
അതുപോലെ നമ്മുടെ ഇടയിൽ ഇന്നത്തെ കാലത്ത് പണം ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് ഗൃഹനിർമ്മാണത്തിനായിട്ടാണ്. അതിനു വേണ്ടിയാണ് മിക്കവരും രാവും പകലും അദ്ധ്വാനിക്കുന്നത് പോലും. ഒടുവിൽ പ്രായമായി ഈ വീട്ടിൽ കയറി താമസിക്കാൻ സാഹചര്യം വരുന്പോഴേയ്ക്കും ആരോഗ്യവും നശിച്ചിട്ടുണ്ടാകും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് അപ്പോൾ ഒരു ഭാരമായി മാറും. ഇത് എത്രയോ പ്രവാസികളുടെ അനുഭവമാണ്. മദ്യത്തിന്റെ ഉപഭോഗം ദിനം പ്രതി നമ്മുടെ സമൂഹത്തിൽ കൂടി വരുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നവരുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വരുന്നുമുണ്ട്. ഇതുകാരണം ലിവറിനൊപ്പം കിഡ്‌നിയ്ക്കും തകരാറുകൾ വരുന്നു. ജീവൻ നിലനിർത്താനും അസുഖങ്ങൾ വരാതിരിക്കാനുമായി നിരവധി ഗുളികകളും ചികിത്സകളും ഇതിനകം തന്നെ നിരവധി ലഭ്യമാണെങ്കിലും, ഓരോ ദിവസവും പുതിയ ഗുളികകളും, ആശുപത്രികളും ഇവിടെ ഉണ്ടാകുന്നു. അതോടൊപ്പം പുതിയ രോഗങ്ങളും കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു.
സൗരയൂഥത്തിന് അപ്പുറത്ത് എന്താണെന്ന് കണ്ട് പിടിക്കാനുള്ള ജിജ്ഞാസയാണ് ശാസ്ത്രം നമുക്ക് നൽകുന്നത്. ആ നേട്ടത്തിന് വേണ്ടിയാണ് ഓരോ രാജ്യങ്ങളും ഏറ്റവുമധികം പണം ചിലവഴിക്കുന്നത്. ആകാശത്തിലെ നക്ഷത്രങ്ങളെ തൊടാൻ ഇങ്ങിനെ ശ്രമിക്കുന്പോഴും, തൊട്ടപ്പുറത്തെ അയൽവാസിയാരാണെന്ന് നമ്മൾ അറിയുന്നതേയില്ല. പരസ്പരം മതിലുകൾ കെട്ടി നമ്മൾ ഗ്ലോബൽ വേൾഡ് അംഗമാകുന്നു. ഇന്ന് ഐക്യുവും, ഇക്യുവും ആണ് ഒരാൾ മഹാനാകുന്നതിന്റെ മാനദണ്ധങ്ങൾ. അമിതമായ ബുദ്ധിയും, നിർവ്വികാരിതയുമാണ് മനുഷ്യനിൽ നിന്ന് കോർപ്പറേറ്റ് ലോകം ആവശ്യപ്പെടുന്നത്. വിലകൂടിയ വാച്ചുകൾ വാങ്ങിക്കാനാണ് മിക്കവരുടെയും പരക്കം പാച്ചിൽ. എന്നാൽ ആ വാച്ചിലേയ്ക്ക് നോക്കി കടന്നുപോകുന്ന സമയത്തെ തിരിച്ചറിയാൻ പോലും പലർക്കും സാധിക്കുന്നില്ല. ഇതൊക്കെ പറഞ്ഞുവരുന്നത്, ലഭിക്കുന്ന അറിവുകൾ എല്ലാം വേണ്ടതാണോ എന്ന സംശയം കാരണമാണ്. അറിവിന്റെ വിസ്ഫോടനം പലപ്പോഴും മനസിനെ മുറിപ്പെടുത്തുകയല്ലെ എന്നും തോന്നിപോകുന്നു. ചെറിയ കുഞ്ഞിന് പോലും സ്മാർട്ട് ഫോണുകൾ കൈപിടിയിലൊതുങ്ങുന്ന കളിപ്പാട്ടങ്ങളാകുന്പോൾ, പ്രായമാകുന്പോൾ ആ കുഞ്ഞിന് അത്ഭുതപ്പെടാൻ, അതിശയിക്കാൻ ഇനി എന്താകും ഈ ഭൂമുഖത്ത് ബാക്കിയെന്ന് മാത്രം ഓർത്തുപോകുന്നു!!!