ഭക്ഷ്യദി­നമെ­ത്തു­ന്പോൾ...


പ്രദീപ് പുറവങ്കര

www.pradeeppuravankara.com

നാളെ ലോക ഭക്ഷ്യദിനമാണ്. 1945 ഒക്ടോബർ 16നാണ് ഐക്യരാഷ്ട്രസഭ ഭക്ഷ്യ കാർഷിക സംഘടന രൂപീകരിച്ചത്. അതിന്റെ അനുസ്മരണമായാണ് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 1979 മുതൽ എല്ലാ വർഷവും ഒക്ടോബർ 16ന് ഇങ്ങിനെയൊരു ദിനം ആചരിക്കപ്പെടുന്നത്. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണവുമാണ് ഈ ദിനത്തിന്റെ പ്രധാനപ്പെട്ട ഉദ്ദേശം. ഒരു നേരത്തെ ആഹാരത്തിനുവേണ്ടി വിശക്കുന്ന കോടിക്കണക്കിനാളുകളിലേയ്ക്ക്‌ ലോകമനഃസാക്ഷിയുടെ ശ്രദ്ധ ക്ഷണിക്കുക എന്നതാണ്‌ ഭക്ഷ്യദിനാചരണം കൊണ്ട്‌ അർത്ഥമാക്കുന്നത്‌. എത്ര തന്നെ പുരോഗമിച്ചെന്ന് പറഞ്ഞാലും ഇന്നും ലോകമെന്പാടും പിഞ്ചുകുട്ടികളും വയോവൃദ്ധരുമുൾപ്പടെ ലക്ഷകണക്കിന് പേരാണ് ഒരു നേരത്തെപോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിൽ ഏറ്റവും മുന്പിൽ നിൽക്കുന്നത് കഴിക്കാനുള്ള ആഹാരം തന്നെയാണ്. ഭക്ഷണം കഴിഞ്ഞ് വയറു നിറഞ്ഞ ശേഷം മിച്ച ഭക്ഷണം ചവറ്റുകുട്ടയിലേയ്ക്ക് ഒരു മടിയും കൂടാതെ വലിച്ചെറിയുന്നവരാണ് നമ്മളിൽ മഹാഭൂരിഭാഗം പേരും. ആവശ്യത്തിന് മാത്രം വിളന്പി കഴിക്കുന്ന രീതി പലർക്കുമറിയില്ല എന്നതും സത്യം. കഴിക്കുന്ന പാത്രത്തിൽ എന്തെങ്കിലുമെക്കെ ബാക്കിയാക്കിയില്ലെങ്കിൽ മനസമാധാനം കിട്ടാത്തവരുമുണ്ട്. 

ലോകജനതയുടെ ഏകദേശം 870 കോടി ജനങ്ങൾ പോഷകാഹാര ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിരന്തരമുണ്ടാകുന്ന പരിസ്ഥിതി നാശകരമായ വികസന പ്രക്രിയിൽ നാശോന്മുഖമാകുന്ന നമ്മുടെ കൃഷിയിടങ്ങളുടെ വ്യാപ്തിയും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭഷ്യവസ്തുക്കൾ നാം എത്ര കൂടുതൽ ഉത്പാദിപ്പിച്ചാലും അനിയന്ത്രിതമായ തോതിൽ പെരുകുന്ന ജനസംഖ്യാ നിരക്ക്  അതിനെ തുലോം പരിമിതമാക്കുകയും വിശക്കുന്ന വയറുകളുടെ എണ്ണം ശതഗുണീഭവിക്കുകയും ചെയ്യുന്നു. ഒപ്പം ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളിൽ വളരെയധികം പാഴാക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നു. ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും അവയുടെ ഉപഭോഗവും പരസ്പരം ബന്ധിതമാണ്. ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തു യഥാർത്ഥ ഉപഭോക്താവിന് ആവശ്യാനുസരണം ലഭ്യമാകുന്നില്ലെങ്കിൽ ഭഷ്യസുരക്ഷ എന്നത് ഒരിക്കലും യാത്ഥാർത്ഥ്യമാകില്ല. വിശക്കുന്നവന്  ഭക്ഷണം നൽകുക എന്നത് കേവലം ഔദാര്യമല്ല, പ്രത്യുത, ജനങ്ങളുടെ അവകാശമാണ് എന്ന തിരിച്ചറിവാണ് ഓരോ ഭരണാധികാരിക്കും ഉണ്ടാകേണ്ടത്. ഭക്ഷ്യ വിഭവങ്ങൾ ഉത്പാദിപ്പിക്കാൻ അഹോരാത്രം അദ്ധ്വാനിക്കുന്ന കാർഷിക സമൂഹത്തിനു ആവശ്യകമായ പ്രോത്സാഹനവും സംരക്ഷണവും നൽകി ലാഭക്കൊതിയന്മാരായ ഇടനിലക്കാരുടെയും, കരിഞ്ചന്തക്കാരുടെയും പൂഴ്ത്തിവയ്പ്പുകാരുടെയും ഇടയിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കുവാനുള്ള ഇച്ഛാശക്തിയും ഇവർക്കുണ്ടാകണം. ഒപ്പം ഇനിയെങ്കിലും ഭക്ഷണം വലിച്ചെറിയുന്നതിന് മുന്പ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തെ ഓർക്കുക. ഇവർക്ക് കൂടി അവകാശപ്പെട്ട ഭക്ഷണമാണ് നിങ്ങൾ വെറുതെ കളയുന്നത്. ഒരു മണി ചോറുപോലും ഇവർക്ക് വിലപ്പെട്ടതാണെന്നും തിരിച്ചറിയുക !! 

You might also like

Most Viewed