വീ­ണ്ടു­മൊ­രു­ ഹർ­ത്താൽ...


പ്രദീപ് പുറവങ്കര

ജനാധിപത്യത്തിൽ ചില സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാറുണ്ട്. ജനങ്ങളോടൊപ്പം തന്നെ അവരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും ഇതേ അവകാശങ്ങൾ ജനാധിപത്യ രാജ്യങ്ങൾ നൽകി വരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് പ്രതിഷേധിക്കാനുള്ള അവസരങ്ങൾ. ജനഹിതം പ്രകടിപ്പിക്കുക എന്ന പേരിലാണ് ഇത്തരം സമരങ്ങൾ അരങ്ങേറുന്നത്. പക്ഷെ ഇത്തരം സമരങ്ങൾ വലിയ ആഭാസമായി തീരുന്ന കാഴ്ച്ചയാണ് നമ്മൾ ചിലപ്പോഴെങ്കിലും കാണാറുള്ളത്. അത്തരമൊരു ആഭാസകരമായ സമരമുറയാണ് ഹർത്താൽ അഥവാ മുൻകാലങ്ങളിൽ ബന്ദ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജനദ്രോഹ സമരം. സ്വാതന്ത്ര്യ സമര കാലത്ത് തീവ്രമായ പ്രതിക്ഷേധത്തെ സൂചിപ്പിക്കാനുള്ള മാർഗമായി ആരംഭിച്ച ഈ സമരമുറ കാലം മാറി വന്നപ്പോൾ ഏത് ഈർക്കിൽ പാർട്ടിക്കും അവരുെട പേര് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള മാർഗമായി മാറി. ആരിവിടെ ഹർത്താലിന് ആഹ്വാനം ചെയ്താലും എന്തിനാണിതെന്ന മറുചോദ്യം പോലും ഉന്നയിക്കാൻ ശക്തിയില്ലാതെ ജനങ്ങൾക്കും പഞ്ചപുച്ഛമടക്കി വീട്ടിൽ ടെലിവിഷന്റെ മുന്പിൽ അടയിരുന്നു ശീലമായി. ഈ ശീലത്തെ പരമാവധി ദുരുപയോഗപ്പെടുത്തുന്നത് സന്പൂർണ സാക്ഷരത അവകാശപ്പെടുന്ന നമ്മുടെ സ്വന്തം കേരളത്തിലെ രാഷ്ട്രീയപാർട്ടികളാണ്. പ്രാദേശികം മുതൽ താലൂക്ക് ജില്ലാ, സംസ്ഥാന, ചിലപ്പോൾ ഭാരത ബന്ദിന് വരെ നമ്മുടെ നാട്ടിലെ ഈ പാർട്ടികൾ ആഹ്വാനം ചെയ്ത് കളയും. ഓരോ തവണയും ഹർത്താൽ വൻ വിജയമാണെന്ന് രാഷ്ട്രീയ നേതാക്കൾ ആവേശത്തോടെ അവകാശപ്പെടുന്നത് വിദ്യാർത്ഥികളും, തൊഴിലാളികളും, രോഗികളും, യാത്രക്കാരുമുൾപ്പെടയുള്ള പാവപ്പെട്ട ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടി നിന്നുകൊണ്ടാണ്. ഇത്തരം ദുരിതങ്ങളെ പറ്റി മനസിലാക്കിയത് കൊണ്ടാണ് മുന്പ് കോടതി ബന്ദ് നിരോധിച്ചത്. എന്നാൽ മുന്പ് കടയടപ്പ് സമരം മാത്രമായിരുന്ന ഹർത്താലിനെ രാഷ്ട്രീയപാർട്ടികൾ ചേർന്ന് ബന്ദ് തന്നെയാക്കി പിന്നീട് മാറ്റി. 

ഒക്ടോബർ 16ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ യുഡിഎഫ് ഒരു ഹർത്താൽ പ്രഖ്യാപ്പിച്ചിരിക്കുന്നു. ജനദ്രോഹനയങ്ങൾക്കെതിരെ നടത്തുന്ന ഈ സമരത്തിന്റെ അടുത്ത ദിവസം മുതൽ ഈ ജനദ്രോഹങ്ങളൊക്കെ നിൽക്കുമോ എന്ന് സാധാരണ പൗരനായ നമുക്കൊന്നും ചോദിക്കാൻ യാതൊരു അവകാശവുമില്ല. കേരളത്തിന്റെ വ്യാവസായിക മേഖലയ്ക്ക് ഏറ്റവും കനത്ത ആഘാതം സൃഷ്ടിക്കുന്ന ഹർത്താലുകൾ നിയന്ത്രിക്കാനും അതിനെതിരെ നിയമം കൊണ്ടുവരാനും ശ്രമിച്ച യുഡിഎഫ് തന്നെ മറ്റൊരു ഹർത്താലിന് ആഹ്വാനം നൽകുന്നതിന്റെ യുക്തിയും ചോദ്യം ചെയ്യപ്പെടുകയാണ്. കെപിസിസി പ്രസിഡണ്ട് എം. എം ഹസൻ ഹർത്താൽ സമരങ്ങൾക്കെതിരെ ഗാന്ധി തൊപ്പിയും ധരിച്ച് സമരം ചെയ്യുന്നത് കേരള ജനത നേരത്തേ കണ്ടിട്ടുള്ളതാണ്. അപ്പോൾ പിന്നെ എന്തടിസ്ഥാനത്തിലാണ് ഈ ഹർത്താലിന് ഇപ്പോൾ യുഡിഎഫ് ആഹ്വാനം ചെയ്യുന്നതെന്ന് മനസിലായിട്ടില്ല. ബഹുസ്വര സമൂഹം അധിവസിക്കുന്ന കേരളത്തിൽ ഇത്തരത്തിലുള്ള സമരങ്ങൾക്ക് പകരം ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലുള്ള മാർഗങ്ങളെ കണ്ടെത്താൻ രാഷ്ട്രീയപാർട്ടികൾ ശ്രമിക്കണം. അത് അവരുടെ ഉത്തരവാദിത്വമാണ്. അല്ലാതെ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാനോ, സുഖമില്ലാതായാൽ ആശുപത്രിയിലേയ്്ക്കെത്താനോ, ഒരു യാത്ര ചെയ്യാനോ ഒക്കെ തടസം സൃഷ്ടിക്കുന്നതിനെ ഒരു പരിഷ്കൃത സമൂഹത്തിൽ വെറും തോന്ന്യവാസം എന്നു മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കൂ. രാഷ്ട്രീയക്കാർ അതുകൊണ്ട് തന്നെ ദയവ് ചെയ്ത് ഈ വ−ൃത്തികേട് നിർത്തണമെന്ന അപേക്ഷയോടെ...

You might also like

Most Viewed