സൗദിയിൽ മാറ്റത്തിന്റെ കാറ്റ് വീശുന്പോൾ...
പ്രദീപ് പുറവങ്കര
www.pradeeppuravankara.com
പ്രവാസലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് സൗദിഅറേബ്യ. ലോകമെന്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികളെ വിശുദ്ധ ഹജ്ജും, ഉംറയും നിർവ്വഹിക്കാൻ സ്വാഗതം ചെയ്യുന്ന രാജ്യം എന്ന പ്രത്യേകതയോടൊപ്പം ഗൾഫ് രാഷ്ട്രങ്ങളുടെ ഇടയിൽ ഒരു ജേഷ്ഠ സ്ഥാനം സൗദിഅറേബ്യയ്ക്ക് നൽകിവരുന്നുണ്ട്. അതുകൊണ്ട് തന്നെ അവിടെ നടക്കുന്ന ചെറിയ ചലനങ്ങൾ പലപ്പോഴും ഗൾഫ്മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെടാറുമുണ്ട്. കഴിഞ്ഞ മാസം അവസാന വാരം അത്തരമൊരു വലിയ തീരുമാനമാണ് പുറത്ത് വന്നത്. ഇവിടെ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുവാദം നൽകാൻ തത്വത്തിൽ തീരുമാനമെടുത്തിരിക്കുന്നു. അടുത്ത വർഷം മധ്യത്തോടെ ഇത് പ്രാവർത്തികമാകും.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വലിയ വിലക്കുകൾ നിലനിന്നിരുന്ന ഒരു രാജ്യത്ത് നിന്ന് ഇത്തരമൊരു തീരുമാനം പുറത്ത് വരുന്പോൾ അതിന് വലിയ മാനങ്ങളാണ് ഉള്ളത്. ലോകമാകെയുള്ള സ്ത്രീ സമൂഹവും ഈ തീരുമാനത്തെ ഏറെ പ്രതീക്ഷകളോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. കടുത്ത മതപൗരോഹിത്യം എല്ലാ മേഖലകളെയും നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ് മുന്പ് തൊട്ട് തന്നെ ഇവിടെയുണ്ടായിരുന്നത്. എങ്കിലും ഇതിന്റെ ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്നുകൊണ്ട് തന്നെ വിശാലമായ ചിന്താഗതികൾ വെച്ചുപുലർത്തിയ ഭരണാധികാരികൾ ഓരോ കാലത്തും അൽപ്പാൽപ്പമായി ഇവിടെയുള്ള സ്ത്രീ സമൂഹത്തിന് വേണ്ടി ഓരോ കാര്യങ്ങൾ ചെയ്ത് വന്നിട്ടുണ്ട്. അതിന്റെ തുടർച്ച കൂടിയാണ് വാഹനമോടിക്കാൻ സ്ത്രീകൾക്കും അനുവാദം നൽകാമെന്ന തീരുമാനം. 1960ൽ ആണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു പ്രത്യേക പരിപാടിക്ക് സൗദി രൂപം നൽകിയത്. അതിന് ശേഷം 1970ന്റെ മധ്യത്തോടെ പകുതിയോളം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ സാധിച്ചു. 1980ലാണ് സൗദിയിൽ പെൺകുട്ടികൾക്ക് മാത്രമായി ആറ് സർവ്വകലാശാലകൾ ആരംഭിക്കുന്നത്. അന്തരിച്ച മുൻ ഭരണാധികാരി ഫഹദ് രാജകുമാരന്റെ പ്രത്യേക ശ്രമഫലമായി ഡോക്ടർ, അദ്ധ്യാപികമാർ, സാമൂഹ്യ സേവകർ, മാധ്യമപ്രവർത്തകർ തുടങ്ങി ധാരാളം സ്ത്രീകൾ രംഗത്തെത്തി. ഇതോടെയാണ് സൗദി അറേബ്യയിൽ മാറ്റത്തിന്റെ കാറ്റ് പതുക്കെ വീശിത്തുടങ്ങിയത്. 2011ൽ വോട്ടു ചെയ്യാനുള്ള അവകാശം സ്ത്രീകൾക്ക് അബ്ദുള്ള രാജാവ് നൽകുകയും, തുടർന്നുവന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സ്ത്രീകൾ വോട്ടുചെയ്യുക മാത്രമല്ല മത്സരിച്ച് അധികാരത്തിൽ വരികയും ചെയ്തു. 2013 ഏപ്രിലിൽ ഭരണകൂടത്തിന്റെ തന്നെ അനുമതിയോടെ ബുർക്കയ്ക്കുള്ളിലെ രണ്ട് കണ്ണുകൾ മാത്രം പുറത്തുകാണുന്ന ഒരു സ്ത്രീയുടെ മുഴുവർണ ചിത്രവുമായി സൗദിയിലെ ദേശീയ പത്രങ്ങൾ പുറത്തിറങ്ങിയത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചിലത് മൂടിവയ്ക്കാനാവില്ല എന്ന ഒറ്റവാചകം മാത്രം ചിത്രത്തിനോടൊപ്പം കൊടുത്തു. സ്ത്രീ പീഡനങ്ങൾ അറിയിക്കാനുള്ള ഫോൺ നന്പറുകൾ അടക്കമുള്ള ആ പരസ്യം സൗദിയുടെ സാമൂഹ്യചരിത്രത്തിലെ വലിയ വിസ്‌ഫോടനം തന്നെയായിരുന്നു.
ഇങ്ങിനെ വലിയ മാറ്റങ്ങളുടെ ഒരു പ്രക്രിയ തന്നെ സൗദി അറേബ്യയിൽ നടന്നുവരുന്നുണ്ട്. ഇതുവരെ സ്ത്രീകൾക്ക് നിഷിദ്ധമായിരുന്ന ടൂറിസം കായികമേഖലകളിലും വനിതകൾക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള പദ്ധതി അവിടുത്തെ തൊഴിൽ മന്ത്രാലയം ഇപ്പോൾ ആസൂത്രണം ചെയ്യുകയാണ്. വിഷൻ 2030 ലക്ഷ്യമിടുന്നത് പുതിയൊരു സൗദി രാഷ്ട്രമാണെന്ന് ഭരണത്തലവൻ സൽമാൻ രാജാവ് പ്രഖ്യാപിച്ചത് ഏതർത്ഥത്തിലാണെന്നതിന്റെ സൂചനകളാണ് ഇത്തരം ഓരോ തീരുമാനങ്ങളെന്ന് മാത്രം സൂചിപ്പിച്ചുകൊണ്ട്...