വീണ്ടും സോളാർ എത്തുന്പോൾ...
പ്രദീപ് പുറവങ്കര
കോൺഗ്രസ്സ് എന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി ഏറെ ബന്ധമുള്ള പേരാണ്. സ്വാതന്ത്ര്യാനന്തരം ഈ സംഘടന പിരിച്ച് വിടണമെന്ന് രാഷ്ട്രപിതാവ് ആവശ്യപ്പെട്ടിരുന്നുവെന്ന് ചരിത്രത്തിൽ നമ്മൾ വായിച്ചിട്ടുണ്ട്. പക്ഷെ അങ്ങിനെയൊന്നുണ്ടാകാതെ ആ ബ്രാൻഡ് ഒരു നൂറ്റാണ്ടിലധികമായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു. ഇപ്പോൾ ശക്തിക്ഷയം സംഭവിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ആ പ്രസ്ഥാനത്തെ എഴുതിതള്ളാൻ സാധിക്കില്ല. ദേശീയാടിസ്ഥാനത്തിൽ നോക്കുന്പോൾ രണ്ട് കക്ഷികളായി എല്ലാ രാഷ്ട്രീയ പാർട്ടികളും വിഭജിക്കപ്പെടുകയാണെങ്കിൽ ഏതെങ്കിലുമൊരു വിഭാഗം കോൺഗ്രസിന്റെ നേതൃത്വത്തിൽ തന്നെയാണ് പ്രവർത്തിക്കുക. അതേസമയം കേരളത്തിൽ വിപ്ലവ പ്രസ്ഥാനവും കോൺഗ്രസും എന്നും രണ്ട് തട്ടിലാണ്. ഇവിടെ ഓരോ അഞ്ച് വർഷം കൂടുന്പോഴും ഭരണം കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫും, സിപിഎമ്മിന്റെ നേതൃത്വത്തിൽ എൽഡിഎഫും വെച്ചുമാറുന്ന രീതിയാണ് നിലനിൽക്കുന്നത്.
കോൺഗ്രസ് സർക്കാരുകൾ മിക്കതും നിലംപരിശാകുന്നത് അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാരണമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. അഴിമതിക്കൊപ്പം സ്ത്രീ പീഢനവും ആ തെരഞ്ഞെടുപ്പിന്റെ ചർച്ചകളെ മുന്പോട്ട് നയിച്ചു. ഭരണം മാറിയിട്ടും ആരോപണങ്ങളുടെ നിഴലിൽ തന്നെയായിരുന്നു കോൺഗ്രസും അതിന്റെ സമുന്നതരായ നേതാക്കളും. അവർക്ക് വലിയ ഇടിത്തീ തന്നെയാണ് ഇന്നലെ പുറത്ത് വന്ന സോളാർ കേസിന്റെ അന്വേഷണ റിപ്പോർട്ട്. പ്രത്യേകിച്ച് സംഘടനാ തെരഞ്ഞെടുപ്പിന്റെ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെ തലമുതിർന്ന നേതാക്കളെല്ലാം കേസിൽ കുറ്റക്കാരാണെന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയമാണ് ഇതിന്റെ പിന്നില്ലെന്ന് പറയുന്നുണ്ടെങ്കിലും ആ പരാതിയിൽ തന്നെ ഒരു ആത്മവിശ്വാസകുറവ് അനുഭവപ്പെടുന്നുണ്ട്. പ്രതിപക്ഷമെന്ന നിലയിൽ ഇപ്പോൾ നിലനിൽക്കുന്ന ദുർബലാവസ്ഥയുടെ ആക്കം കൂട്ടുന്ന റിപ്പോർട്ട് തന്നെയാണിത്. തെറ്റുചെയ്തിട്ടില്ലെന്ന് ആവർത്തിച്ചാലും ജനങ്ങളെ നേരിടാൻ അത് പോര എന്ന അവസ്ഥയും നിലനിൽക്കുന്നു.
നേതൃത്വപരമായ ഒരു മാറ്റം കോൺഗ്രസിന് ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയെന്ന ബിജെപിയുടെ സ്വയംപ്രഖ്യാപനത്തിന് മുന്നിൽ തലകുനിച്ചുകൊടുക്കേണ്ട ഗതികേടായിരിക്കും അവരെ കാത്തിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയം ഉപേക്ഷിച്ച് കേന്ദ്രത്തിലേയ്ക്ക് പോയ ആന്റണിയോ, കെ.മുരളീധരനോ ഒക്കെ മുന്പോട്ട് വന്നില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുന്പോഴേയ്ക്കും ചിലപ്പോൾ ഈ സംഘടന തന്നെ മെലിഞ്ഞില്ലാതാവും. യുവതുർക്കികളായ വിഡി സതീശൻ, വിടി ബൽറാം, ഷാഫി പറന്പിൽ, ടിഎൻ പ്രതാപൻ തുടങ്ങിയവരുടെയും ഇമേജ് മറ്റുള്ളവരെക്കാൾ മെച്ചമാണ്. അഴിമതിക്കാരെന്ന ആരോപണം ഇവർക്കാർക്കും എതിരെ ഇതുവരെയും ഉയർന്നിട്ടില്ല. എൽഡിഎഫ് സർക്കാരിനെ പരാജയപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ പോലും മൂന്നാം സ്ഥാനത്തേക്ക് നിലംപതിക്കാനുള്ള സാഹചര്യം ഒരുക്കി സ്വയം അപ്രസക്തമാകുന്നതിൽ നിന്നെങ്കിലും രക്ഷപ്പെടാൻ കോൺഗ്രസിന് ചിലപ്പോൾ ഇത്തരം നേതൃമാറ്റങ്ങളിലൂടെ സാധിച്ചേക്കാം...