കളവുകളുടെ ആവർത്തനം...
പ്രദീപ് പുറവങ്കര
നമ്മുടെ ടെലിവിഷൻ മാധ്യമങ്ങളിലെ വെകുന്നേരങ്ങളിലെ അന്തിചർച്ചകൾ തീർത്തും രസാവഹമാണ്. വല്ലാതെ ടെൻഷൻ അടിച്ചു ജീവിക്കുന്നയാളാണെങ്കിൽ ഈ ചർച്ചകൾ കണ്ടാൽ തന്റെ ടെൻഷനൊന്നും ഒന്നുമല്ലെന്ന് മനസിലാക്കും. അവിടെ അവതാരകനും പങ്കെടുക്കുന്നവരും ഓരോ വിഷയത്തിലും എടുക്കുന്ന മാനസികസമ്മർദ്ദം അത്ര മാത്രമാണ്. വളരെ ചെറിയ വിഷയമാണെങ്കിൽ കൂടി ഈ വേദികളിൽ നടക്കുന്ന പോര് വളരെ രൂക്ഷവുമായിരിക്കും. ഇത്തരം ചർച്ചാവേദികളിലൂടെ മാത്രം പ്രശസ്തരായവരും കുപ്രശസ്തി നേടിയവരും ഏറെയുണ്ട് ഇന്ന് നമ്മുടെ ഇടയിൽ. ഇത്തരം വേദികളിൽ വരുന്നതിന് മുന്പ് ഇവർ എന്തായിരുന്നു ചെയ്തിരുന്നത് എന്ന് പോലും പാവം പ്രേക്ഷകന് അറിയുന്നുണ്ടാകില്ല. പക്ഷെ ഇവർ സമൂഹത്തിന്റെ പൊതുബോധത്തെ അപ്പാടെ നിരാകരിക്കുന്ന കള്ളത്തരങ്ങളും അത്തരം വാദഗതികളുമായി തുടർച്ചായി ചർച്ചകളിൽ പങ്കെടുക്കുന്പോൾ ചെറിയൊരു ശതമാനം പേരെങ്കിലും ആ കള്ളത്തരങ്ങളിൽ വീണുപോകുന്നുണ്ട് എന്നതാണ് യാത്ഥാർത്ഥ്യം.
രാജ്യത്ത് പെട്രോൾ വില വർദ്ധിപ്പിക്കുന്നത് കക്കൂസ് നിർമ്മിക്കാനാണെന്ന് ഒരു മന്ത്രി തന്നെ പറയുന്പോൾ അതിന് വിശ്വാസ്യത വരുന്നതും ഇതേ കാരണം കൊണ്ടാണ്. കേരളം ആർജ്ജിച്ചുവെന്ന് നമ്മൾ അഹങ്കരിക്കുന്ന വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയെ പോലും കളിയാക്കുന്ന തരത്തിലാണ് സാമാന്യമായ യുക്തികളെ നിക്ഷേധിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ നമ്മുടെ ഇത്തരം പൊതുമണ്ധലങ്ങളിൽ കേൾക്കേണ്ടി വരുന്നത്. കളവുകളുടെ ആവർത്തനം ഏത് വലിയ കളവിനെയും വിശ്വസനീയമാക്കി തീർക്കുമെന്ന വിശ്വാസമാണ് ഇവരെ നയിക്കുന്നത്. ഇങ്ങിനെ കള്ളത്തരങ്ങൾ മാത്രം എഴുന്നെള്ളിക്കുന്നവർക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെങ്കിലും കേൾക്കുന്നവരിൽ ചെറിയൊരു ശതമാനത്തിനെങ്കിലും അവരുടെ ചരിത്രബോധവും ചിന്താശക്തിയും നഷ്ടമാകുന്നുണ്ട് എന്നതും തിരിച്ചറിയേണ്ട കാര്യമാണ്.
സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഏത് മതത്തിലായാലും, രാഷ്ട്രീയ പ്രസ്ഥാനത്തിലായിലും ശരി, ചെയ്തു പോകുന്നത് വലിയ ദുരന്തങ്ങൾക്കുള്ള തീകൊളുത്തല്ലാണെന്ന കാര്യം തീരെ ഓർക്കുന്നില്ല. ചാനൽ ക്യാമറകൾക്ക് മുന്പിൽ ഇരുന്ന് യാതൊരു ഉളുപ്പുമില്ലാതെ തികഞ്ഞ അബദ്ധം പറയുന്പോൾ അത് ചാനലിന്റെ അതിരുകൾക്കപ്പുറം സോഷ്യൽ മീഡിയകളിലൂടെയും പടർന്ന് പന്തലിക്കുന്നു. പിന്നീട് അത് വിഷം പോലെയാണ് പടരുന്നത്. വിഷം പടർന്ന് തുടങ്ങുന്ന കേവലം ഒരു വ്യക്തിയുടെ മുഖത്ത് നിന്നാകാം. പക്ഷെ പിന്നീട് അതേറ്റെടുക്കുന്നത് ഒരാൾകൂട്ടമാണ്. വഴിയെ ആൾക്കൂടം വലുതായി ഒരു പൗരബോധം തന്നെയായി മാറിയേക്കാം. അപ്പോഴേയ്ക്കും ഇതിനെ പ്രതിരോധിക്കണമെന്ന് ആഗ്രഹിച്ചവരുടെ ബലവും ചോർന്ന് പോയേക്കാം. അതുകൊണ്ട് തന്നെ ജാഗ്രത പാലിച്ചില്ലെങ്കിൽ നേരിടാനിരിക്കുന്നത് വലിയ ആപത്തുകളെയാണ്...