വ്യാ­ജപ്രചരണങ്ങൾ പടരു­ന്പോൾ...


പ്രദീപ് പുറവങ്കര

ഒരാൾ അവന്റെ ജന്മനാട് വിട്ട് പുറത്ത് പോകാനും ജോലിയെടുക്കാനും തീരുമാനിക്കുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം. അതിൽ പ്രധാനപ്പെട്ട ഒന്ന് നാട്ടിൽ നിന്നാൽ തന്റെ എല്ലാ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ കഴിയില്ലെന്ന വിശ്വാസമായിരിക്കാം. പ്രവാസ ലോകത്തേയ്ക്ക് നമ്മളിൽ മിക്കവരും കയറി വന്നത് ഇത്തരം സ്വപ്നങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടിയാണ്. നമ്മുടെ രാജ്യത്ത് അന്തർസംസ്ഥാന കുടിയേറ്റങ്ങളും ഇതുപോലെ തന്നെയാണ് നടക്കുന്നത്. ഉത്തരേന്ത്യൻ തൊഴിലാളികൾ കേരളത്തിലേയ്ക്ക് വന്ന് ജോലി ചെയ്യുന്നത് നമ്മുടെ നാടിന്റെ പ്രകൃതി സൗന്ദര്യം കാണാൻ വേണ്ടി മാത്രമല്ല. മറിച്ച് അവരുടെ നാട്ടിൽ കിട്ടുന്നതിനേക്കാൾ മികച്ച ജോലി സാഹചര്യങ്ങളും, വരുമാനവും ലഭിക്കുന്നത് കൊണ്ടാണ്. 

ഇന്ന് നമ്മുടെ കേരളത്തിൽ ഏകദേശം 30 ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ് പലവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. മലയാളികൾ സ്വന്തം നാട്ടിൽ ചെയ്യാൻ മടിക്കുന്ന കൃഷിപ്പണി മുതൽ ഡ്രെയിനേജ് വൃത്തിയാക്കൽ വരെ ഇന്ന് നമുക്ക് വേണ്ടി ചെയ്യുന്നത് ഈ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവർ‍ ഒരു ദിവസം പണി നിർത്തി വെച്ചാൽ കേരളം അക്ഷരാർ‍ത്ഥത്തിൽ നിശ്ചലമാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അതുകൊണ്ട് തന്നെ നന്ദിയോടെയും കടപ്പാടോടെയും പരിഗണിക്കേണ്ടവരാണ് ഇത്തരം അന്യസംസ്ഥാന തൊഴിലാളികൾ. അതേസമയം നാട്ടിൽ നടക്കുന്ന എണ്ണമറ്റ കുറ്റകൃത്യങ്ങളിൽ വിരലിലെണ്ണാവുന്നവയിൽ മാത്രം ഇവർ‍ പ്രതികളായി മാറുന്പോൾ എല്ലാ അന്യദേശ തൊഴിലാളികളും ക്രിമിനലുകളാണെന്ന് പറയുന്ന ചില സാംസ്കാരിക ശൂന്യർ നമ്മുടെ നാട്ടിലുമുണ്ട് എന്നത് മറക്കുന്നില്ല. ഇത്തരം ചിലർ ഇപ്പോൾ സോഷ്യൽ മീഡിയകളിലൂടെ വ്യാജപ്രചരണം ആരംഭിച്ചിരിക്കുകയാണ്. കോഴിക്കോട് മിഠായി തെരുവിലെ ഹോട്ടൽ ഉടമ പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിതൂക്കിയെന്ന് ഹിന്ദി, ബംഗാളി ഭാഷകളിൽ ശബ്ദ സന്ദേശങ്ങളായിട്ടാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.  ഈ വാർത്ത കേരളത്തിൽ സമീപകാലത്തായി നടന്നു കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളിൽ ഒന്നായി മാത്രമേ കാണാൻ സാധിക്കൂ. സർക്കാർ സഹായത്തോടെയാണ് ഈ കൊലപാതകങ്ങൾ നടക്കുന്നത് എന്നു കൂടി
പ്രചരിപ്പിക്കപ്പെടുന്പോൾ ലക്ഷ്യം ഏറെക്കുറെ വ്യക്തവുമാണ്. വാട്സാപ്പ് വഴിയും ഫേസ്ബുക്ക് വഴിയുമുള്ള ഈ പ്രചരണങ്ങളിൽ ഭയപ്പെട്ട് നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നുണ്ട് എന്നും വാർത്തകൾ സൂചിപ്പിക്കുന്നു.  തെറ്റായ വാർത്തകളും ഫോട്ടോകളും ഈ തൊഴിലാളികളുടെ സ്വദേശത്ത് അവരുടെ ബന്ധുക്കളുടെയിടയിൽ പോലും എത്തുന്നുണ്ട്. ഇത് കാരണം അടിസ്ഥാനമില്ലാത്ത ആശങ്ക പരക്കുന്നു. കൂലി പോലും വാങ്ങാതെയാണ് പലരും നാട്ടിലേക്ക് വണ്ടി കയറുന്നതെന്നും വാർത്തകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ സർവ്വ തൊഴിൽ മേഖലയിലും സാന്നിധ്യമുള്ള ഇവരുടെ കൂട്ടത്തോടുള്ള തിരിച്ചുപോക്ക് സംസ്ഥാനത്തിന്റെ സാന്പത്തിക വ്യവസ്ഥിതിയെ സാരമായി തന്നെ ബാധിക്കും എന്ന ദുർബുദ്ധി ഉള്ളവരാണ്  വ്യാജ പ്രചാരണങ്ങൾ വളരെ സംഘടിതമായി സംഘടിപ്പിക്കുന്നത്. ഇതിനെതിരെ പൊതു ജാഗ്രത അത്യാവശ്യമാണെന്ന് ഓർമ്മിപ്പിക്കട്ടെ. 

You might also like

Most Viewed