മനസിലാകാത്ത പരിഷ്കരണങ്ങൾ...
പ്രദീപ് പുറവങ്കര
www.pradeeppuravankara.com
നമ്മുടെ നാട്ടിൽ സന്പദ്്വ്യവസ്ഥയിൽ ഉണ്ടായ മാറ്റങ്ങൾ സാധാരണക്കാരന്റെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കിതുടങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ദാരിദ്ര്യം എന്ന അനുഭവം പലയിടത്തും എത്തിയെന്നതാണ്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് മിക്ക നിത്യോപയോഗ സാധനങ്ങളുടെയും വില ഇത്രയും കാലയളവിൽ ഇതിന് മുന്പ് ഒരിക്കലും ഉണ്ടാക്കാത്ത അളവിൽ കുതിച്ചുകയറിയിരിക്കുന്നു എന്ന യാത്ഥാർത്ഥ്യത്തെ നിക്ഷേധിക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. ഇതിന്റെ കാര്യവും കാരണങ്ങളും അന്വേഷിക്കുന്പോൾ ലഭിക്കുന്ന മറുപടികളിലെ കണക്കുകൾ സമാന്യമായ ബുദ്ധിക്ക് ദഹിക്കാത്തവയാണ്. പാവപ്പെട്ടവരെ രക്ഷിക്കാനുള്ള ധനമുണ്ടാക്കാനാണ് ഓരോ പരിഷ്കരണങ്ങളും എന്നു പറയുന്പോൾ തന്നെ പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരാക്കാനും, പുതുതായി കുറേ പേരെ കൂടി പട്ടിണിക്കാരാകുന്നതുമാണ് ഈ നയങ്ങളെന്ന് പകൽ പോലെ വ്യക്തമായി വരികയാണ്.
ഇന്ത്യയിലെ സാധാരണക്കാരായ കോടിക്കണക്കിന് പേരുടെ ഏറ്റവും അടിസ്ഥാന വരുമാനങ്ങളിലൊന്നായ കൃഷിയെ നികുതികളിൽ നിന്ന് ഒഴിവാക്കുന്നതിന് പകരം അവരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന തരത്തിലുള്ള നികുതികളും, ജപ്തികളുമാണ് ഉണ്ടായിവരുന്നത്. അതേ സമയം കഴിഞ്ഞ ആഴ്ച്ചയിൽ പോലും കിട്ടാകടമായി എഴുതിതള്ളുന്ന ഒന്നരലക്ഷം കോടി ഉറുപ്പികയിൽ അധികപങ്കും വെറും ഇരുപത് പേരുടേതാണെന്ന് വാർത്തകളിലൂടെ അറിയുന്പോൾ ആർക്ക് വേണ്ടിയാണ് ഈ ഭരണം എന്നും വ്യക്തമാകുന്നു. ഈ എഴുതിതള്ളുന്ന കോടിക്കണക്കിന് പണം നമ്മുടെ രാജ്യത്ത് ആളോഹരി വെച്ച് വിഭജിച്ചാൽ തന്നെ എല്ലാ ഗ്രാമങ്ങളിലും വെള്ളവും, വെളിച്ചവും, സ്കൂളും, അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കാൻ പറ്റുമെന്നതും യാത്ഥാർത്ഥ്യമാണ്. അതിന്റെ ചെറിയൊരു അംശം മതി പാവപ്പെട്ട കർഷകരുടെ എല്ലാ കടങ്ങളും എഴുതിത്തളാൻ.
നോട്ട് അസാധുവാക്കലിന് പുറമെ വന്ന പുതിയ നികുതി നിയമം കാരണം ചിരിക്കണോ കരയണോ എന്ന കൺഫ്യൂഷനിലാണ് മിക്കവരുമുള്ളത്. ഓൺലൈനിലൂടെ പണമടക്കുവാൻ പ്രോത്സാഹിപ്പിക്കുന്പോൾ തന്നെ അതിന് പിറകെ വരുന്ന നാനാവിധ നികുതികളെ പറ്റി ആരും അധികം മിണ്ടാറില്ല. എല്ലാ രാജ്യത്തിന്റെ പുരോഗതിക്കാണെന്നോർക്കുന്പോൾ കിട്ടുന്ന റിലാക്സേഷൻ മാത്രം ബാക്കി.
നാട്ടിൽ ഈ വല്ലാത്ത ‘പുരോഗതി’ കാരണം എത്രപേരാണ് ഓരോ വർഷവും പുതിയ ദരിദ്രനാരായണന്മാരായി മാറുന്നത് എന്നൊരു കണക്ക് ഇപ്പോൾ ആരും എടുക്കുന്നില്ല, പറയുന്നുമില്ല. പറയുന്നത് വരുംകാലങ്ങളിൽ ധാരാളം കന്പ്യൂട്ടറും, കക്കൂസും നമ്മുടെ നാട്ടിൽ ഉണ്ടാകുെമന്നതാണ്. അതേ സമയം വയറിനകത്തേയ്ക്ക് കഴിക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെ ഇത് രണ്ടുമുണ്ടായിട്ട് എന്ത് കാര്യമെന്ന് മാത്രം മനസിലാകുന്നില്ല. എന്തായാലും അന്തമില്ലാത്ത കുന്തമായി മാറുന്നു ചുറ്റുമുള്ളതെന്നും, എവിടെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്നും മാത്രം ഓർമ്മിപ്പിച്ചു കൊണ്ട്...