ജീ­വി­തത്തി­ന്റെ­ മാ­യകാ­ഴ്ച്ചകൾ...


പ്രദീപ് പുറവങ്കര

മാധ്യമപ്രവർത്തകനും, ജേഷ്ഠ സഹോദര തുല്യനുമായ ശ്രീ രാധാകൃഷ്ണൻ പട്ടാന്നൂരിന്റെ  ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇന്നത്തെ തോന്ന്യാക്ഷരത്തിന് ആധാരം. എന്റെ നാട്ടിലെ വലിയൊരു രാഷ്ട്രീയപ്രവർത്തകനായിരുന്ന ഒരു വ്യക്തിയെ പറ്റിയായിരുന്നു ആ കുറിപ്പ്.  പേര് ബർലിൻ കുഞ്ഞനന്തൻ നായർ. സഖാവ് വി.എസ് അച്യുതാനന്ദന്റെ അടുത്ത സുഹൃത്ത്. ഇപ്പോൾ പ്രായാധിക്യം അദ്ദേഹത്തെയും തളർത്തിയിരിക്കുന്നു. പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും പറ്റില്ല. കാഴ്ച്ചയും ഇല്ല. പക്ഷെ തൊണ്ണൂറ്റി അഞ്ചാം വയസ്സിലും ഓർമ്മക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ചും ലോകരാഷ്ട്രീയത്തെക്കുറിച്ചുമുള്ള ഏതു സംശയം ചോദിച്ചാലും അപ്പോൾ ഉത്തരം കിട്ടും. ശ്രീ കുഞ്ഞനന്തന്റെ ഭാര്യയും ഇന്ന് അവശയാണ്. ഒരു വീഴ്ച്ചയിൽ പറ്റിയ കുഴപ്പം കാരണം അവർക്കും നടക്കുന്നതിൽ ബുദ്ധിമുട്ടുണ്ടത്രെ. കോണിപ്പണി കയറാൻ കഴിയാത്തതിനാൽ മുകളിലെ മുറിയിൽ കിടക്കുന്ന ഭർത്താവിനെ കാണാൻ അവർക്കും സാധിക്കുന്നില്ല. ഇങ്ങിനെ ഒരേ വീട്ടിൽ താമസിക്കുന്ന ഭാര്യാ −ഭർത്താക്കന്മാർ പരസ്പരം കണ്ടിട്ട് കുറെ കാലമായെന്ന് സുഹൃത്ത് പറയുന്നു. സഹായത്തിന് രണ്ട് പേരുള്ളത് കൊണ്ട് മറ്റ് ബുദ്ധിമുട്ടുകൾ ഇല്ല. മക്കൾ വിദേശത്താണ്. 

ആരെയും കുറ്റപ്പെടുത്താനല്ല ഈ കുറിപ്പ്. സാഹചര്യങ്ങൾ കാരണം നമ്മുടെ പലരുടെയും മാതാപിതാക്കൾ ഇതുപോലെ തന്നെ ജീവിക്കുന്നുണ്ടാകും. തങ്ങളുടെ ജീവിത സാഹചര്യങ്ങൾ കാരണം മാതാപിതാക്കളെ എന്ത് ചെയ്യണമെന്ന് അറിയാതെ വേവലാതിപ്പെടുന്ന മക്കളും ഉണ്ടാകും.  മനുഷ്യന്റെ ജീവിതത്തിൽ ഒന്നാലോചിച്ചാൽ സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് മുൻഗണനകൾ മാറി മാറി വരുന്നത്. ഓരോ പ്രായത്തിലും ഓരോ ആഗ്രഹങ്ങളാണ്, ഓരോ ആവശ്യങ്ങളാണ്.  ഇരുപത് വയസിന്റെ ചെറുപ്പത്തിൽ സ്വന്തം നാടെന്നോ, വീടെന്നോ മിക്കവർക്കും ഉണ്ടാകില്ല. അന്വേഷണത്തിന്റെ കാലമാണത്. എവിടെയും കയറി കിടക്കാവുന്ന തന്റേടവും ബലവുമാണ് ആ പ്രായം നൽകുന്നത്. മുപ്പത് വയസായാൽ രാത്രിയെന്നോ പകലെന്നോ ഇല്ല. കഠിനാധ്വാനമാണ് ഈ പ്രായത്തിന്റെ മുഖമുദ്ര. ഉറക്കത്തിന് ഇവിടെ പ്രധാന്യമില്ല. നാൽപ്പത് വയസ് എത്തുന്പോൾ എത്രത്തോളം വിദ്യാഭ്യാസമുണ്ടെന്ന ചോദ്യത്തിന് പകരം എത്ര പണമുണ്ടാക്കുന്നു എന്നതാകുന്നു ചോദ്യം. അന്പത് വയസെത്തുന്പോൾ സൗന്ദര്യത്തെ പറ്റിയുള്ള  ടെൻഷൻ കുറയുന്നു. മുഖത്ത് ചുളിവുകൾ വീണാലോ, മുടി അൽപ്പം നരച്ചാലോ വലിയ ബഹളത്തിനൊന്നും നിൽക്കില്ല. അറുപത് വയസായി കഴിഞ്ഞാൽ ജോലിയിലും, തസ്തികയിലുമൊക്കെയുള്ള വിശ്വാസം നഷ്ടമാകും. എല്ലാം ഒരു പോലെ എന്ന ചിന്ത വന്നു തുടങ്ങും. എഴുപതിലെത്തുന്പോൾ താമസിക്കുന്ന ഇടത്തിന്റെ വലിപ്പത്തിനൊന്നും വലിയ പ്രസക്തി ഉണ്ടാകില്ല. ഒന്നോ രണ്ടോ മുറിയിലേയേക്ക് ജീവിതം ഒതുങ്ങിതുടങ്ങും. എൺപത് വയസ് പ്രായമായാൽ പണമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പോലെയാകും. പണം ചിലവഴിക്കാൻ മാർഗങ്ങളുമുണ്ടാകില്ല. തൊണ്ണൂറ് വയസാകുന്പോൾ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. നൂറ് വയസായാൽ പിന്നെ ഉറക്കവും, ഉറക്കത്തിൽ എഴുന്നേൽക്കലും വിഷയമല്ലാതായി തീരും. കാരണം ഉറക്കമെഴുന്നേറ്റാൽ എന്ത് ചെയണമെന്നറിയാത്തത് കൊണ്ട് വീണ്ടും ഉറക്കം തന്നെയാകും രക്ഷ. സത്യത്തിൽ ഇതല്ലെ ഈ ജീവിതം. നിങ്ങളുടെ ചിന്തകൾക്ക് വിട്ടുനൽകികൊണ്ട്... 

You might also like

Most Viewed