മാധ്യമപ്രവർത്തകന്റെ ജീവിത സങ്കടങ്ങൾ...
പ്രദീപ് പുറവങ്കര
www.pradeeppuravankara.com
വർത്തമാന കാലത്ത് മാധ്യമ പ്രവർത്തകരുടെ ജോലി ഏറെ അപായസാധ്യതകൾ ഉള്ളതാണ്. ജോലിയുമായി ബന്ധപ്പെട്ടുള്ള ഭീഷണികൾ മാത്രമല്ല ഇതിൽ പെടുന്നതെന്ന് കഴിഞ്ഞ ദിവസം നാല് വർഷമായി മൂടിവെച്ച് ഇപ്പോൾ പുറത്ത് വന്ന ഒരു വാർത്ത വ്യക്തമാക്കുന്നു. 2013ൽ ജപ്പാന്റെ ദേശീയ മാധ്യമമായ എൻഎച്ച്‌കെ റിപ്പോർട്ടറും രാഷ്ട്രീയകാര്യ ലേഖികയും 31കാരിയുമായ മിവ സദോവയ്ക്കാണ് ഒരുമാസത്തെ കാലയളവിൽ 159 മണിക്കൂറും, 37 മിനിട്ടും ഓവർടൈം ജോലി ചെയ്ത് തന്റെ ജീവൻ നഷ്ടമായത്. ഒരു ദിവസം ഏകദേശം 6 മണിക്കൂറോളമായിരുന്നു ഇവർ അധിക ജോലി ചെയ്തിരുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം. പ്രദേശിക തലത്തിലേയ്ക്കും ദേശീയ തലത്തിലേയ്ക്കുമുള്ള രണ്ട് തെരഞ്ഞെടുപ്പുകളുടെ വാർത്തകളായിരുന്നു അവർ ആ മാസം റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നത്. മൊബൈൽഫോൺ കൈയിൽമുറുകെപ്പിടിച്ച നിലയിലായിരുന്നു അവരുടെ മൃതദേഹം. മരണത്തിന് ഒരു മാസം മുന്പ് അവർ അവരുടെ പിതാവിന് അയച്ച ഇ മെയിൽ സന്ദേശത്തിൽ അമിതമായ ജോലി ഭാരത്തെ പറ്റിയും ജോലി ഉപേക്ഷിക്കാൻ പറ്റാത്ത സാഹചര്യത്തെ പറ്റിയുമൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. ജപ്പാനിലെ ദീർഘസമയ ജോലി വ്യവസ്ഥക്കെതിരെയുള്ള പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന മാധ്യമമാണ് എൻഎച്ച്‌കെ. അവിടെയുള്ള ഒരു ജീവനക്കാരിക്ക് തന്നെ ഇത്തരമൊരു ദുരന്തം നേരിടേണ്ടി വന്നത് ഇപ്പോൾ ചർച്ചയായി വരികയാണ്. ഒപ്പം ദീർഘസമയം തൊഴിലെടുപ്പിക്കുകയെന്ന ജപ്പാന്റെ കുപ്രസിദ്ധമായ തൊഴിൽ വ്യവസ്ഥയുടെ ഇരയായിട്ടാണ് ഇപ്പോൾ മിവ സദോവ അറിയപ്പെടുന്നത്.
ഈ ഒരു വാർത്ത വേദനയോടെ വായിച്ചപ്പോൾ എല്ലാ ജോലിക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്ന് പറയുന്പോൾ തന്നെ ഞങ്ങൾ മാധ്യമപ്രവർത്തകരുടെയിടയിൽ വലിയൊരു വിഭാഗം ലോകമെന്പാടും അനുഭവിക്കുന്ന സമാനമായ പ്രശ്നങ്ങളെ പറ്റിയാണ് ചിന്തിച്ചത്. ലോകമെന്പാടുമുള്ള അനീതികൾക്കെതിരെയും, അക്രമങ്ങൾക്കെതിരെയും ധീരമായി പേന ചലിപ്പിക്കുന്ന, ടെലിവിഷൻ സ്ക്രീനിലെ വാർത്തവാതരണത്തിൽ വലിയ ശബ്ദത്തിൽ പൊട്ടിതെറിക്കുന്ന വലിയ വിഭാഗം മാധ്യമപ്രവർത്തകരുടെയും കുടുംബത്തിലേയ്ക്ക് എത്തി നോക്കിയാൽ, ജോലി സ്ഥലങ്ങളിൽ അവർക്ക് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെ പറ്റി മനസിലാക്കിയാൽ, കടുത്ത മാനസിക സമ്മർദ്ദങ്ങളും ഭീഷണികളും കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പറ്റി തിരിച്ചറിഞ്ഞാൽ ഈ പണിക്ക് ആരും വരില്ലെന്നതാണ് സത്യം. ഈ പ്രശ്നങ്ങളെ പറ്റി തുറന്ന് പറയാൻ പോലും മിക്കയിടങ്ങളിലും വേദികളുമില്ല. പിന്നെ സമൂഹത്തിൽ ലഭിക്കുന്ന ഉന്നതമായ സ്ഥാനം കാരണം തന്റെ വേദനകൾ, നേരിടേണ്ടി വരുന്ന അനീതികൾ ഒക്കെ തന്റെയുള്ളിൽ ഒതുക്കി വെയ്ക്കാൻ മിക്ക മാധ്യമപ്രവർത്തകരും ശീലിക്കുന്നു എന്നു മാത്രം. സോമാലിയയിലെ പട്ടിണിപാവങ്ങളെ പറ്റി നീണ്ട കോളം എഴുതി വീട്ടിൽ എത്തുന്പോൾ രാത്രി അത്താഴത്തിന് എന്ത് എന്ന് ആലോചിക്കേണ്ടി വരുന്ന പത്രപ്രവർത്തകരും ഏറെയുണ്ട് ഇന്നും നമ്മുടെ നാട്ടിൽ. ഈ മേഖലയിൽ നട്ടെല്ല് കുനിച്ച് വെച്ചാൽ പലതും നേടാമെങ്കിലും പത്രപ്രവർത്തനത്തെ ജോലിയായി കാണാതെ സമരമായി കണക്കാക്കുന്നവരാണ് മഹാഭൂരിഭാഗവും. അത്തരമൊരാളായി മാത്രമേ ജപ്പാനിലെ ആ സഹപ്രവർത്തകയെയും കാണാൻ സാധിക്കൂ... ആദരാഞ്ജലികൾ...