പ്രവാസലോകം മാറുന്പോൾ...


പ്രദീപ് പുറവങ്കര

പ്രവാസലോകം വലിയൊരു മാറ്റത്തിലാണ്. പ്രത്യേകിച്ചും സാന്പത്തിക, തൊഴിൽ മേഖലകളിൽ ഇതിന്റെ അലയൊലികൾ വളരെ വ്യക്തവുമാണ്. ഈ മേഖലയിലെ എണ്ണ സന്പത്തിന് ഇടിവ് വന്നതിനെ തുടർന്നും, രാഷ്ട്രീയ കാലവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടായതിന് ശേഷവും മറ്റിതര വരുമാന ശ്രോതസുകൾ കണ്ടെത്തുവാനുള്ള തീവ്രമായ ശ്രമത്തിലാണ് മിക്ക ഗൾഫ് രാജ്യങ്ങളും. അതിൽ ഏറ്റവും ആദ്യം മിക്ക സർക്കാരുകളും ചെയ്യുന്ന ഒരു കാര്യം ഇവിടെ താമസിക്കുന്ന വിദേശികളിൽ നിന്നും  അൽപ്പാൽപമായി പണം പിരിക്കുക എന്നത് തന്നെയാണ്. അതിന്റെ ഭാഗമായാണ് വൈദ്യുതി ഉൾപ്പടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്കുള്ള വില വർദ്ധനവ് പതിയെയാണെങ്കിലും നടപ്പിലാക്കി വരുന്നത്. ബഹ്റൈൻ എന്ന രാജ്യത്തും ഇതേ നിലപാട് സ്വീകരിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ എന്ന യാത്ഥാർത്ഥ്യം മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. 

കണക്കുകൾ സൂചിപ്പിക്കുന്നത് ബഹ്റൈനിലേയ്ക്ക് വരുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഇപ്പോൾ ഗണ്യമായ കുറവുണ്ട് എന്നത് തന്നെയാണ്. പ്രത്യേകിച്ച് അടിസ്ഥാന തൊഴിലാളി വർഗ്ഗത്തിൽ പെട്ടവർ വളരെ കുറച്ച് മാത്രമാണ് ഇപ്പോൾ ഇവിടെ വരുന്നത്. കഴിഞ്ഞ വർഷം മാത്രം ഏകദേശം ഒരു ലക്ഷത്തിൽ പരം ബംഗ്ലാദേശ് സ്വദേശികൾ ബഹ്റൈനിലേയ്ക്ക് വന്നപ്പോൾ അന്പതിനായിരത്തിൽ താഴെ ഇന്ത്യക്കാരാണ് ഇവിടെയെത്തിയത്. അതിൽ തന്നെ ബഹുഭൂരിഭാഗം പേരും പ്രഫഷണൽ ജോലിക്കാരാണ്. ഡോക്ടർ, എഞ്ചിനീയർ, എന്നീ ജോലിയുള്ളവരും, ബാങ്കുദ്യോഗസ്ഥരും, മാർക്കറ്റിങ്ങ്, സെയിൽസ്, അക്കൗണ്ടിങ്ങ് ജോലി ചെയ്യുന്നവരും, സാങ്കേതിക വിദഗ്ദ്ധരുമാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് വന്നു കൊണ്ടിരിക്കുന്നത്. മുന്പ് വളരെയേറെ മലയാളി പ്രാതിനിധ്യം ഉണ്ടായിരുന്ന കോൾഡ് സ്റ്റോർ മേഖലയിൽ ബംഗ്ലാദേശ് ഉൾപ്പടെയുള്ള അന്യരാജ്യക്കാർ അധീശത്വം സ്ഥാപിച്ചിരിക്കുന്നു. മുന്പ് ഡൊമസ്റ്റിക്ക് വിഭാഗത്തിൽ ഡ്രൈവർ, ഹൗസ്മെയിഡ് ജോലികളിൽ ഏറെ സാന്നിദ്ധ്യമുണ്ടായിരുന്നവരാണ് മലയാളികൾ ഉൾപ്പെടയുള്ള ഇന്ത്യക്കാർ. ഇന്ന് അവിടെയും മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. എതോപ്യ,ഫിലിപ്പൈൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഈ മേഖലയിലേയ്ക്ക് ഇന്ന് ധാരാളം പേർ എത്തിചേരുന്നുണ്ട്.

ഇത്തരം മാറ്റങ്ങളെ നെഗറ്റീവായി കാണുന്നതിന് പകരം പോസിറ്റീവായി നോക്കികാണുന്നതാണ് നല്ലത്. അടിസ്ഥാന തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വരും കാലങ്ങളിൽ നാട്ടിൽ തന്നെ ജോലി കണ്ടെത്തുന്നതാണ് പ്രവാസലോകത്ത് വരുന്നതിനെക്കാൾ നല്ലത് എന്ന യാഥാർത്ഥ്യം തിരിച്ചറിയണം. അതേസമയം പ്രഫഷണൽ ആയി ജോലി ചെയ്യുന്നവർക്ക് ഇപ്പോഴും ഗൾഫ് രാജ്യങ്ങൾ നല്ലയിടങ്ങൾ തന്നെയാണ്. പക്ഷെ പഴയത് പോലെ ഇവിടെ വന്ന് സന്പാദിച്ച് കൂട്ടാമെന്ന് കരുതരുത്. വരും നാളുകളിൽ ഇവിടെ ജീവിതനിലവാരം ഉയരുമെങ്കിലും  ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു ശതമാനവും ഇവിടെ തന്നെ ചിലവാക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്. യൂറോപ്പിലോ, അമേരിക്കയിലോ ഒക്കെ ജീവിക്കുന്ന പ്രവാസികളായവരുടെ അതേ ശൈലിയിലേയ്ക്ക് ഈ രാജ്യങ്ങളും മാറുന്നു എന്നു മാത്രം. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്ന സത്യം ഓർമ്മിപ്പിച്ചു കൊണ്ട്...

You might also like

Most Viewed