സെൽഫ് ലെസ് സെൽഫീസ്...
പ്രദീപ് പുറവങ്കര
കൈയിലെ മൊബൈൽ ഫോണിന്റെ നാലതിരുകളിലേയ്ക്ക് ലോകം ചുരുങ്ങിയപ്പോൾ ഈ തലമുറയ്ക്ക് ഏറ്റവും താത്പര്യമുള്ള വാക്കായി സെൽഫി എന്ന വാക്ക് മാറി. തന്നിലേയ്ക്ക് തന്നെ നീട്ടിപിടിച്ചുള്ള സെൽഫി ചിത്രങ്ങൾ എത്ര തന്നെ എടുത്താലും മതിവരാത്തവരാണ് നമ്മളിൽ മിക്കവരും. മൊബൈൽ ഫോണുകളിൽ ഫ്രണ്ട് ക്യാമറ വന്നതോടെയാണ് സെൽഫി എടുക്കൽ ഇത്രയും വ്യാപകമായത്. ഒറ്റയ്ക്കോ കൂട്ടായോ ഉളള ചിത്രങ്ങൾ സ്വയം പകർത്താമെന്നായതോടെ സെൽഫിയെടുക്കൽ ഒരു ഭ്രമമായി മാറി. ഓരോ കാലഘട്ടത്തിലും ഇത്തരത്തിലുള്ള ചില ഭ്രമങ്ങൾ അതാത് തലമുറയെ പിടികൂടും. ഒറ്റനോട്ടത്തിൽ ഇവ വലിയ അപകടങ്ങൾ ഒന്നും വരുത്തിവെക്കാറില്ലെങ്കിലും ചിലപ്പോൾ അലോസരപ്പെടുത്തുന്ന സംഭവങ്ങൾ അരങ്ങേറും.
കഴിഞ്ഞ ദിവസം കർണാടകയിലെ ബാംഗ്ലൂരിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ബിഡാഡി റെയിൽവെ േസ്റ്റഷനിൽ വെച്ച് അത്തരമൊരു സംഭവം നടന്നു. ഓടികൊണ്ടിരുന്ന ട്രെയിനിന് മുന്പിൽ വെച്ച് സെൽഫിയെടുത്ത മൂന്ന് യുവാക്കളായിരുന്നു തീവണ്ടി തട്ടി ഇവിടെ വെച്ച് ജീവൻ വെടിഞ്ഞത്. പാളത്തിലൂടെ വരുന്ന തീവണ്ടിക്ക് വളരെ അടുത്ത് നിന്നാണത്രെ ഇവർ സെൽഫിക്കായി ശ്രമിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂവരുടെയും ശരീരങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറി പോയി. കഴിഞ്ഞ ആഴ്ച സെൽഫി ഭ്രമം കാരണം കർണാടകത്തിൽ തന്നെ ഒരു യുവാവ് ക്ഷേത്രകുളത്തിൽ വെച്ചും മരണപ്പെട്ടിരുന്നു. എൻസിസി പരിശീലനത്തിന്റെ ഭാഗമായി എത്തിയ യുവാവ് സെൽഫി എടുക്കുന്നതിനിടയിൽ കുളത്തിൽ താഴ്ന്ന് പോവുകയായിരുന്നു.
സെൽഫി എടുക്കാൻ ശ്രമിച്ച് അപകടത്തിൽ പെട്ടു പോകുന്ന ഇത്തരം ധാരാളം ആൾക്കാരുടെ വാർത്തകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലോകത്ത് നടക്കുന്ന സെൽഫി മരണങ്ങളിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് ഇന്ത്യയിലാണത്രെ. ആത്മഹത്യചെയ്യുന്നതു പോലെ ചിത്രം എടുക്കാൻ ശ്രമിച്ച് അബദ്ധത്തിൽ തൂങ്ങിമരിക്കേണ്ടി വരുന്ന അവസ്ഥയും, ആത്മഹത്യാ മുനന്പിന്റെ അറ്റത്തു നിന്നുകൊണ്ട് സെൽഫി എടുക്കാനുള്ള ശ്രമത്തിനിടയിൽ കാൽ തെറ്റി വീണ് ജീവിതം നഷ്ടമായതുമൊക്കെ ഇങ്ങിനെ വാർത്തകളായി എത്തുന്നു. സെൽഫിക്ക് അടിമപ്പെട്ട ഒരു പതിനഞ്ചു വയസ്സുകാരൻ ദിവസവും പത്ത് മണിക്കൂറിനടുത്ത് സെൽഫികൾ എടുക്കാൻ ചിലവഴിക്കുകയും സംതൃപ്തമായ സെൽഫി കിട്ടാതെ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ഒരു സംഭവവും ഓർമ്മ വരുന്നു. സാഹചര്യമെന്താണെന്ന് പോലും നോക്കാതെ എവിടെയും സെൽഫികളെടുക്കന്നവരും ധാരാളം. മരണ വീട്ടിൽ പോലും മൃതദേഹത്തിനടുത്ത് നിന്ന് സെൽഫിയെടുക്കുന്ന തരത്തിലും ഈ രോഗം മൂർച്ഛിച്ചുവരുന്നുണ്ട്. നാർസിസം എന്ന സ്വാനുരാഗ പരമായ രോഗത്തിന്റെ ഒരു മുഖമായിട്ടാണ് സെൽഫി ഭ്രമത്തെ മനോരോഗ വിദഗ്ദ്ധർ കാണുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നതിനാണ് മിക്കവരും സെൽഫികൾ എടുക്കുന്നത്. ഇതിനായി സാഹസിക മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ ആളുകളുടെ ലൈക്ക് കൂടുന്നത് ഈ ഫോട്ടോകൾക്ക് മാത്രമാണെന്നും, നമ്മുടെ ജീവിതത്തിന് ലൈക്ക് കിട്ടണമെങ്കിൽ നല്ല ജീവിതം നയിക്കുക മാത്രമേ മാർഗമുള്ളൂവെന്നും, ജീവിതം ഒരിക്കലും ഒരു സെൽഫി അല്ലെന്നും ഓർമ്മിപ്പിച്ചുകൊണ്ട്...