മറക്കാതിരിക്കാം ആ മറവിക്കാരെ...
പ്രദീപ് പുറവങ്കര
മനുഷ്യന് മറവി ഒരനുഗ്രഹമാണെന്ന് പലപ്പോഴും നമ്മൾ പറയാറുണ്ട്. ജീവിതത്തിലെ പ്രയാസങ്ങളെ എളുപ്പം മറക്കാൻ സാധിക്കാത്തവർക്കാണ് വേദനകൾ ഏറുക എന്നും പറയപ്പെടുന്നു. എന്നാൽ സത്യത്തിൽ മറവി രോഗം പിടിപ്പെട്ടവരെ ഒരിക്കല്ലെങ്കിലും കണ്ടാൽ ഇങ്ങിനെയൊരു അനുഗ്രഹത്തെ പറ്റി തന്നെ ആരും മറന്നുപോകും എന്നതാണ് സത്യം. മറവി രോഗം വന്ന ഹതഭാഗ്യർക്കായുള്ള ദിനമാണ് ഇന്ന് എന്ന് ഓർമ്മിപ്പിക്കാനാണ് ഈ കുറിപ്പ്. പെട്ടന്ന് ഒരു ദിവസം ഓർമ്മശക്തി നഷ്ടമായാൽ അതുണ്ടാക്കാവുന്ന ഭവിഷ്യത്തുകൾ വളരെയേറെയാണ്. നമുക്കൊക്കെ ആലോചിക്കുന്പോൾ തന്നെ അൽപ്പം ഭയം ഉണ്ടാക്കുന്ന സംഗതിയുമാണത്. മനുഷ്യന്റെ മസ്തിഷകത്തിൽ ഓർമ്മയുടെ ഭാഗം പ്രവർത്തിക്കാതിരുന്നാലാണ് ഒരാൾ അൽഷിമേർസ് രോഗിയാകുന്നത്. 1906ൽ ജർമ്മനിയിലെ ന്യൂറോ പത്തോളജിസ്റ്റായ അലോയിസ് അൽഷിമേർസാണ് ഈ രോഗം തിരിച്ചറിഞ്ഞത്. അദ്ദേഹം കണ്ടെത്തിയ രോഗം എന്ന നിലയ്ക്കാണ് അൽഷിമേർസ് രോഗം എന്ന് ഇതിനെ ശാസ്ത്ര ലോകം നാമകരണം ചെയ്തത്. ഈ രോഗത്തിന്റെ യഥാർത്ഥ പേര് ഡെമെൻഷിയ എന്നാണ്. ലാറ്റിനിൽ ‘ഡി’ എന്നാൽ ഒഴിഞ്ഞത് എന്നും ‘മെന്റ്’ എന്നാൽ മനസ്സും എന്നാണ് അർത്ഥം. അതായത് ഡെമെൻഷ്യ എന്നാൽ മനസ് ഇല്ലാത്ത അവസ്ഥ എന്നർത്ഥം.
പൊതുവെ 65 വയസ്സിൽ കൂടുതലുള്ളവർക്കാണ് ഈ അസുഖം കൂടുതലായും കാണപ്പെടുന്നത്. 2050തോടെ ലോകത്താകമാനം 85 പേരിൽ ഒരാൾക്ക് ഈ രോഗമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. പ്രശസ്തരായ എത്രയോ പേർ ഈ രോഗത്തിന് കീഴടങ്ങിയിട്ടുണ്ട്. എഴുത്തുകാരനായ ഗബ്രിയേൽ ഗാർസിയാ മാർക്വിസ് ഒരുദാഹരണം മാത്രം. നമ്മുടെയൊക്കെ ജീവിതവുമായി ബന്ധപ്പെട്ട് മിക്കവർക്കും ഇത്തരത്തിലുള്ള രോഗികളെ പരിചയമുണ്ടാകും. ഒരുപാട് കഷ്ടതകളാണ് ഈ രോഗം രോഗികൾക്ക് നൽകുന്നത്. ചെറിയ മറവികളിൽ തുടങ്ങി സ്വന്തം പേരോ മുഖമോ പോലും ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലൂടെ ഒടുവിൽ മരണത്തിനു കീഴ്‌പ്പെടേണ്ടി വരുന്ന ഒരപൂർവ്വ രോഗമാണിത്. മരണം വരെ ഒന്നും ഓർക്കാതെ ജീവിക്കേണ്ടി വരിക എന്ന ദുര്യോഗമാണ് ഇവർക്കുണ്ടാകുന്നത്.
ഇന്നും ഇതിന് ചികിത്സ കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് ശാസ്ത്രം. ഇതിന്റെ വ്യക്തമായ കാരണങ്ങളും കണ്ടെത്താനായിട്ടില്ല. ഇതിന്റെ ആദ്യ ലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയാനായെന്നുതന്നെ വരില്ല. അതുകൊണ്ട് തന്നെ ഈ രോഗം വികസിച്ചുകഴിഞ്ഞേ പൊതുവെ തിരിച്ചറിയപ്പെടുന്നുള്ളു. ആദ്യഘട്ടം എന്ന നിലയിൽ ഈ രോഗം ബാധിക്കുന്നയാളിൽ അടിക്കടി ആശയക്കുഴപ്പങ്ങൾ ഉണ്ടാകും. തുടർന്ന് കടുത്ത ദേഷ്യവും നിരാശയും അമിതമായ വിധം പ്രകടിപ്പിക്കാൻ തുടങ്ങും. ഒപ്പം സ്വന്തം ഭാഷ തന്നെ ശരിയായവിധം പ്രകടിപ്പിക്കാനാവാതെയാകും. അപ്പോഴേയ്ക്കും എന്നന്നേക്കുമായി അയാൾക്ക് ഓർമ്മക്തി വിട്ടുപോയിട്ടുമുണ്ടാവും. മാനസികമായ ഉത്തേജനം, അഭ്യാസങ്ങൾ, ക്രമീകൃത ആഹാര രീതി മുതലായവയാണ് ഇന്ന് ഈ രോഗം കുറയ്ക്കാനുള്ള മാർഗങ്ങളായി കണ്ടെത്തിയിരിക്കുന്നത്.
ഓർമ്മകളുടെ പൂക്കാലം ഉപേക്ഷിക്കുന്നവരുടെ ഈ കൂട്ടത്തിൽ കാലം മുന്പോട്ട് പോകുന്പോൾ നമ്മിൽ പലരും ചിലപ്പോൾ പെട്ടേക്കാം. അതുകൊണ്ട് തന്നെ അത്തരം ആളുകളെ കാണുന്പോൾ മുഖം തിരിക്കാതിരിക്കുക. സ്നേഹത്തിന്റെ ഭാഷയിൽ അവരോട് സംസാരിക്കുക. കാരുണ്യത്തോടെ അവരെ തലോടുക. മനസ്സിനകത്തെ ഓർമ്മളുടെ പാളികൾ തുറക്കാൻ സാധിക്കാതെ മറവിയുടെ ഇരുട്ടിൽ തപ്പിതടയുന്ന അവർക്ക് അതൊക്കെ ഒരു വലിയ ആശ്വാസമാകും തീർച്ച. അതു കൊണ്ട് തന്നെ നമുക്ക് മറക്കാതിരിക്കാം ആ വലിയ മറവിക്കാരെ!!