കാ­രു­ണ്യത്തിന് വി­ല കു­റയു­ന്പോൾ...


പ്രദീപ് പുറവങ്കര

ഈ ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന പല സംഭവങ്ങളും, വാർത്തകളും മിക്കവർക്കും ഇന്ന് നൽകുന്നത് ആശങ്കകളും ഭീതിയുമാണെന്ന് പറയാതെ വയ്യ. ലോകത്തെ ഭരിക്കുന്ന നേതാക്കളുടെ ശൈലികളും, അവരുടെ പ്രവർത്തനങ്ങളും ഈ ആശങ്കകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പരസ്പരം അനുകന്പ, സ്നേഹം, ദയ, തുടങ്ങിയ വികാരങ്ങൾ നഷ്ടപ്പെട്ടവരെ പോലെയാണ് പല ലോകനേതാക്കളും ഇന്ന് പ്രവർത്തിച്ചു വരുന്നത്. അങ്ങിനെയുള്ള വികാരങ്ങൾക്ക് പകരം, വെറുപ്പ്, ശത്രുത, താൻപോരിമ തുടങ്ങിയ വിപരീത ഗുണങ്ങളാണ് ഇവർക്കുണ്ടാകുന്നത്. അത് അവരുടെ ജനതയിലേയ്ക്കും പതിയെ പകർന്നു നൽകാനും ഈ ലോക നേതാക്കൾ ശ്രമിച്ചു വരുന്നു. 

ഇത് വ്യക്തമാക്കുന്ന ചില സംഭവങ്ങൾ നമ്മുടെ ചുറ്റും നടന്നുവരുന്നുണ്ട്. അതിൽ ഒന്നായിരുന്നു ന്യൂയോർക്കിലെ യു.എൻ ജനറൽ‍ അസംബ്ലിയിൽ കഴിഞ്ഞ ദിവസം നടന്നത്. ഉത്തകൊറിയയിലെ വിഖ്യാതനായ രാഷ്ട്രതലവൻ ആണവായുധങ്ങൾ‍ക്ക് പിന്നാലെയുള്ള പോക്ക് അവസാനിപ്പിച്ചില്ലെങ്കിൽ ആ രാജ്യത്തെ പൂർണമായി നശിപ്പിക്കും എന്ന് അമേരിക്കൻ‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയതായിരുന്നു അത്. ലോകത്തെ ഏറ്റവും ശക്തനായ മനുഷ്യനെന്നതിന്റെ അഹങ്കാരം വ്യക്തമാക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ ഈ പ്രസ്താവന പുറത്ത് വന്നത്. തന്നെ അനുസരിക്കാത്ത രാജ്യങ്ങളെ താൻ‍ ഇല്ലാതാക്കി കളയും എന്നതു തന്നെയായിരുന്നു അദ്ദേഹം അതിലൂടെ ഉറപ്പിച്ച് പറഞ്ഞത്. ഒരു യുദ്ധത്തിലേയ്ക്ക് അറിയാതെ പോലും നാം നടന്നു കയറരുത് എന്ന് യു.എൻ സെക്രട്ടറി ജനറൽ‍ അന്റോണിയോ ഗട്ട്‌റെസ് പ്രസ്താവിച്ചതിന് ഏതാനും മിനിറ്റുകൾക്കു ശേഷമായിരുന്നു ഈ പ്രസംഗമെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. 

ഏകദേശം ഇതേ ഒരു രീതിയിൽ നമ്മുടെ മുന്പിൽ നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് റോഹിങ്ക്യൻ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന  മനുഷ്യത്വ ഹീനമായ നടപടികൾ. ഒരു കാലത്ത് ലോകം ഏറെ ആരാധിച്ചിരുന്ന, ജനാധിപത്യത്തിന്റെ പ്രതീകമെന്ന് വിശേഷിക്കപ്പെട്ട മ്യാൻമാറിന്റെ എല്ലാമായ ഓംഗ് സാൻ‍ സ്യൂകിയുടെ ഇപ്പോഴത്തെ നിലപാടുകൾ മനുഷ്യസ്നേഹികളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. റോഹ്യങ്ക്യക്കാരോട് ഒരു വിവേചനവും മ്യാൻമാർ കാണിക്കുന്നില്ലെന്ന് അവർ പറഞ്ഞു കൊണ്ടിരിക്കുന്പോൾ ആ ഒരു വിഭാഗത്തിന്റെ കഷ്ടതകൾ ലോകമാധ്യമങ്ങളിലൂടെ നമ്മൾ അറിഞ്ഞു കൊണ്ടിരിക്കുന്നു. നമ്മുടെ നാടും ഈ വിഷയത്തിൽ നിർവികാരത നിറഞ്ഞ, ആർദ്രതയുടെ കണികപോലുമില്ലാതെ നിലപാടെടുത്തിരിക്കുന്നു. റോഹിങ്ക്യൻ അഭയാർത്ഥികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഇന്ത്യൻ സർക്കാരിന്റെ അവകാശവാദം.

ഇവയൊക്കെ നമ്മുടെ ലോകത്ത് നിന്ന് കാരുണ്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതിന്റെ പ്രതീകങ്ങളായി മാത്രമേ കാണാൻ സാധിക്കൂ. മനുഷ്യൻ മുന്പോട്ട് സഞ്ചരിക്കുന്നതിന് പകരം അവനെ പുറകോട്ട് നയിക്കാനാണ് ഇത്തരം പ്രവർത്തികൾ സഹായിക്കുക. കാരുണ്യം എന്ന വികാരം നഷ്ടപ്പെടുന്ന ലോകം ഒരിക്കലും സ്വർഗ്ഗതുല്യമാകില്ല. അതിനെ നരകമെന്നേ വിളിക്കാൻ സാധിക്കൂ...

You might also like

Most Viewed