ഞാ­നും, നീ­യും ഒന്നാ­കാ­തി­രി­ക്കു­ന്പോൾ...


പ്രദീപ് പുറവങ്കര

യാത്ര ചെയ്യുന്പോഴോ, വായിക്കുന്പോഴാ ആണ് പലപ്പോഴും നമ്മൾ എത്ര മാത്രം ഭാഗ്യം ചെയ്തവരാണെന്ന് തിരിച്ചറിയുക. ഒരു നേരത്തേ ഭക്ഷണത്തിന് പോലും വഴിയില്ലാതെ കഷ്ടപ്പെടുന്ന എത്രയോ കോടി ജനങ്ങൾ ഇന്ന് ഈ ഭൂമുഖത്തുണ്ട്. രാത്രി ഉറങ്ങാൻ പോകുന്പോൾ രാവിലെ കഴുത്തിന് മുകളിൽ തല കാണുമോ എന്നറിയാത്തവരും യുദ്ധഭൂമികളിൽ ജീവിക്കുന്നു. ഇങ്ങിനെ അതിസാഹസികമായി തങ്ങളുടെ ജീവനെ നില നിർത്തേണ്ടി വരുന്ന കോടികണക്കിന് ആളുകളുടെ ഇടയിൽ ഒന്നു ചെറുതായി പോലും കാലിടറിയാൽ ജീവിതം നഷ്ടപ്പെട്ടുവെന്ന് വിചാരിക്കുന്നവർ നമ്മുടെ ഇടയിൽ ഏറെയാണ്. 

കഴിഞ്ഞ ദിവസം ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനിൽ നിന്നുള്ള ഒരു വാർത്ത വായിക്കാനിടയായി. അവിടെയുള്ളവർ അതിജീവനത്തിനായി ഇപ്പോൾ സ്വന്തം അവയവങ്ങൾ വിൽക്കുകയാണത്രെ. 2015 മാർ‍ച്ച് മുതൽ ഇവിടെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഈജിപ്തിൽ മാത്രം 300−ഓളം അവയവ വിൽ‍പ്പനകളാണ് നടന്നിട്ടുള്ളതെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു. ഹൂതി റിബലുകളുമായി നടക്കുന്ന യുദ്ധത്തിൽ യമനൊപ്പം ചേരുക, അല്ലെങ്കിൽ അയൽ രാജ്യമായ സൗദിയിൽ ജോലി തേടുക, അതുമല്ലെങ്കിൽ തങ്ങളുടെ അവയവങ്ങൾ വിൽക്കുക എന്നതാണ് ജീവിക്കാനുള്ള വഴികൾ എന്നാണ് ഇവിടെയുള്ള പൗരൻമാർ തുറന്ന് പറയുന്നത്. ഈ കച്ചവടത്തിനായി നിരവധി പേർ ഇടനിലാക്കാരായും ഇന്ന് ഇവിടെയുണ്ട്. ഇരകളെ തേടിപ്പിടിക്കാനായി കോഫി ഷോപ്പുകൾ‍ക്കുമുന്‍പിലും ബാറുകൾക്ക് മുന്‍പിലും പാസ്‌പോർ‍ട്ട് ഓഫീസുകൾ‍ക്ക് മുന്‍പിലും ഇവർ കാത്തിരിക്കുമത്രെ. തൊഴിലാളി വർഗ്ഗത്തിൽ പെട്ടവരാണ് ഇവിടെ മഹാഭൂരിഭാഗം പേരും. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് അനേകം ആളുകൾ ഇന്ന് മയക്കുമരുന്ന് പോലെയുള്ള ഉത്പന്നങ്ങൾ വിറ്റാണ് ഒരു നേരത്തേ ആഹാരത്തിന് വഴി കണ്ടെത്തുന്നത്. ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനിൽ 2014 മുതൽ പതിനായിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. മൂന്ന് ലക്ഷത്തോളം ആളുകൾ രാജ്യം വിട്ടതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നു. 2016 സെപ്തംബർ മുതൽ ഈ രാജ്യത്തെ പൊതുമേഖലയിൽ പ്രവർത്തിച്ചു വരുന്ന മിക്ക ജീവനക്കാർക്കും സർക്കാർ ശന്പളം നൽ‍കുന്നില്ല. ലക്ഷകണക്കിന് വരുന്ന  ജീവനക്കാരും അവരുടെ കുടുംബങ്ങളും ഇത് കാരണം സ്ഥിര വരുമാനമില്ലാതെ ദുരിതത്തിലാണ്. 

യെമനിലെ ഈ അവസ്ഥ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നത് മനുഷ്യന് ആത്യന്തികമായി വേണ്ടത് സമാധാനവും സന്തോഷവുമാണെന്ന് തന്നെയാണ്. ആഗ്രഹങ്ങൾക്ക് പകരം അത്യാഗ്രഹങ്ങൾ നിറയുന്പോൾ, പരസ്പരം പരിധിയില്ലാതെ സ്നേഹിക്കുന്നതിന് പകരം സ്വാർത്ഥത വളരുന്പോൾ, ഞാനും, നീയും ഒന്നല്ലെന്ന് വിളിച്ച് പറഞ്ഞും പഠിപ്പിച്ചും തുടങ്ങുന്പോൾ അവിടെ മനുഷ്യൻ ഇല്ലാതാകുന്നു. മനുഷ്യത്വം നഷ്ടപ്പെടുന്ന വെറുമൊരു ജീവിയായി അധഃപതിക്കുന്പോൾ പരസ്പരം കടിച്ചു കീറാനും, കൊലവിളിക്കാനും മടിയുണ്ടാകുന്നില്ല. തീർത്താൽ തീരാത്ത ദുരിതങ്ങളെ ക്ഷണിച്ചു വരുത്തുന്ന ഇത്തരം ദാരുണമായ സംഭവങ്ങൾ ഈ ലോകത്ത് നിന്നും അപ്രത്യക്ഷമായെങ്കിൽ എന്നാഗ്രഹത്തോടെ...

You might also like

Most Viewed