ഫീലിങ്ങ് എക്സൈറ്റഡ്...
പ്രദീപ് പുറവങ്കര
സ്വന്തം ഭാഷ സംസാരിക്കുന്ന ഒരു മന്ത്രി കേന്ദ്രത്തിൽ വന്നതിന്റെ റിലാക്സേഷനിലാണ് ആഗോള മലയാളികൾ ഇപ്പോൾ. അദ്ദേഹം ഓരോ ദിവസവും പുറത്ത് വിട്ടുകൊണ്ടിരിക്കുന്ന ഗൗരവപരമായ തമാശകൾ കാരണം നമുക്കൊക്കെ ഫീലിങ്ങ് എക്സൈറ്റഡ്. ഈ തമാശകൾ കാരണം സാറ് ശരിക്കും ആരാ എന്ന് ദിവസേന ചോദിക്കേണ്ടി വരുന്നുമുണ്ട്. എന്തായാലും സീതിഹാജി തമാശകൾ എന്നൊക്കെ ഉണ്ടായത് പോലെ കണ്ണന്താനം തമാശകൾ എന്ന സിരീസിനും വരുംകാലങ്ങളിൽ സ്കോപ്പുണ്ട്. പറഞ്ഞ് വരുന്നത് മന്ത്രിപുംഗവന്റെ ഫീലിങ്ങ് എക്സൈറ്റ്മെന്റിനെ പറ്റിയല്ല മറിച്ച് പാവം ഇപ്പോഴത്തെ ജനത്തിന്റെ ഗതികേടിനെ പറ്റിയാണ്.
നമ്മുടെ നാട്ടിൽ മഴ പെയ്ത് തകർക്കുകയാണ്. സാധാരണക്കാർക്ക് പതിവ് പോലെ ധാരാളം ദുരിതങ്ങൾ സമ്മാനിച്ച് കൊണ്ട് തന്നെയാണ് ഈ മഴ പെയ്യുന്നത്. ഓണത്തിന്റെയും പെരുന്നാളിന്റെയും ആഘോഷ ലഹരിക്ക് പിറകെ കീശ കാലിയായ അവസ്ഥയിലാണ് മിക്കവരും എന്നത് ഈ ദുരിതനാളുകളുടെ ആക്കം വർദ്ധിപ്പിക്കുന്നു. അതിനോടൊപ്പം രാജ്യത്തെ എണ്ണ വിലവർദ്ധനവ് വിപണിയെ വളരെ പ്രതികൂലമായിട്ടാണ് ബാധിച്ചിരിക്കുന്നത്. മിക്ക സാധനങ്ങൾക്കും വലിയ വില വ്യത്യാസം വന്നിരിക്കുന്നുവെന്ന പരാതിയാണ് മിക്കയിടത്തുമുള്ളത്. വിലവർദ്ധനവിന്റെ പേരിൽ കേന്ദ്രം സംസ്ഥാന സർക്കാരുകൾ പരസ്പരം പഴി ചാരി കൈയൊഴിയുന്പോൾ പാവം ജനത്തിന്റെ നടുവാണ് ഒടിയുന്നത്.
ചെറുകിട സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടുകയാണ്. അതിന്റെ ഭാഗമായി ദശലക്ഷക്കണക്കിനു പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. വൻകിട കോർപ്പറേറ്റുകളുടെ കോടികണക്കിന് രൂപയുടെ വായ്പകൾ എഴുതിതള്ളുന്പോൾ ജീവിക്കാൻ വേണ്ടി ചെറിയ വായ്പയെടുത്ത കർഷകരെയും സാധാരണക്കാരെയും പീഡിപ്പിച്ച് ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്നു. ഈ വർഷം മാത്രം വൻകിടക്കാരുടെ വായ്പ എഴുതിത്തള്ളുന്നതിനായി 81,000 കോടി രൂപയാണ് നമ്മുടെ ധനമന്ത്രി മാറ്റിവെച്ചത്. സാധാരണക്കാരുടെ കണ്ണിൽ പൊടിയിടുന്നതിനായി വിവിധങ്ങളായ വൈകാരിക വിഷയങ്ങൾ മാത്രം ഉയർത്തിവിട്ട് രാഷ്ട്രീയ മേലാളൻമാർ നടത്തുന്ന നാടകങ്ങൾ ശുദ്ധ തെമ്മാടിത്തരമാണെന്ന് പറയാതെ വയ്യ.
നമ്മുടെ നാടിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ സാന്പത്തിക സ്രോതസുകളിൽ പ്രധാനമായ പ്രവാസ ലോകത്തും സ്ഥിതി വ്യത്യസ്തമല്ല. ദിനം പ്രതി കൂടി വരുന്ന ജീവിതചിലവുകളും, ശന്പളം കിട്ടാത്ത അവസ്ഥയുമൊക്കെ മിക്കവരെയും തളർത്തി തുടങ്ങിയിരിക്കുന്നു. നാട്ടിലെ വർദ്ധിച്ച ചിലവുകൾക്കൊപ്പം ഇവിടെ നേരിടുന്ന പ്രശ്നങ്ങളും കൂടിയാകുന്പോൾ സാധാരണക്കാരനായ പ്രവാസി ഓരോ ദിവസവും തള്ളി നീക്കുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. അതിനിടയിലും നമ്മിൽ ചിലരെങ്കിലും ജിമിക്കി കമ്മലും, ബ്രാണ്ടികുപ്പിയൊമെക്കെ പാടി, ആടി ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നു എന്നതാണ് പച്ച പരമാർത്ഥം.