ബു­ളറ്റ് വേ­ഗത്തിൽ തീ­വണ്ടി­ വരു­ന്പോൾ...


പ്രദീപ് പുറവങ്കര

രാജ്യം കഴിഞ്ഞ രണ്ട് ദിവസമായി ചർച്ച ചെയ്തു വരുന്നത് ഇന്ത്യയിൽ വരാനിരിക്കുന്ന ആദ്യത്തെ അതിവേഗ റയിൽവെ പദ്ധതിയായ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ പറ്റിയാണ്.  ഇന്ത്യയുടെ‍‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻ‍സൊ ആബെയും സംയുക്തമായി ഈ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു കഴിഞ്ഞിരിക്കുന്നു. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ റെയിൽ‍ വികസന പദ്ധതിയായിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 1,08,000 കോടി രൂപ ചെലവു കണക്കാക്കുന്ന, 508 കിലോമീറ്റർ‍ ദൈർ‍ഘ്യം വരുന്ന ഈ പദ്ധതി, രാഷ്ട്രത്തിന്റെ അഭിമാന പദ്ധതികളിൽ‍ ഒന്നായിരിക്കുമെന്ന കാര്യത്തിലും സംശയമില്ല. മൊത്തം പദ്ധതി ചെലവിന്റെ 81 ശതമാനമായ 88,000 കോടി രൂപ, കേവലം 0.1 ശതമാനം പലിശനിരക്കിൽ അടുത്ത അന്പത് വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയെന്ന ആകർഷണവും ഇതിനുണ്ട്. 2022 ആഗ്സത് മാസത്തോടെ ഈ പദ്ധതി പ്രവർത്തന ക്ഷമമാകുമെന്ന് കരുതപ്പെടുന്നു.

പദ്ധതി യാത്ഥാർത്ഥ്യമായാൽ മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള യാത്രാസമയം 2.58 മുതൽ 2.07 മണിക്കൂർ ആയി ചുരുങ്ങുമെന്നാണ് പറയുന്നത്. ഏതാണ്ട് രണ്ട് ദശകങ്ങളായി നടന്നുവരുന്ന ചർ‍ച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു സ്വപ്ന പദ്ധതിക്ക് തുടക്കമിടുന്നത്. യാത്രക്കാർക്ക് ആയാസരഹിതമായും പരമാവധി വേഗത്തിലും ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് യാത്ര ചെയ്യാനുള്ള മാർഗങ്ങൾ ഉണ്ടായി വരുന്നത് ആധുനിക കാലത്ത് വികസിച്ച് കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് തികച്ചും ആവശ്യമുള്ള കാര്യം തന്നെയാണ്. അതേ സമയം നമ്മുടെ റെയിൽവേ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ പറ്റിയും ഈ വലിയ പദ്ധതി ആരംഭിക്കുന്പോൾ ചർച്ച ചെയ്യപ്പെടേണ്ടത് ഉണ്ട്്. ബുളറ്റ് ട്രെയിൻ പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം നടന്ന ദിവസം തന്നെയാണ് രാജ്യതലസ്ഥാനത്ത് ജമ്മുതാവി രാജധാനി എക്സ്പ്രസ് പാളം തെറ്റി അപകടത്തിൽ പെട്ടത്. ഭാഗ്യവശാൽ ആർക്കും അപായമുണ്ടായില്ല. 

ബുളറ്റ് ട്രെയിൻ പോലെയുള്ള പദ്ധതികൾ മിക്കതും ഉപയോഗപ്പെടുത്തുന്നത് ഉയർന്ന തലത്തിൽ ജീവിക്കുന്നവർ മാത്രമാണ്. പക്ഷെ മിക്കപ്പോഴും അത് കെട്ടിപൊക്കുന്നത് ഈ സൗകര്യങ്ങളൊന്നും ഒരിക്കൽ പോലും ആസ്വദിക്കാൻ സാധ്യതയില്ലാത്ത മഹാഭൂരിപക്ഷം വരുന്നവരുടെ ചെലവിലാണെന്നതാണ് സങ്കടകരം. അതോടൊപ്പം അവർക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും പരിമിതപ്പെടുന്പോൾ അത് സമൂഹത്തിൽ അസന്തുലിതാവസ്ഥയാണ് ഉണ്ടാക്കുന്നത്. രാജ്യത്തെ കോടികണക്കിന് വരുന്ന പാവപ്പെട്ടവർ യാത്ര ചെയ്യുന്ന ഇന്ത്യൻ റെയിൽവെയുടെ ദുരവസ്ഥ ഇന്നും മാറിയിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. അതിസുന്ദരമായ രീതിയിൽ നമ്മുടെ തീവണ്ടികൾ മാറാൻ പോകുന്നു എന്ന വാർത്ത ചിത്ര സഹിതം വന്നിട്ട് വർഷം രണ്ടോ മൂന്നോ ആയിരിക്കുന്നു. എന്നാൽ അങ്ങിനെയൊന്ന് ഇതുവരെ പുറത്ത് വന്നിട്ടുമില്ല. ഇക്കൊല്ലം മാത്രം വാർത്താ പ്രാധാന്യം നേടിയ തീവണ്ടി അപകടങ്ങളിൽ പെട്ട് ഇരുന്നൂറിൽപരം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഓരോ അപകടവും അരങ്ങേറുന്പോൾ ഭീകരവാദവും, അട്ടിമറിയുമൊക്കെയാണ് തുടക്കത്തിൽ കാരണങ്ങളായി വരുന്നത്. നമ്മുടെ റെയിൽ പാതകൾ എത്രയോ പഴക്കമുള്ളതാണെന്നും, ആവശ്യമായ സമയത്ത് മരാമത്ത് പണികൾ നടക്കുന്നില്ലെന്നും, സിഗ്നൽ സംവിധാനങ്ങളുടെ അപര്യാപ്തതകൾ ഏറെയുണ്ടെന്നുമൊക്കെ പിന്നീട് അന്വേഷണത്തിൽ തെളിയുന്നു. ഈ പ്രശ്‌നങ്ങൾ‍ക്ക് കൂടി ബുളറ്റ് ട്രെയിനുകൾ പോലെയുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്പോൾ പരിഹാരം കാണേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തലോടെ... 

You might also like

Most Viewed