അനാ­വശ്യ തി­രക്കും, വല്ലാ­ത്ത ബോ­റഡി­യും


പ്രദീപ് പുറവങ്കര

“അച്ഛാ ബോറടിക്കുന്നു,” വിശാലമായ ഓണ സദ്യയും കഴിച്ച് പുറത്തോട്ട് ഇറങ്ങി വരുന്പോൾ നാല് വയസുകാരിയായ മകൾ പതിയെ അവളുടെ സ്ഥിരം പല്ലവി ആരംഭിച്ചു തുടങ്ങി. ഇന്ന് പ്രായഭേദമന്യേ ഏറ്റവുമധികം പേർ നമ്മുടെ ഇടയിൽ പറയുന്ന വാക്കുകളിൽ ഒന്ന് ബോറടി എന്നാണ്. ഇതിന് നേരെ വിപരീതമായ ഒരു വാക്കും നമ്മൾ ഇടയ്ക്കിടെ പറയും. തിരക്ക് എന്ന വാക്കാണത്. ഒന്നുകിൽ തിരക്ക് അല്ലെങ്കിൽ ബോറടി എന്നതായിരിക്കുന്നു നമ്മുടെ ശീലം. തിരക്കൊന്നുമില്ലെങ്കിൽ നമുക്കൊരു വില കിട്ടാത്തത് പോലെയുള്ള അനുഭവമാണ്. അതുകൊണ്ട് കഷ്ടപ്പെട്ടാണെങ്കിൽ അൽപ്പം തിക്കും തിരക്കുമൊക്കെ ഉണ്ടാക്കി അതിൽ പെട്ട് അലയാനാണ് നമ്മിൽ മിക്കവർക്കും താത്പര്യം. ഈ രണ്ട് വിപരീതങ്ങളുടെയും നടുവിലാണ് അതിശയം എന്ന വികാരമുള്ളത്. അത് പരസ്പരം സമ്മാനിക്കാൻ സാധിക്കാത്തത് കൊണ്ടാണ് ഒന്നുകിൽ ബോറഡി അല്ലെങ്കിൽ തിരിക്ക്  എന്നിങ്ങനെയുള്ള അവസ്ഥയിലേയ്ക്ക് നമ്മൾ വീണു പോകുന്നത്. 

ആഗ്രഹിക്കുന്നതൊക്കെ കൈപിടിയിൽ ഒതുങ്ങുമെന്ന അമിതവിശ്വാസം കൊച്ചപ്രായത്തിൽ തന്നെ നമ്മുടെ മനസ്സിൽ ഉറച്ച് പോകുന്ന കാലമാണിത്. അതുകൊണ്ട് തന്നെ ആഗ്രഹിച്ചത് ലഭിക്കുന്പോഴേക്കും അത് സമ്മാനിക്കുന്ന അതിശയത്തിന്റെ സുഖമറിയുന്നതിന് മുന്പ് തന്നെ ബോറഡിക്കാനും തുടങ്ങുന്നു. ഓ ഇത്രയേ ഉളളൂ എന്ന തോന്നലാണ് ആഗ്രഹിച്ചത് നേടി കഴി‍‍ഞ്ഞാൽ ഉണ്ടാകുന്ന തോന്നൽ. വീണ്ടും അടുത്ത അതിശയത്തെ തേടി തിരക്കിൽ അലിയൽ. ഈ ഒരു പ്രക്രിയയാണ് മിക്കവരുടെയും ഇന്നത്തെ ജീവിത ശൈലി എന്നാണ് മനസിലാകുന്നത്. പുതിയ തലമുറയിലെ മിക്കവരും ആകാശത്തോളം സ്വപ്നം കാണുന്നവരാണെങ്കിലും, ഭൂമിയിൽ നടക്കുന്നത് ഒന്നും അറിയാറില്ല. ഇങ്ങിനെ ആകാശത്തെ മാത്രം നോക്കി സഞ്ചരിക്കുന്പോൾ ഭൂമിയിലെ ഗർത്തങ്ങൾ അവർ കാണാതെ പോകുന്നു. കാലിടറുന്പോൾ ആ ഗർത്തങ്ങളിൽ വീണ് പിടയുന്നു. 

ഇന്ന് ഒരു പിഞ്ചുകുഞ്ഞിനോട് പോലും എന്ത് വേണമെന്ന് ചോദിക്കുന്പോൾ ആവശ്യപ്പെടുന്നത് സ്മാർട്ട് ഫോണാണ്. മനുഷ്യന് നഷ്ടപ്പെട്ടിരിക്കുന്ന സ്മാർട്ട്നെസ് ഈ ഫോൺ തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ ഇല്ലാത്ത പൈസയും കൊടുത്ത് നമ്മൾ ഇത് വാങ്ങുന്നു. ഇങ്ങിനെ യാത്ഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വിർച്വൽ ലോകത്തേക്ക് ഓരോരുത്തരെയും കൈ പിടിച്ച് കയറ്റി വിടാനും നമ്മൾ കഷ്ടപ്പെടുന്നുണ്ട്. കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചകളും അത് സമ്മാനിക്കുന്ന കാഴ്ച്ചപാടുകളുമാണ് ജീവിതമാണ് ഏറ്റവും വലുതെന്ന് ചിന്തിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ യാത്രയിൽ എവിടെയങ്കിലും ഒരു പാദമുദ്ര പതിപ്പിക്കണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കം തന്നെ. പക്ഷെ യാത്രയുടെ മൂന്ന് ഭാഗങ്ങളായി ആവശ്യത്തിലധികം തിരക്കും, ഒരൽപ്പം മാത്രം അതിശയവും, വല്ലാത്ത ബോറഡിയും മാറുന്പോൾ ജീവിതം വെറും കാട്ടികൂട്ടലുകളായി മാത്രം മാറുന്നു. ഇരിക്കുന്നിടത്ത് നിന്ന് തന്നെ നമ്മൾ പോലുമറിയാതെ ഇല്ലാതാകാൻ ഉള്ളതേ ഉള്ളൂ ഈ വലിയ ജീവിതമെന്ന് മനസിലാക്കിയാൽ തന്നെ കാര്യങ്ങൾ എത്ര ലളിതമാണെന്ന് തിരിച്ചറിയാനും ഇന്ന് നമ്മിൽ മിക്കവർക്കും നേരമില്ലെന്നതും യാത്ഥാർത്ഥ്യം !!!

You might also like

Most Viewed