പകൽ­കൊ­ള്ളയാ­യി­ എണ്ണവി­ലയി­ലെ­ വർ­ദ്ധനവ്


പ്രദീപ് പുറവങ്കര

www.pradeeppuravankara.com

“വൻ തോതിലുള്ള ഹൈവെ, റോഡ് വികസന പദ്ധതികൾ, റെയിൽവെയുടെ ആധുനികവത്കരണം, വിപുലീകരണം, ഗ്രാമീണ ശുചിത്വ പദ്ധതികൾ, കുടിവെള്ളം, പ്രാഥമിക ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് നമുക്ക് പണം നീക്കി വെയ്ക്കേണ്ടതുണ്ട്. എവിടെനിന്നാണ് ഇതിനുള്ള പണം സർക്കാരിന് കിട്ടുക.” ഈ ഒരു ചോദ്യം കഴിഞ്ഞ ദിവസം ചോദിച്ചത് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനാണ്. കഴിഞ്ഞ രണ്ട് മാസം കൊണ്ട് പെട്രോൾ വില ഏഴ് രൂപയോളം കൂടിയതിന്റെ ന്യായീകരണമായിരുന്നു ഈ പ്രസ്താവന. ഇതൊക്കെ കേൾക്കുന്പോൾ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കിടക്കുന്നവനും പറഞ്ഞു പോകും, പാവം സർക്കാർ എന്തൊക്കെ ത്യാഗങ്ങളാണ് നമുക്ക് വേണ്ടി ചെയ്യുന്നതെന്ന്. കറൻസി പിൻവലിച്ചപ്പോൾ ബഹുമാന്യനായ പ്രധാനമന്ത്രി പറഞ്ഞതും ഏകദേശം ഇതേ കാര്യം തന്നെയാണ്. ചെയ്യുന്നതൊക്കെ നമ്മുടെ രാജ്യത്തിന് വേണ്ടിയാണ്. അപ്പോൾ നിങ്ങൾ ജനങ്ങൾ ഒന്ന് സഹിച്ച് തരണം.  

കഴിഞ്ഞ ജൂൺ‍ 16 മുതലാണ് ദൈനംദിനമായി ഇന്ധന വില പുനഃക്രമീകരിക്കുന്ന സംവിധാനം രാജ്യത്ത് നടപ്പിലാക്കിയത്. രാജ്യാന്തര വിപണിയിൽ ഇന്ധന വില കുറയുന്പോൾ ഇന്ത്യയിലും ഈ പരിഷ്കാരം കാരണം വില കുറയുമെന്നായിരുന്നു വാഗ്ദാനം. അതേസമയം അന്താരാഷ്ട്ര വിപണിയിൽ‍ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടാകുന്ന കുറവ് രാജ്യത്തെ എണ്ണ വിലയിൽ യാതൊരു‍‍ വ്യത്യാസവും വരുത്തുന്നില്ല എന്നതാണ് യാഥാർ‍ഥ്യം. 2014−-15 കാലഘട്ടത്തിൽ ഇന്ധനത്തിൽ നിന്നും കേന്ദ്രത്തിന് നികുതി വരുമാനമായി കിട്ടിയത് 99,000 കോടി രൂപയാണ് എങ്കിൽ 2016−17 കാലഘട്ടത്തിൽ അത് 2,42,000 കോടിയായി ഉയർന്നു. ഇരട്ടിയിൽ കൂടുതലുള്ള വർ‍ദ്ധനവാണിത്. പണം കായ്ക്കുന്ന ഈ മരത്തെ ഇല്ലാതാക്കാൻ ധനകാര്യമന്ത്രാലയത്തിന് യാതൊരു താത്പര്യവുമുണ്ടാകില്ല എന്നുറപ്പ്. പിന്നെ സർക്കാർ നിയന്ത്രിക്കേണ്ടത് എണ്ണ കന്പനികളെയാണ്. അവരുടെ കാര്യത്തിൽ ഒരു ഇടപെടലുമുണ്ടാകില്ലെന്ന്  അർ‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ അതൊന്നും സംഭവിക്കുന്നുമില്ല. 

ദക്ഷിണേഷ്യയിലെന്നു മാത്രമല്ല ലോകത്തുതന്നെ ഏറ്റവും ഉയർന്ന ഇന്ധനവില നർ‍കേണ്ടിവരുന്ന ഒരു രാജ്യമാണ് ഇന്ത്യ. അയൽ രാജ്യങ്ങളായ പാകിസ്ഥാൻ‍, നേപ്പാൾ‍, ശ്രീലങ്ക, ഭൂട്ടാൻ‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേതിനെക്കാൾ നാൽ‍പത്, നാൽപത്തിയഞ്ച് ശതമാനം ഉയർന്ന വിലയാണ് ഇന്ത്യയിൽ ഉപഭോക്താക്കൾക്ക്‍ നൽകേണ്ടി വരുന്നത്. മുന്പൊക്കെ ഇന്ധന വില ഒന്നോ രണ്ടോ രൂപാ കൂടിയാൽ പോലും പ്രതിപക്ഷ കക്ഷികളും ജനങ്ങളും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങുമായിരുന്നു. അതിൽ ഇന്ന് ഭരണത്തിലിരിക്കുന്നവരുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഇന്ധന വിലവർദ്ധനവിലും  മൗനം പാലിച്ചു കൊണ്ടിരിക്കുന്നു.  

വൻകിട കോർപ്പറേറ്റുക‍ൾ‍ക്കും അതിസന്പന്നർക്കും ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതിയിളവുകൾ നൽ‍കിയും പൊതുമേഖലാ ബാങ്കുകൾ‍ക്ക് നൽകാനുള്ള പതിനായിരക്കണക്കിന് കോടി രൂപയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയും നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്ന അതേ സർ‍ക്കാരാണ് ജനങ്ങളുടെ മേലുള്ള ഈ പകൽ‍ക്കൊള്ള തുടരുന്നത് എന്നത് പ്രതിക്ഷേധാർഹമാണ്. ഇത്തരം ആളുകൾക്ക് അനുവദിക്കുന്ന നികുതി ഇളവുകൾ വഴി പൊതുഖജനാവിനുണ്ടാകുന്ന വൻ നഷ്ടം പൊതുജനങ്ങളുടെ ചുമലിലാണ് കയറ്റിവയ്ക്കുന്നതെന്നും പറയാതിരിക്കാൻ വയ്യ.

You might also like

Most Viewed