പൂ­ച്ചയ്ക്കാര് മണി­ കെ­ട്ടും...


പ്രദീപ് പുറവങ്കര

www.pradeeppuravankara.com

ജനാധിപത്യ രാഷ്ട്രങ്ങളുടെ ഒരു പ്രശ്നം ഭരിക്കുന്നവരുടെ അഴിമതിയും, അനധികൃത സ്വത്ത് സന്പാദനവും അതുമൂലം നടക്കുന്ന കുറ്റകൃത്യങ്ങളുമാണ്. ഏകാധിപത്യ രാജ്യങ്ങളിൽ ഇതൊക്കെ ഒരാളിൽ കേന്ദ്രീകരിക്കുന്പോൾ ജനാധിപത്യത്തിൽ ഇത് എല്ലായിടത്തും പരക്കുന്നു എന്നു മാത്രം. അധാർമ്മികമായി അധികാരത്തിന്റെ ദുർവിനയോഗം രാഷ്ട്രീയ നേതാക്കൻമാരിൽ വലിയൊരു വിഭാഗവും നടത്തുന്പോൾ അങ്ങിനെ ചെയ്യാത്തവർക്ക് രാഷ്ട്രീയത്തിൽ നിലനിൽക്കാനാവില്ലെന്ന് സാമാന്യ ജനസമൂഹവും വിശ്വസിക്കാൻ നിർബന്ധിതരാകുന്നു. ഈ ഒരു വിഷയത്തെ പറ്റി എഴുതാനുള്ള കാരണം കഴിഞ്ഞ ദിവസം പുറത്ത് വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകളാണ്. ഇന്ത്യൻ പാർലിമെന്ററി ജനാധിപത്യത്തിന്റെ ദുരവസ്ഥയെ ചൂണ്ടികാണിക്കുന്ന വാർത്തകളാണിവ. 98 എംഎൽഎമാരും, ഏഴ് ലോകസഭാംഗങ്ങളും പ്രഖ്യാപിത സ്രോതസുകളിൽ‍ നിന്നും ലഭ്യമാകുന്നതിനെക്കാൾ‍ അഞ്ഞൂറ് ശതമാനം വരെ അധികസന്പത്ത് ആർജിച്ചത് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ നിരീക്ഷണത്തിലാണത്രെ. 

തെരഞ്ഞെടുപ്പിൽ മത്സരിച്ച് തുടങ്ങുന്നത് മുതൽ കുറ്റകൃത്യങ്ങളും പണകൊഴുപ്പും വ്യക്താമാക്കി കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന എത്രയോ രാഷ്ട്രീയനേതാക്കൾ നമ്മുടെ നാട്ടിൽ ഇന്നുണ്ട്. പണ്ടുണ്ടായിരുന്നത് പോലെ തൊഴിലാളികളോ, കർഷകരോ, ഇടത്തരക്കാരോ, അദ്ധ്യാപകരോ ഒന്നും ഇന്ന് പാർലിമെന്ററി രാഷ്ട്രീയ രംഗത്ത് അധികമില്ല. അവർക്ക് പകരം കൂടുതലായും വന്നിരിക്കുന്നത് കൊടുംകുറ്റവാളികളും, വ്യവസായ പ്രമുഖരുമാണ്. വ്യക്തമായ വ്യക്തിപരമായ അജണ്ടകളാണ് ഇവരിൽ മിക്കവർക്കുമുള്ളത്. പതിനാറാം ലോക്‌സഭയിലെ പുതിയ അംഗങ്ങളിൽ ‍‍34 ശതമാനം പേർ‍ ക്രിമിനൽ‍ കുറ്റാരോപിതരാണ്. 82 ശതമാനം പേർ‍ കോടീശ്വരന്മാരാണ്. ഇതിൽ കക്ഷിരാഷ്ട്രീയ ഭേദങ്ങളുമില്ല. കോൺഗ്രസ്സ് അംഗങ്ങളുടെ ശരാശരി സന്പത്ത് 16 കോടിയും ബിജെപിയുടേത് 11 കോടിയുമാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഓരോ തെരഞ്ഞെടുപ്പും കഴിയുന്പോൾ ഈ  എണ്ണം ഉയരുകയാണെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.  ഇതാണ് അവസ്ഥയെങ്കിൽ അധികാരത്തിലേറുന്നവരൊക്കെ  അഴിമതിക്കാരണെന്ന് പൊതുജനത്തിന് വിശ്വസിക്കേണ്ടി വരും. മുന്പ് ടിഎൻ ശേഷൻ എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉണ്ടായപ്പോൾ രാഷ്ട്രീയക്കാർക്ക് പലർക്കും ഒരു ഭയമുണ്ടായിരുന്നു. പക്ഷെ ഇന്ന് അങ്ങിനെയൊന്നുമുണ്ടെന്ന് തോന്നുന്നില്ല. എന്തിന് പരമോന്നത കോടതിയെ പോലും എതിർക്കുന്ന അവസ്ഥ പോലും നിലനിൽക്കുന്നു.

അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് നിയമങ്ങളിലും ജനപ്രാതിനിധ്യ നിയമത്തിലും തെരഞ്ഞെടുപ്പ് സന്പ്രാദായത്തിലും മൗലികവും വിപ്ലവകരവുമായ മാറ്റങ്ങൾ ഉറപ്പുവരുത്താതെ ഇന്ത്യൻ‍ ജനാധിപത്യത്തിന്റെ ഈ ഒരു ദുരവസ്ഥയ്ക്ക് അടിസ്ഥാനപരമായ എന്തെങ്കിലും മാറ്റം വരുത്താൻ കഴിയില്ല. പൂച്ചക്കാര് മണികെട്ടുമെന്ന ആ ചോദ്യം അതുകൊണ്ട് ഈ കാലത്ത് പ്രസക്തമാകുന്നു. 

You might also like

Most Viewed