ആശങ്കപ്പെടുത്തേണ്ട ദുരന്തങ്ങൾ...
പ്രദീപ് പുറവങ്കര
www.pradeeppuravankara.com
അറേബ്യൻ നാടുകളിൽ പതിയെ കാലാവസ്ഥ മാറി തുടങ്ങിയിരിക്കുന്നു. കടുത്ത ചൂടിനെ വകഞ്ഞ് മാറ്റി തണുപ്പ് നിറച്ച കാറ്റ് ശബ്ദമുണ്ടാക്കാതെ വീശുവാനും ആരംഭിച്ചിരിക്കുന്നു. വരും ദിവസങ്ങളിൽ ഈ തണുപ്പ് വർദ്ധിക്കും. പ്രകൃതിയിലുണ്ടായി വരുന്ന മാറ്റങ്ങൾ പലപ്പോഴും അതീവ സങ്കീർണ്ണമാണ്. മുന്പ്് മരുഭൂമിയിൽ മഴ പെയ്യുന്നത് അപൂർവ്വമായ കാഴ്ച്ചയായിരുന്നു. അതു കൊണ്ടാണ് മിക്ക രാജ്യങ്ങളിലും മഴ വെള്ളം ഒഴുകിപോകാനുള്ള സൗകര്യങ്ങൾ പോലും ഒരുക്കാതിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി ഏറെ മാറിയിരിക്കുന്നു. തണുപ്പ് വർദ്ധിച്ച് തുടങ്ങുന്പോൾ ഗൃഹാതുരമായ ഓർമ്മകളുണർത്തി ഇവിടെ മഴയും പെയ്തു തുടങ്ങുന്നു.
ഇന്ന് കാലാവസ്ഥയെ പറ്റി പറഞ്ഞു തുടങ്ങാനുള്ള കാരണം നിരവധി മലയാളികൾ അടക്കമുള്ളവർ താമസിക്കുന്ന അമേരിക്കയിലെ ടെക്‌സാസ്, ഫ്‌ളോറിഡ സംസ്ഥാനങ്ങളിലും, തൊട്ടടുത്ത് ക്യൂബ പോലെയുള്ള ദ്വീപ് രാഷ്ട്രങ്ങളിലും ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന അറ്റ്‌ലാന്റിക് ചുഴലി കൊടുങ്കാറ്റുകളായ ഹാർവിയേയും ഇർമയെയും പറ്റിയുള്ള ഭയനാകമായ വാർത്തകളാണ്. ഈ കാറ്റ് എത്രയോ പേരുടെ ജീവനാശമടക്കം കനത്ത നാശനഷ്ടങ്ങളുമാണ് വരുത്തിവെച്ചത്. ഹാർവിയുടെ താണ്ധവത്തിൽ ഹൂസ്റ്റണിൽ മാത്രം 71 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുലക്ഷത്തിലധികം പേരാണ് തെരുവാധാരമായത്. അറ്റ്‌ലാന്റിക് ചുഴലികളിൽ ചരിത്രത്തിലേറ്റവും കരുത്തുറ്റതായി വിലയിരുത്തപ്പെടുന്ന ഇർമ ചുഴലികാറ്റിന്റെ ദുരന്തം ഇപ്പോഴും അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ഇവ വിതച്ച നാശത്തിൽ നിന്നും അത് കടന്നുപോയ മേഖലകളെ പൂർവ്വസ്ഥിതിയിൽ തിരികെ കൊണ്ടുവരാൻ വലിയ സന്പത്തും, അളവറ്റ അദ്ധ്വാനവും അനേക വർഷങ്ങളും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അറ്റ്‌ലാന്റിക് സമുദ്രത്തിൽ ചുഴലിക്കൊടുങ്കാറ്റുകൾ അസാധാരണമോ അപൂർവ്വമോ അല്ല. എന്നാൽ ഭൂഗോളത്തെയാകെ തുറിച്ചുനോക്കുന്ന കാലാവസ്ഥാ വ്യതിയാനം അതിന്റെ നശീകരണ ശക്തി ഭയാനകമാക്കി മാറ്റിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അന്തരീക്ഷോഷ്മാവിലുള്ള വർദ്ധന, സമുദ്രവിതാനത്തിന്റെ ഉയരൽ, സമുദ്രാടിത്തട്ടിലെ ഉയർന്നുകൊണ്ടിരിക്കുന്ന ഊഷ്മാവ് എന്നിവയെല്ലാം പതിവു പ്രകൃതിപ്രതിഭാസത്തെ മാരകമാക്കി മാറ്റിയിരിക്കുന്നതായി ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. പ്രകൃതിയുടെ പ്രതിഭാസങ്ങളെ നിരാകരിക്കുന്ന നിലപാടുകളിൽ നിന്നും മാറി ചിന്തിക്കാൻ ഈ ദുരന്തങ്ങൾ അമേരിക്ക പോലെയുള്ള വൻ രാഷ്ട്രങ്ങളുടെ നേതാക്കൾക്ക് പ്രേരകമാകുെമന്ന് തോന്നുന്നില്ല. അതു കൊണ്ട് തന്നെ പ്രകൃതിയേയും പരിസ്ഥിതിയേയും ജൈവവൈവിധ്യത്തേയും കൊള്ളലാഭത്തിനുള്ള ഉപാധികളും ഉപകരണങ്ങളുമായി മാത്രം കാണുന്ന മൂലധന യുക്തിക്ക് വിടനൽകാൻ ഈ ദുരന്തങ്ങൾ പ്രേരണയാകും എന്ന് പ്രതീക്ഷിക്കുന്നതും അബദ്ധമാകും.
അതേസമയം ഇത് അനേകായിരം കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ടെക്‌സാസിന്റെയോ ഫ്‌ളോറിഡയുടെയോ മാത്രം പ്രശ്‌നമല്ല. മുംബൈയും കൊച്ചിയും ചെന്നൈയും ഒക്കെ ഉൾപ്പെടുന്ന ലോകമെന്പാടുമുള്ള മനുഷ്യനും ജൈവവൈവിധ്യമാകെയും നേരിടുന്ന വിപത്തുകളെപ്പറ്റിയുള്ള മുന്നറിയിപ്പാണ്. പ്രകൃതിയേയും പരിസ്ഥിതിയേയും ജൈവവൈവിധ്യത്തേയും പരിരക്ഷിച്ചും പരിപോഷിപ്പിച്ചും നിലനിർത്തുന്നതിനൊപ്പം മനുഷ്യസാധ്യമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടണമെന്ന മുന്നറിയിപ്പുകൂടിയാണ് ഈ ദുരന്തങ്ങൾ നൽകുന്നതെന്ന ഓർമ്മപ്പെടുത്തലോടെ...