യാത്രയെന്ന സ്വപ്നം...
പ്രദീപ് പുറവങ്കര
www.pradeeppuravankara.com
ഒരു യാത്ര പോകണമെന്ന് ആഗ്രഹിക്കാത്തവർ ഈ ലോകത്ത് ചുരുക്കമായിരിക്കും. മനുഷ്യായുസ്സിന്റെ ഓരോ ഘട്ടത്തിലും ഈ യാത്രകളുടെ സ്വഭാവത്തിനും ലക്ഷ്യത്തിനുമൊക്കെ മാറ്റങ്ങൾ ഉണ്ടാകും. ബാല്യകാലത്ത് അവധി ആഘോഷിക്കാൻ ബന്ധുമിത്രാദികളുടെ വീടുകളിൽ പോകുന്നതായിരുന്നു ആഗ്രഹമെങ്കിൽ വളർന്ന് വലുതാകുന്പോൾ യാത്രാ സ്വപ്നങ്ങളിൽ ശൂന്യാകാശം വരെ നിറയുന്നു. മനുഷ്യായുസിന്റെ ഓരോ കാലത്തും ഇത്തരം വ്യത്യസ്തകരമായ ആഗ്രഹങ്ങൾ നമ്മെ പിടികൂടുന്നു.
എന്തുകൊണ്ടാണ് യാത്രകളെപ്പറ്റി പറഞ്ഞു തുടുങ്ങുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അതിന്റെ കാരണം കഴിഞ്ഞ ദിവസം പരിചയപ്പെട്ട ഒരു സുഹൃത്താണ്. അദ്ദേഹത്തിന് നാൽപത് വയസ് കഴിഞ്ഞിരിക്കുന്നു. പ്രവാസലോകത്ത് ഏകദേശം രണ്ട് പതിറ്റാണ്ടായിരിക്കുന്നു ജീവിതം. അത്യാവശ്യം സന്പാദിച്ചുവെങ്കിലും ഗൾഫുകാരന്റെ പത്രാസ് കുറവാണ്. നല്ല ജോലിയും കുടുംബവും കൂട്ടിനുണ്ട്. പക്ഷെ ഇപ്പോൾ അദ്ദേഹം നാട്ടിലേയ്ക്ക് തിരികെ പോകാനിരിക്കുകയാണത്രെ. പ്രധാന ലക്ഷ്യം യാത്രയാണ്. അതും തനിച്ച് യാത്ര ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണോ എന്ന് തമാശയ്ക്ക് ചോദിച്ചപ്പോൾ മനുഷ്യൻ ജീവനോടെ ഉണ്ടാകുന്പോൾ മാത്രമല്ലേ ഈ ഉത്തരവാദിത്വ പ്രശ്നമുള്ളൂ എന്ന മറുചോദ്യമാണ് അദ്ദേഹം ചോദിച്ചത്. എന്താണ് അങ്ങിനെ പറഞ്ഞതെന്ന് ചോദിച്ചപ്പോഴാണ് അടുത്തിടെ മരണപ്പെട്ട അദ്ദേഹത്തിന്റെ സുഹൃത്തിനെപ്പറ്റി പറഞ്ഞത്. ഏറെ യാത്രകൾ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്്തിയായിരുന്നവത്രെ അദ്ദേഹം. പക്ഷെ അവിചാരിതമായി മരണം കടന്നുവന്നപ്പോൾ ആഗ്രഹിച്ച യാത്രകളൊക്കെ ചെയ്യാൻ പറ്റാതെ പോയി. ഓരോ തവണയും ജീവിച്ചിരുന്നപ്പോൾ യാത്രകൾ ഒഴിവാക്കാൻ അദ്ദേഹം നിരവധി കാരണങ്ങൾ കണ്ടെത്തുമായിരുന്നുവത്രെ. ഈ ഒരു അനുഭവം തിരിച്ചറിഞ്ഞത് കൊണ്ടാണ് ആ സുഹൃത്ത് യാത്രകളെ പ്രണയിക്കാൻ തീരുമാനിക്കുന്നത്.
ഓരോ യാത്രകളും സത്യത്തിൽ അനുഭവങ്ങളുടെ നിധികുംഭങ്ങളാണ്. ആയുസ്സുണ്ടെങ്കിൽ വാർദ്ധക്യകാലത്ത് സംതൃപ്തിയോടെ അയവിറക്കാനുള്ള ഓർമ്മകളുടെ ഒടുങ്ങാത്ത കലവറയാണ് ഈ യാത്രകൾ സമ്മാനിക്കുന്നത്. അതറിയുന്നവരാണ് ഇടയ്ക്കിടെ ഒരു യാത്ര പോയാലോ എന്ന് ചോദിക്കുന്നത്. തിരയടങ്ങാത്ത കടൽ പോലെയാണ് ഇവരുടെ യാത്ര ചെയ്യാനുള്ള ആഗ്രഹം. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്. അതേസമയം ജോലിയൊക്കെ കഴിഞ്ഞ് സ്വസ്ഥമായിട്ട് വേണം വിസ്തരിച്ച് യാത്ര ചെയ്യാൻ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇവരിൽ തന്നെ മഹാഭൂരിഭാഗം പേരും ഒരിക്കൽ പോലും യാത്ര ചെയ്യുന്നില്ലെന്നതാണ് സത്യം. പണം മാത്രം പോരാ യാത്ര ചെയ്യാൻ, ആരോഗ്യവും വേണം. ആരോഗ്യമില്ലാതായാൽ ഒരു മനുഷ്യൻ ഏറ്റവും ആദ്യം നിർത്താൻ പോകുന്നത് യാത്രകളാണ്. പിന്നെ മറ്റുള്ളവരുടെ യാത്രാവിശേഷങ്ങൾ കൊതിയോടെ കേട്ടിരിക്കാനേ സാധിക്കൂ. അതുകൊണ്ട് തന്നെ ആ സുഹൃത്തിന്റെ യാത്ര ചെയ്യാനുള്ള ആഗ്രഹം എന്നെയും കൊതിപ്പിക്കുന്നു, മനസ് ചോദിച്ചു പോകുന്നു..എങ്ങോട്ടെങ്കിലും ഒരു യാത്ര പോയാലോ എന്ന്...