മൃത്യുഞ്ജയ ഹോമത്തിന് കളമൊരുക്കുന്പോൾ...
പ്രദീപ് പുറവങ്കര
www.pradeeppuravankara.com
“ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കിൽ മൃത്യുഞ്ജയഹോമം നടത്തിക്കോളിൻ. എപ്പഴാ എന്താ വരുക എന്ന് പറയാൻ ഒരു പിടുത്തോം ഉണ്ടാകില്ല.” ഇന്ന് കേട്ട ഒരു ഡയലോഗാണിത്. പറഞ്ഞിരിക്കുന്നത് ഹിന്ദുക്കളായ എല്ലാവരുടെയും സംരക്ഷണ ചുമതല ഏറ്റെടുത്തിട്ടുള്ള ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. കർണ്ണാടകയിൽ ഗൗരി ലങ്കേഷിനുണ്ടായ ദുരനുഭവം പലർക്കുമുണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ പ്രസംഗത്തെ പറ്റിയുള്ള അന്വേഷണം നടക്കുകയാണ്.
അതേസമയം കോൺഗ്രസാണ് മതേതര എഴുത്തുകാരെ കൊല്ലുന്നതെന്നാണ് താൻ പറഞ്ഞത് എന്നാണ് ശശികലയുടെ വിശദീകരണം. എന്തായാലും അന്വേഷണം നടക്കുന്നത് കൊണ്ട് പ്രസംഗത്തെ പറ്റി കൂടുതൽ പറയുന്നില്ല. എന്നാൽ നമ്മുടെ ഇടയിൽ വിഷവിത്തുകൾ പാകുവാൻ കഷ്ടപ്പെടുന്ന ഇത്തരം ആളുകളെ തിരിച്ചറിയാൻ പൊതുസമൂഹത്തിന് സാധിക്കേണ്ടതുണ്ട് എന്ന് പറയാതെ വയ്യ.
കർണ്ണാടകയിൽ ഗൗരി ലങ്കേഷിനെ ആരാണ് കൊന്നത് എന്ന് ഒരു പക്ഷെ വരുംകാലങ്ങളിൽ പോലും നമുക്ക് ഒരിക്കലും അറിയാൻ സാധിക്കാത്ത കാര്യമായി മാറിയേക്കാം. മുന്പ് നടന്ന പല കൊലപാതകങ്ങളും അതിന്റെ ഉദാഹരണങ്ങളാണ്. എന്നാൽ എന്തുകൊണ്ടാണ് ഇത്തരം ആളുകൾ കൊലചെയ്യപ്പെടുന്നത് എന്ന് ഏതൊരു സാധാരണക്കാരനും ഊഹിക്കാവുന്ന കാര്യമാണ്. തങ്ങൾക്കിഷ്ടമില്ലാത്തത് ഇവിടെ വേണ്ട എന്ന ഒരു വിശ്വാസം പതിയെ സമൂഹത്തിന്റെ അടിത്തട്ടിലേയ്ക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യവും, അതിന് വേണ്ടി എന്ത് തന്നെ ചെയ്താലും ആരും തന്നെ ഒന്നും ചെയ്യില്ലെന്ന ആത്മവിശ്വാസവുമാണ് ഇത്തരം ന്യായീകരിക്കാൻ സാധ്യമല്ലാത്ത കൊലപാതകങ്ങളുടെ മൂല കാരണം. എതിർശബ്ദങ്ങളെ വെച്ച് പൊറുപ്പിക്കില്ലെന്ന ധാർഷ്്ട്യമാണ് മൃത്യുഞ്ജയ ഹോമത്തെ പറ്റി ഓർമ്മിപ്പിക്കാൻ ഒരു നേതാവിന് ധൈര്യം നൽകുന്നത്.
സന്ദേശം വളരെ വ്യക്തമാണ്, ഒന്നുകിൽ മിണ്ടാതിരിക്കുക, അല്ലെങ്കിൽ സ്ഥിരമായി നിശബ്ദരാക്കപ്പെടാൻ തയ്യാറായിക്കൊള്ളുക. വിയോജിപ്പിന്റെ ശബ്ദങ്ങൾ തങ്ങൾക്ക് സ്വീകാര്യമല്ല എന്ന് ഓരോ കൊലപാതകങ്ങളും വിളിച്ചു പറയുകയാണ്. അനിയന്ത്രിതമായ എന്തും ആർക്കും ശല്യമുണ്ടാക്കുന്നതാണെന്ന പൊതുധാരണയാണ് ഇവർ വളർത്തുന്നത്. അത്തരം ശബ്ദങ്ങളെ വെറുക്കാനാണ് ആഹ്വാനം ചെയ്യുന്നത്. ഒരു രാജ്യം, ഒരു നികുതി, ഒരു നേതാവ്, ഒരു ശബ്ദം തുടങ്ങി എല്ലാം ഒന്നിലേയ്ക്ക് നയിക്കപ്പെടുന്പോൾ എതിർശബ്ദങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമങ്ങളും നടക്കുന്നു. മാധ്യമങ്ങൾ എന്നും പ്രതിപക്ഷമായി പ്രവർത്തിക്കണമെന്ന ഒരു ധാരണ മാറിയിരിക്കുന്നു. അവർ ഭരണപക്ഷത്തോടൊപ്പം നിൽക്കേണ്ടവരാണെന്ന് മാധ്യമപ്രവർത്തകരെ പോലും പറഞ്ഞു പഠിപ്പിക്കുന്നു. അവരുടെ ചോദ്യം ചെയ്യാമെന്ന അവകാശം പോലും പെട്ടിയിലിട്ട് പൂട്ടിയിരിക്കുന്നു. എതിർക്കുന്നവരെ ജനശത്രു എന്ന് മുദ്ര കുത്തിയും, പുരോഗതിക്ക് തടസം നിൽക്കുന്നവരെന്ന് ആരോപിച്ചും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇത്തരം ആളുകൾ മുന്പോട്ട് വെക്കുന്നത്. ഒട്ടും വകവെയ്ക്കുന്നില്ലെങ്കിൽ ശത്രുവിനെ ഉന്മൂലനം ചെയ്യുക. ഇതാണ് ഇപ്പോഴത്തെ ഒരു രീതി. അതിന് കുടപിടിക്കാൻ ആദ്യം പറഞ്ഞത് പോലെ മൃത്യുഞ്ജയ ഡയലോഗുകളും കൂടി ആകുന്പോൾ വെറുപ്പിന്റെ രാഷ്ട്രീയം വിജയിക്കുന്നു എന്ന ഓർമ്മപ്പെടുത്തലോടെ...