വി­ഷം പടർ­ത്തരു­ത്...


പ്രദീപ് പുറവങ്കര

വിദ്വേഷ രാഷ്ട്രീയമാണ് വർത്തമാന കാലത്തിന്റെ മുഖമുദ്രയായി മാറുന്നത്. ഒരാളുടെ മനസിൽ വിദ്വേഷത്തിന്റെ വിഷം കലരാൻ വലിയ താമസം വേണ്ട എന്നതാണ് യാഥാർത്ഥ്യം. രാമായണത്തിലെ മന്ഥരയെന്ന കഥാപാത്രത്തെ ഓർത്തുപോകുന്നു. ശ്രീരാമന്റെ പട്ടാഭിഷേകം തടയാൻ മന്ഥരയ്ക്ക് വളരെ എളുപ്പം സാധിച്ചതിന്റെ ഒരു കാരണം കൈകേയിയിൽ രാമനെതിരെ വിദ്വേഷം ജനിപ്പിക്കാൻ കഴിഞ്ഞത് കൊണ്ടാണ്. ഇത്തരത്തിൽ മന്ഥരമാർ വളരെയേറെ കൂടിവരുന്ന ദുഷിച്ച കാലമാണിത്. ഇന്ന് ഇത്തരത്തിലുള്ള വിദ്വേഷങ്ങൾ പ്രചരിപ്പിക്കാനും വളരെയേറെ എളുപ്പമാണ് എന്നത് കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നു.

മുന്പ് പല തവണ ഈ കാര്യം പറഞ്ഞിട്ടുള്ളത് കൊണ്ട് തന്നെ പ്രിയവായനക്കാർക്ക് ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടെങ്കിൽ ക്ഷമ തരിക. പക്ഷെ പറയാതെ വയ്യ. പ്രവാസ ലോകത്തും ഈ വിദ്വേഷ രാഷ്ട്രീയ പ്രവണത പ്രവാസികളായ ഇന്ത്യക്കാരുടെ ഇടയിൽ പ്രത്യേകിച്ച് മലയാളികൾക്കിടയിൽ നന്നായി തന്നെ വിറ്റുപോകുന്ന ഒരു ഇനമായി മാറിയിട്ടുണ്ട്. ഇതിന്റെ ആദ്യ പടി സമൂഹത്തിലെ എല്ലാ തലത്തിൽ നിന്നുമുള്ളവരെ ഉൾപ്പെടുത്തി കൊണ്ട് ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കാലാണെന്ന് തോന്നുന്നു. ആദ്യം  സമൂഹത്തിന് ഉപകാര പ്രദമായ ചില കാര്യങ്ങൾ ചെയ്ത് കൊണ്ട് പരസ്പരം സഹായിച്ചു കൊണ്ട് അത്യാവശ്യം ജനപ്രീതി ഉണ്ടാക്കിയെടുത്ത് കഴിഞ്ഞാൽ പിന്നെയാണ് വിദ്വേഷ പ്രസംഗങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത്. ഇന്ന് നമ്മുടെ നാട്ടിൽ മിക്ക രാഷ്ട്രീയ, ജാതി മത സംഘടനകൾക്കും നല്ലൊരു ഐ.ടി വിഭാഗമുണ്ട്. വളരെ പ്രഖ്യാപിതമായ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇവരിലൂടെ രാവിലെ മുതൽ അവരുടെ പ്രവാസികളായ സഹകാരികൾക്ക് അന്നന്ന് പ്രചരിപ്പിക്കേണ്ട സന്ദേശങ്ങൾ ലഭിച്ചു തുടങ്ങും. ഇതിൽ ചരിത്രത്തെ വളച്ചൊടിക്കൽ മുതൽ സംഭ്രാത്മകമായ വാർത്തകളും, തട്ടിപ്പുകളുമൊക്കെ ഉൾപ്പെടും. ഇത്തരം സന്ദേശങ്ങൾ പതിയെ ഇവിടെയുള്ള സാമൂഹ്യ ഗ്രൂപ്പിലേയ്ക്ക് വഴി തിരിച്ചു വിടും. ആദ്യമൊക്കെ ഈ ഗ്രൂപ്പിലെ മിക്ക അംഗങ്ങളും ഇത്തരം കാര്യങ്ങളെ വകവെക്കാതിരിക്കുമെങ്കിലും, പതിയെ പതിയെ അവരുടെയുള്ളിലും മസ്തിഷ്ക പ്രക്ഷാളനം നടക്കുന്നുണ്ടാകുമെന്ന് ഇത്തരം സന്ദേശങ്ങൾ അയക്കുന്ന ഇരുട്ടിന്റെ സന്തതികൾക്ക് നന്നായി അറിയാം. ഒടുവിൽ തലയിൽ വിഷത്തിന്റെ ബീജം മൊട്ടിട്ടു തുടങ്ങിയാൽ അവരും ഗ്രൂപ്പിലൂെട പ്രതികരിച്ചു തുടങ്ങും. വിദ്വേഷത്തിന്റെ രാഷ്ട്രീയം അവരുടെ മനസിലേയ്ക്കും പടരും.

വളരെ ചെറിയ കാര്യങ്ങളെയാണ് പലപ്പോഴും ഇത്തരം ഗ്രൂപ്പുകളിലൂടെ ഊതിപെരുപ്പിക്കുന്നത്. ആദ്യം ടെക്സ്റ്റ് സന്ദേശം, പതിയെ ചിത്രങ്ങൾ, അതിന് ശേഷം വോയ്സ് സന്ദേശം, പിന്നെ പരസ്പരം പോർവിളി, ഭീഷണി എന്നു വേണ്ട തനി ക്വട്ടേഷൻ രീതിയിലാകുന്നു പതിയെ ഇത്തരം കാര്യങ്ങൾ. സമൂഹത്തിൽ അന്തചിദ്രം നടത്താൻ തുനിഞ്ഞിറങ്ങുന്ന സാമൂഹ്യവിരുദ്ധർക്ക് കുട പിടിക്കാൻ സമൂഹത്തിലെ തന്നെ അറിയപ്പെടുന്നവരുടെ സഹായവും ഇവർക്ക് ലഭിക്കുന്നു എന്നതാണ് ഏറെ സങ്കടകരം. പ്രവാസലോകത്തെ കൂട്ടായ്മകളിൽ പോലും നടക്കുന്ന ആഘോഷങ്ങളെ വരെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. സ്വാർത്ഥമായ ഇത്തരം താത്പര്യങ്ങൾ ഇല്ലാതാക്കുന്നത് ഒരു തലമുറയുടെ ഐക്യത്തെയാണ് എന്നും, അത് നല്ലതിനല്ലെന്നും തന്നെയാണ് തോന്ന്യാക്ഷരത്തിന്റെ അഭിപ്രായം. പ്രവാസലോകത്തെങ്കിലും നമുക്ക് ഒന്നിച്ച് നിൽക്കാം. ആശങ്കകൾ പങ്കിടാം, പക്ഷെ പരസ്പരം വെട്ടിമുറിപ്പെടുത്താതിരിക്കാം.

You might also like

Most Viewed