ഞാനാണ് ഗൗരി....
പ്രദീപ് പുറവങ്കര
“എഴുത്ത് മറ്റ് കലകൾ പോലെയല്ല. അത് ചിലപ്പോൾ ഒരു മനുഷ്യനെ പോലും ഇല്ലായ്മ ചെയ്തേക്കാം.” ഇതാണ് സ്വതന്ത്ര ഇന്ത്യയിലെ എഴുത്തുകാർക്ക് ഇന്ന് നൽകുന്ന ഭീഷണി. അജ്ഞാതരായ കൊലയാളികൾ പ്രമുഖ മാധ്യമ പ്രവർത്തകയായ ഗൗരി ലങ്കേഷിനെ അവരുടെ വീട്ടുമുറ്റത്ത് വെച്ച് കൊലപ്പെടുത്തുന്പോൾ, അതേ സംസ്ഥാനത്ത് വെച്ച് രണ്ട് വർഷം മുന്പ് എം.എം കൽബുർഗിയെന്ന സാഹിത്യകാരനെ സമാനമായ തരത്തിൽ കൊല ചെയ്യുന്പോൾ, അവർ എന്തായിരിക്കണം കരുതിയിട്ടുണ്ടാകുക എന്ന ചോദ്യമാണ് എന്റെ മനസിലുള്ളത്. ഇത്തരം നട്ടെല്ലുള്ളവരുടെ ജീവിതമെടുത്താൽ ബാക്കിയുള്ളവരൊക്കെ ഒതുങ്ങുമെന്നായിരിക്കുമോ. സത്യത്തിൽ ഇരുട്ടിന്റെ മറവിൽ അക്ഷരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇവർക്ക്് അറിയില്ലല്ലോ, അക്ഷരം എരിയുന്ന തീയാണെന്ന്. അവർക്ക് അറിയില്ലല്ലോ തോക്കിനേക്കാൾ ശക്തി വാക്കിനാണെന്ന്. ഈ പ്രിയ സഹോദരിയുടെ നിഷ്ഠൂരമായ കൊലപാതകത്തിൽ സങ്കടമല്ല തോന്നുന്നത്, മറിച്ച് ആ കൊലപാതകികളോട് പരമ പുച്ഛമാണ്. എഴുത്തുകാരെ, മാധ്യമപ്രവർത്തകരെ തങ്ങളുടെ കൈയിലെ ചട്ടുകമാക്കാൻ ഇത്തരം ശ്രമങ്ങളിലൂടെ സാധിക്കുമെന്ന് കരുതുന്ന ഇരുട്ടിന്റെ സന്തതികൾ ആരായാലും അവരോടുള്ളത് ഏതൊരു നികൃഷ്ട ജീവിയോടും തോന്നുന്ന വെറുപ്പ് തന്നെയാണ്.
192 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി അന്താരാഷ്ട്ര സംഘടനയായ ഫ്രീഡം ഹൗസ് അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ ഇന്ന് ഇന്ത്യയുടെ സ്ഥാനം 136ാമത് ആണ്. അവരുടെ റിപ്പോർട്ടിൽ പറയുന്ന ഒരു കാര്യം ഇന്ന് പ്രസക്തമാണ്. ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ് ഇന്ന് മാധ്യമപ്രവർത്തകർ ഏറ്റവുമധികം ഭീഷണികൾക്ക് വിധേയരാവുന്നത്. ഇങ്ങിനെ ചെയ്താൽ മാധ്യമപ്രവർത്തകരൊക്കെ പേടിച്ച് മാളത്തിലൊളിക്കും എന്ന ചിന്തയാണ് ഓണലൈൻ ഇടങ്ങളിലെ മുഖംമൂടികൾക്കുള്ളത്. 1992നു ശേഷം ഇന്ത്യയിൽ ആകെ കൊല ചെയ്യപ്പട്ടത് 40 മാധ്യമ പ്രവർത്തകരാണ്. 2016ൽ തൊഴിലുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കൊല്ലപ്പെട്ടത് രണ്ട് മാധ്യമപ്രവർത്തകരാണ്. എന്താണ് കാരണമെന്ന് കണ്ടെത്താനാവാത്ത മൂന്ന് കൊലപാതകങ്ങൾ വേറെയും ഉണ്ടായി. ഈ കൊലപാതകങ്ങളിൽ മിക്കതിലും ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് ഏറ്റവും ഭയനാനകമായ കാര്യം. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെ പറ്റി ശ്രദ്ധിക്കുന്ന ദി ഹൂട്ടിന്റെ പഠന പ്രകാരം 2016 ഏപ്രിൽ തൊട്ട് 2017 ഏപ്രിൽ വരെയുളള കാലയളവിൽ 54 മാധ്യമപ്രവർത്തകർ ആക്രമണത്തിനു വിധേയരായിട്ടുണ്ട്. അന്വേഷണാത്മക റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവർത്തകരാണ് ഇത്തരം അക്രമങ്ങളുടെ ഇരകളാകുന്നത്.
ആരെയും ഭയപ്പെടുത്താനല്ല ഈ കണക്കുകൾ കുറിക്കുന്നത്. മറിച്ച് ഇത്രയൊക്കെ ഭീഷണികളുണ്ടായിട്ടും നമ്മുടെ നാട്ടിൽ നട്ടെല്ല് പണയപ്പെടുത്താത്ത ആയിരക്കണക്കിന് മാധ്യമപ്രവർത്തകർ ഇന്നും ജീവിക്കുന്നു എന്ന സത്യം വിളിച്ചുപറയാനാണ്. ഒപ്പം ഒരിക്കൽ കൂടി പറയട്ടെ, ഒരു ഗൗരി പോയാൽ ആയിരം ഗൗരിമാർ അതിനേക്കാൾ ശക്തിയോടെയും ആർജ്ജവത്തോടെയും ഇവിടെ തന്നെയുണ്ടാകും. കാരണം ഞങ്ങൾ ഒരേ രക്തമാണ്. ആദരാജ്ഞലികൾ പ്രിയ ഗൗരി...