അതി­ഥി­കൾ വരു­ന്പോൾ....


പ്രദീപ് പുറവങ്കര

ആഘോഷങ്ങളുെട ആഴ്ചയാണ് പ്രവാസലോകത്ത് കടന്നുപോകുന്നത്. പെരുന്നാളിനൊപ്പം ഓണവും വന്നതുകൊണ്ട് മലയാളിയുടെ അവധി ആഘോഷങ്ങൾക്ക് പൊലിമയുമേറി. ഓരോ ആഘോഷ പരിപാടികൾക്കും നമ്മുടെ നാട്ടിൽ നിന്ന് അതിഥികളായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. കലാകാരന്മാർ, സാംസ്കാരിക പ്രതിഭകൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള നിരവധി പേർ ഇവിടെ വന്ന് ആശംസകൾ നേർന്ന് മടങ്ങി പോകുന്നു. ചാനലുകളിലും, പത്രങ്ങളിലുമൊക്കെ ദൂരെ നിന്ന് സാധാരണ മലയാളികൾക്ക് കാണാൻ സാധിക്കുന്ന മഹനീയ സാന്നിദ്ധ്യങ്ങളാണ് മിക്കവരും. അവരെ കൈയെത്തും ദൂരത്ത് കാണാനും, സംസാരിക്കാനും ലഭിക്കുന്നത് പ്രവാസികളുടെ വലിയ ഭാഗ്യം തന്നെയാണ് എന്നതിന് സംശയമില്ല. അതേസമയം പലപ്പോഴും ഇവരുടെ സാന്നിദ്ധ്യം അവരെ കൊണ്ടുവരുന്നവർക്കോ, അവർക്കൊപ്പം യാത്ര ചെയ്യാനും സമയം ചെലവഴിക്കാനോ സാധിക്കുന്നവർക്കോ പൂർണമായും ഉപയോഗപ്പെടുത്താൻ സാധിക്കാറില്ല എന്നതാണ് വാസ്തവം. വിമാനത്താവളത്തിലെ സ്വീകരണവും ഫോട്ടോെയടുപ്പും കഴിഞ്ഞാൽ മുറിയിലേയ്ക്ക് തള്ളി കിടത്തി ഉറക്കി നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ചടങ്ങുകളിൽ മാത്രം അവരെ കൊണ്ടുവന്ന് ഇരുത്തുക എന്ന ഒരു   ഒരു മിനിമം പോളിസിയാണ് പലപ്പോഴും ഇവിടെ കണ്ടുവരാറുള്ളത്. ഈ ഒരു രീതി മാറേണ്ടതല്ലേ എന്ന ഒരു ചിന്തയാണ് ഇന്ന് തോന്ന്യാക്ഷരം മുന്പോട്ട് വെക്കുന്നത്. 

ഇവിടെ വരുന്ന അതിഥികളുടെ താത്പര്യങ്ങൾക്കോ, ചെയ്യുന്ന പ്രവർത്തികൾക്കോ അനുസൃതമായി അതേ രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നവരുമായുള്ള ഒരു ആശയവിനിമയത്തിനുള്ള അവസരം ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ പ്രവാസലോകവും, ഇന്ത്യയുമായുള്ള ബന്ധത്തിന് പുതിയ മാനം കൈവരുമെന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് ഇവിടെയെത്തുന്ന രാഷ്ട്രീയ നേതാക്കളോ, സർക്കാർ ഉദ്യോഗസ്ഥരോ സൗദി കോസ് വെയും, ട്രീ ഓഫ് ലൈഫും കാണുന്നതിനോടൊപ്പം തന്നെ ഇവിടെയുള്ള അടിസ്ഥാന വികസന സൗകര്യങ്ങളെ പറ്റി വിലയിരുത്താൻ പറ്റുന്ന കാഴ്ചകളും കണ്ടാൽ പലതും നമ്മുടെ നാട്ടിൽ അവർക്ക് പകർത്താൻ പറ്റുന്നവയായിരിക്കും. ഉദാഹരണത്തിന് ഒരു മന്ത്രിയോ എം.എൽ.എയോ വന്നാൽ അവർ കാണേണ്ട ഒരു സ്ഥലം ഗൾഫിലെ ആശുപത്രികളാണ്. പ്രത്യേകിച്ച് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ വരെ. ഒരു രോഗിക്ക് കിട്ടുന്ന പരിഗണനയും, ആ ആശുപത്രികളുടെ ശുചിത്വവും ഇവർക്ക് കണ്ട് മനസിലാക്കാവുന്ന കാര്യമാണ്. ബഹ്റൈനടക്കമുള്ള രാജ്യങ്ങളിലെ ആശുപത്രികളിൽ മിക്കതും മലയാളികളായ ജീവനക്കാരുടെ അദ്ധ്വാന ഫലമായിട്ടാണ് നിലനിൽക്കുന്നത്. അതേസമയം എന്തുകൊണ്ട് നമ്മുടെ നാട്ടിലെ ആശുപത്രികൾ കാലി തൊഴുത്തിനേക്കാൾ മോശം അവസ്ഥയിൽ പ്രവർത്തിക്കുന്നു എന്ന് ഇവിടെ എത്തുന്ന നേതാക്കൾക്ക് ചിന്തിക്കാവുന്ന കാര്യമാണ്. ഇങ്ങിനെ ഓരോ മേഖലയിലും അന്താരാഷ്ട്ര നിലവാരം എങ്ങിനെയാണ് ഈ ഗൾഫ് രാജ്യങ്ങൾക്ക് ആർജിക്കാൻ സാധിച്ചതെന്ന് സ്വയം മനസിലാക്കാനുള്ള ഒരു അവസരമായി ഇത്തരം വ്യക്തികളുടെ ഗൾഫ് സന്ദർശനം മാറട്ടെ എന്നാഗ്രഹത്തോടെ...

You might also like

Most Viewed