എല്ലാ വായനക്കാർക്കും : ഒാണാശംസകൾ...
പ്രദീപ് പുറവങ്കര
പരാജയപ്പെട്ടിട്ട് പോലും വിജയിച്ച് കൊണ്ടിരിക്കുന്നവന്റെ ആഘോഷമാണ് ഓണം. ഒരു നാടിന്റെ അധിപനായിട്ടും, തന്റെ വാക്ക് പാലിക്കാൻ തല താഴ്ത്തി കൊടുത്ത് പാതാളത്തിലേയ്ക്ക് പോകാൻ തയ്യാറായ മഹാബലിയുടെ കഥ എത്ര തന്നെ കേട്ടാലും നമ്മൾ മലയാളികൾക്ക് മതിവരാറില്ല. അതേസമയം ഇന്ന് നമുക്കൊന്നും തന്നെ തോറ്റ് കൊടുക്കാൻ അറിയില്ല. എനിക്കും തെറ്റ് പറ്റാറുണ്ടെന്ന് എവിടെയും നാം സമ്മതിക്കില്ല. തോൽവിയിൽ രസം കണ്ടെത്തുന്നതിനെക്കാൾ നമ്മൾ വിജയങ്ങളിൽ അഹങ്കരിക്കുന്നു. വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചകൾ മുതൽ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ വരെ ഞാൻ പിടിച്ച മുയലിന് മൂന്ന് തന്നെ കൊന്പ് എന്ന നിലപാടിൽ ഉറച്ച്, അനാവശ്യ സമ്മർദ്ദങ്ങളുടെ തടവറയിൽ സ്വയം എരിഞ്ഞടങ്ങനാണ് നമുക്ക് താൽപ്പര്യം. എന്നെ ചുറ്റി ലോകം സഞ്ചരിക്കുന്നു എന്ന വിശ്വാസത്തിൽ ജന്മം തീർക്കുന്ന മഹാഭൂരിഭാഗം പേരിൽ അപൂർവം അങ്ങിനെയല്ലാത്തവർ മാത്രം അനശ്വരരായി മാറുന്നു. ഈ ഭൂമുഖത്ത് നിന്ന് മാഞ്ഞുപോയിട്ടും അവർ ജനഹൃദയങ്ങളിൽ വസിക്കുന്നു. മാവേലിയും അതുപോലെയാണ്. അതുകൊണ്ട് തന്നെയാണ് ജയിച്ച വാമനനെക്കാൾ തോറ്റ് ജയിച്ചു കൊണ്ടിരിക്കുന്ന മാവേലിയെ ഇന്നും നമ്മളൊക്കെ ഓർക്കുന്നത്.
മലയാളികൾക്ക് ഓണം കന്പോളത്തിന്റെ ഉത്സവമായി മാറിയിട്ട് വർഷങ്ങളേറെയായിരിക്കുന്നു. ആവശ്യത്തിലധികം ലോണുകൾ തരാൻ ബ്ലേഡ് കന്പനിക്കാരും, ക്രെഡിറ്റ് കാർഡ് ലിമിറ്റ് കൂട്ടാൻ ബാങ്കുകളും മത്സരിക്കുന്പോൾ മലയാളിക്ക് ഓണം എന്നത് കൈയിലെ പണം തീർക്കാനുള്ള അവസരമായി മാറുന്നു. അതേസമയം നമ്മുടെ ഇടയിലെ ചിലരുടെ കൈയിൽ പണമല്ലാതെ മറ്റൊന്നുമില്ല. ആവശ്യത്തിലധികം ടെൻഷനും, പ്രഷറുമായി ഓടി നടക്കുന്ന ആ പാവപ്പെട്ടവർക്കും ഓണാശംസ നേരുന്നു. ഈ ദിവസമെങ്കിലും, നിങ്ങൾക്ക് അൽപ്പം സന്തോഷവും, സമാധാനവും ലഭിക്കട്ടെ. ഏവർക്കും ഓണത്തിന്റെ എല്ലാ നന്മകളും ഉണ്ടാകട്ടെ... സ്നേഹപൂർവം