തനിയെ ജീവിക്കുന്പോൾ....
പ്രദീപ് പുറവങ്കര
ജീവിതത്തിലെ ഏറ്റവും വിഷമമേറിയ കാര്യം തനിച്ചാവുക എന്നതാണ്. അതറിയുന്നത് കൊണ്ടാവാം നമ്മുടെ നിയമങ്ങൾ ഒരു കുറ്റവാളിയെ ജയിലിനകത്ത് കിടത്തുന്നത്. പ്രിയപ്പെട്ടവരെ കാണിക്കാതെ ഒരു സ്ഥലത്ത് കുറച്ച് കാലം പൂട്ടിയിട്ടാൽ ഉണ്ടാകുന്ന മാനസിക പ്രയാസം തന്നെയാണ് ലോകത്തേറ്റവും വലിയ ശിക്ഷ എന്ന് അവർ തിരിച്ചറിയുന്നു. ജയിലിൽ പോകാതെ തന്നെ ഈ ശിക്ഷ സ്വയം വാങ്ങിക്കൂട്ടുന്നവരാണ് പ്രവാസ ലോകത്തുള്ള മഹാഭൂരിഭാഗവും. ലേബർ അക്കമോഡേഷനിൽ ലഭിക്കുന്ന മിതമായ സൗകര്യങ്ങളിൽ ഒതുങ്ങി ജീവിക്കുന്നവരും, ഷേയറിങ്ങ് ഫ്ളാറ്റുകളിൽ ഒരു മുറിയുടെ ആർഭാടത്തിൽ ജീവിതം തള്ളി നീക്കുന്നവരുടെയുമൊക്കെ തലയണകൾ അതു കൊണ്ട് തന്നെ അവരുടെ കണ്ണുനീരിൽ എന്നും നനഞ്ഞ് കുതിർന്ന് പോകുന്നു. നാട്ടിലെ പ്രാരബ്ധങ്ങളാണ് എല്ലാവരെയും കടൽ കടന്ന് ഇങ്ങെത്താൻ പ്രേരിപ്പിക്കുന്നത്. കാലം മുന്പോട്ട് പോകുന്പോൾ മാതാപിതാക്കളുടെ തളർച്ചയും, മക്കളുടെ വളർച്ചയും, ഭാര്യയുടെ വിളർച്ചയുമൊക്കെ പാവം പിടിച്ച ഭൂരിഭാഗം പ്രവാസികൾക്ക് അവരുടെ മനസിൽ ഊഹിക്കാനെ സാധിക്കുന്നുള്ളൂ. ഇന്ന് ആധുനികമായ ഫോൺ സൗകര്യങ്ങൾ ഉള്ളത് കൊണ്ട് നേരിട്ട് കണ്ട് സംസാരിക്കാൻ ആകുന്നു എന്നത് മാത്രം ആശ്വാസം.
തനിച്ചാകലിനെ പറ്റിയാണ് നമ്മൾ പറഞ്ഞ് വന്നത്. അതിന് ഒരു കാരണമുണ്ട്. കഴിഞ്ഞ ദിവസം ബഹ്റൈനിൽ നടന്ന ഒരു മരണമാണത്. മലയാളിയായ പരേതൻ തനിച്ചായിരുന്നുവത്രെ അദ്ദേഹത്തിന്റെ മുറിയിലുണ്ടായിരുന്നത്. ഹൃദയാഘാതം വന്ന് മുറിയിൽ മരിച്ചുവീണ അദ്ദേഹത്തെ കണ്ടെത്തുന്നത് പതിനാല് മണിക്കൂറോളം കഴിഞ്ഞായിരുന്നു. അപ്പോഴേക്കും ആ ശരീരം അഴുകിയിരുന്നു. ഇത് കാരണം സാധരണ പ്രവാസലോകത്ത് ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന പ്രവാസിക്ക് ലഭിക്കുന്ന അവസാന വിമാനയാത്ര അദ്ദേഹത്തിന് നഷ്ടമായി. ശരീരം എംബാം ചെയ്യാൻ പറ്റാത്തത് കാരണം ആ മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കേണ്ടിയും വന്നു. ഇത് തനിയെ താമസിക്കുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ട കാര്യമാണ്.
നിങ്ങൾക്കുമുണ്ടാകാം, തനിയെ താമസിക്കുന്ന സുഹൃത്തുക്കൾ. അവരെ ഇടയ്ക്ക് ഒക്കെ ഒന്ന് വിളിക്കുക. സുഖമില്ലെന്ന് പറഞ്ഞ് ഒന്ന് വിശ്രമിക്കട്ടെ എന്ന് പറയുന്നവരെയും മറക്കാതിരിക്കുക. പ്രത്യേകിച്ച് ഇവിടെ ആഘോഷങ്ങളുടെ ദിനങ്ങളാണ് കടന്നുപോകുന്നത്. ആഘോഷ രാവുകളെ സന്പന്നമാക്കാൻ ആവശ്യമില്ലാത്തതൊക്കെ വാരിവലിച്ച് ശരീരത്തിലേയ്ക്ക് നമ്മൾ കയറ്റിവെക്കും. അവയെ താങ്ങാൻ പറ്റിയില്ലെങ്കിൽ ശരീരം പ്രതികരിക്കും. ഇത് മനസിലോർക്കുക. നമ്മെ വിശ്വസിച്ച്, ആശ്രയിച്ച് എത്രയോ പേർ നാട്ടിലുണ്ടെന്നും ഓർക്കുക. ജീവിതം വളരെ ചെറുതാണ്. അതറിയണമെങ്കിൽ ഇടയ്ക്കൊക്കെ ഒരു നിമിഷം കൂടി തനിക്ക് ലഭിച്ചെങ്കിൽ എന്നാഗ്രഹിക്കുന്ന അത്യാഹിത വിഭാഗങ്ങളിലെ രോഗികളെ സന്ദർശിച്ചാൽ മതിയെന്ന് കൂടി ഓർമ്മിപ്പിക്കട്ടെ...