ബലി­പെ­രു­ന്നാൾ‍ ആശംസകൾ


പ്രദീപ് പുറവങ്കര 

വന്ന അക്ഷരങ്ങളിൽ‍ കലണ്ടർ‍ തിയ്യതികൾ‍ തെളിയുന്പോൾ‍ അത് ആഘോഷത്തിന്റെ മുന്നറിയിപ്പാണ്, പലതിന്റെയും ഓർ‍മ്മപ്പെടുത്തലുകളാണ്. വീണ്ടും അത്തരമൊരു ഓർ‍മ്മയുടെ ബലിപെരുന്നാൾ‍ നമ്മെ തേടിയെത്തിയിരിക്കുന്നു. സങ്കുചിതമായ ചിന്തകളെ മാറ്റി വെച്ചുകൊണ്ട്  പരസ്പരം സ്നേഹസൗഹാർ‍ദങ്ങൾ പങ്കിടുന്പോഴാണ് ഏതൊരു ആഘോഷത്തിനും അർ‍ത്ഥമുണ്ടാകുന്നത്. മനുഷ്യ മനസിന്റെ നന്മകളിലേയ്ക്ക് ഊർ‍ന്നിറങ്ങുന്ന, അവന്റെ അന്തരാത്മാവിന്റെയുള്ളിൽ‍ കുടികൊള്ളുന്ന പരമമായ സത്യത്തെ തിരിച്ചറിയുന്ന നിമിഷം കൂടിയാവണം ഇത്തരം ആഘോഷങ്ങൾ‍.

അതുകൊണ്ട് തന്നെ ആഘോഷങ്ങളെല്ലാം തന്നെ പരസ്പരം പങ്ക് വെയ്ക്കലിന്റേതാവണം. വേദനകൾ‍ മറന്ന് പുഞ്ചിരിക്കാൻ‍, പരസ്പരം സ്നേഹത്തോടെ വാരിപ്പുണരാൻ‍ പറ്റുന്ന മുഹൂർ‍ത്തങ്ങളാകണം അതൊക്കെ. ജാതി മത വർ‍ണ രാഷ്ട്രീയ ഭേദമന്യേ, മനുഷ്യനുണ്ടാക്കിയ ആ വേർ‍തിരിവുകൾ‍ മനുഷ്യസമൂഹത്തിൽ‍ തന്നെ എത്രമാത്രം ദുർ‍ബലമാണെന്ന് തെളിയിക്കേണ്ട സുവർ‍ണാവസരം കൂടിയായി മാറണം ഇത്തരം ആഘോഷങ്ങൾ‍. മനുഷ്യൻ എന്നത് ജീവജാലങ്ങളിലെ ഒരു ജാതിയാണെന്നും, പരസ്പര സ്നേഹമാണ് മനുഷ്യന്റെ മതമെന്നും തിരിച്ചറിയേണ്ട ദിവസങ്ങളാണിവ. ഒന്നിച്ചിരുന്ന് ഒരു പായസം കുടിച്ചാലോ, ബിരിയാണി കഴിച്ചാലോ,  പരസ്പരം ഒന്നു ചിരിച്ചു പോയാലോ ഒരു ദൈവവും മനുഷ്യനോട് കോപിക്കില്ലെന്ന സാമാന്യ ബോധമെങ്കിലും ഇത്തരം ആഘോഷചടങ്ങുകളിൽ‍ നാം പങ്കിടണം. 

അതുകൊണ്ട് തന്നെ ഹജ്ജും പെരുന്നാളും ഉയർ‍ത്തുന്ന സ്നേഹത്തിന്റെ, സമഭാവനയുടെ, സാഹോദര്യത്തിന്റെ വിശുദ്ധ സന്ദേശം നമ്മുടെ മനസ്സുകളിൽ‍ ഏറ്റുവാങ്ങുക! ഏറ്റവും സ്നേഹത്തോടെ ബലിപെരുന്നാളിന്റെ ആശംസകൾ നിങ്ങൾ‍ക്കേവർ‍ക്കും നേർ‍ന്നു കൊണ്ട് സ്നേഹത്തോടെ...

You might also like

Most Viewed