സ്വപ്നങ്ങളെ­ കരി­ച്ചു­ കൊ­ണ്ടൊ­രു­ വി­ധി­....


പ്രദീപ് പുറവങ്കര

മെഡിക്കൽ വിദ്യാഭ്യാസമെന്നത് എത്രയോ വിദ്യാർത്ഥികളുടെ സ്വപ്നമാണ്. കേവലം പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല പലരും ഈ സ്വപ്നം കാണുന്നത്. മറിച്ച് ആ തൊഴിലിനോടുള്ള താത്പര്യം കൊണ്ടുമാണ്. പഠനം കഴിഞ്ഞതിന് ശേഷം സമൂഹത്തിന് ഏറ്റവുമധികം ആവശ്യമുള്ളവരാണ് മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർ. ഇങ്ങിനെയുള്ള ഒരു മേഖലയിൽ സ്വാശ്രയ മെഡിക്കൽ ഫീസ് സംബന്ധിച്ച് വന്ന സുപ്രീം കോടതിയുടെ വിധി സൃഷ്ടിച്ച ആശങ്കയിലാണ് ഈ വർഷം മെ‍‍ഡിക്കൽ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും. ഫീസ് 11 ലക്ഷമാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഫീസ് ഘടന അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി, ബാങ്ക് ഗ്യാരണ്ടി നൽകാൻ 15 ദിവസത്തെ സമയമാണ് നൽ‍കിയിരിക്കുന്നത്. ഇത് കാരണം നിരവധി വിദ്യാർ‍ത്ഥികളാണ് കോളേജുകൾ ആവശ്യപ്പെട്ട ഫീസും ബാങ്ക് ഗ്യാരണ്ടിയും നൽകാൻ‍ കഴിയാതെ നിരാശയോടെ മടങ്ങിപ്പോകുന്നത്. സാധാരണക്കാരന് താങ്ങാൻ പറ്റാത്ത ഈ വാർഷിക ഫീസ് എങ്ങിനെയാണ് ഒരാൾ കണ്ടെത്തുക എന്നും മനസിലാകുന്നില്ല. 

മുന്പ് രണ്ട് ലക്ഷം രൂപ മാത്രം ഫീസ് കൊടുക്കേണ്ടിയിരുന്ന സീറ്റുകളിലേയ്ക്ക് അതിന്റെ അഞ്ചിരട്ടിയോളം നൽകേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഒരു വർഷം 11 ലക്ഷം നൽകാൻ കെൽപ്പുള്ള എത്ര പേർ നമ്മുടെ നാട്ടിലുണ്ടാകുമെന്നാണ് ബഹുമാനപ്പെട്ട കോടതി കരുതുന്നതെന്ന് മനസിലാകുന്നില്ല. എല്ലാ കോളേജുകളിലും 85 ശതമാനം സീറ്റിൽ ഒരുവർഷം അഞ്ചുലക്ഷമെന്ന ഏകീകൃത ഫീസാണ് ഫീസ് നിർണയ സമിതി ആദ്യം നിശ്ചയിച്ചിരുന്നത്. കോളേജുകളുടെ കഴിഞ്ഞവർഷത്തെ ഫീസ് വരുമാനത്തിന്റെ ശരാശരി കണക്കാക്കിയായിരുന്നു ആ തീരുമാനം. അതുപോലെ തന്നെ സ്വകാര്യ കോളേജുകളുടെ പലവിധത്തിലുള്ള ഫീസിന് തടയിടാനായിരുന്നു മെഡിക്കൽ പ്രവേശനത്തിന് നീറ്റ് എന്ന ഏകീകൃത പരീക്ഷ കൊണ്ടുവന്നത്. എന്നാൽ ഇപ്പോൾ അതുകൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നും മെഡിക്കൽ വിദ്യാഭ്യാസം സ്വപ്നം കാണുന്നവർക്ക് മനസിലാകുന്നില്ല. പുതിയ വിധിയോ തികച്ചും വാണിജ്യവത്കരിക്കപ്പെട്ടിരിക്കുകയാണ് ഈ മേഖല എന്നും പറയാതിരിക്കാൻ വയ്യ.

വിദ്യാർഥികൾക്ക് ഇനി ആശ്രയം ഫീസ് നിർണയ സമിതിയെ മാത്രമാണ്. കോളേജുകളുടെ വരവുചെലവ് കണക്ക് കൃത്യമായി വിലയിരുത്തി വിദ്യാർഥികൾക്ക് താങ്ങാനാവുന്നതുമായ ഫീസ് അവർ കണക്കാക്കുകയും, അത് കോടതിയെ കൊണ്ട് അംഗീകരിപ്പിക്കാനും തുടർന്ന് വിദ്യാർത്ഥികൾക്ക് അനുകൂലമായ വിധി നേടാനുമാവണം സർക്കാരും, ഉദ്യോഗസ്ഥരും ശ്രമിക്കേണ്ടത്. അല്ലെങ്കിൽ നിരവധി വിദ്യാർത്ഥികൾക്കൊപ്പം അവരുടെ മാതാപിതാക്കളുടെയും സ്വപ്നങ്ങൾ കണ്ണീരണിയും, ഉറപ്പ്. ഉയർ‍ന്ന മാർക്ക് ഉണ്ടെങ്കിലും പണം ഉള്ളവർ മാത്രം ഇവിടെ എംബിബിഎസ് പഠനം ആഗ്രഹിച്ചാൽ മതി എന്ന ഈ സ്ഥിതി മാറുമെന്ന ശുഭ പ്രതീക്ഷയോടെ...

You might also like

Most Viewed