ഒളി­ച്ചി­രി­ക്കു­ന്ന തട്ടി­പ്പു­കളും...


പ്രദീപ് പുറവങ്കര

പ്രവാസ ലോകത്ത് ഏറ്റവും സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നവരാണ് സാമൂഹ്യ പ്രവർത്തകർ. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരക്കം പാച്ചിലിനിടയിലും സമൂഹത്തിന്റെ ചില ആവശ്യങ്ങളെങ്കിലും ഏറ്റെടുത്ത് നടത്തുന്നത് ഇത്തരം നല്ല സാമൂഹ്യപ്രവർത്തകരാണ്. ചിലർക്ക് സാമൂഹ്യ പ്രവർത്തനം പത്രത്തിൽ പടം വരാൻ വേണ്ടിയാണെങ്കിൽ പോലും എല്ലാവർക്കും ഇത് ചെയ്യാനുള്ള മനസ് ഉണ്ടാകണമെന്നില്ല. ഈ ഒരു വിഷയത്തെ പറ്റി ഓർക്കാൻ കാരണമായത് മുന്പൊരിക്കൽ ഒരു സുഹൃത്ത് വിളിച്ച് സാമൂഹ്യപ്രവർത്തകനാകാനുള്ള വഴികൾ ചോദിച്ച സംഭവമാണ്. അത്യാവശ്യം കാശൊക്കെയായപ്പോൾ പിന്നെ ഇനി വേണ്ടത് പ്രശസ്തിയാണെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം ആ ഒരു ചോദ്യം വളരെ നിഷ്ങ്കളങ്കമായി ചോദിച്ചത്. അതിന് വേണ്ടി അദ്ദേഹം കുറച്ച് പൈസ മാറ്റിവെക്കാനും തയ്യാറാണെന്നും പറഞ്ഞു. അന്ന് ഒന്നും മറയില്ലാതെ തന്റെ ലക്ഷ്യങ്ങൾ നന്നായി തന്നെ പറഞ്ഞ അദ്ദേഹത്തോട് സത്യത്തിൽ തോന്നിയത് വലിയ സ്നേഹമാണ്. ഏകദേശം ഇതേ അവസ്ഥയാണ് നമ്മുടെ നാട്ടിലെ ബഹുമാന്യരായ പല പ്രമുഖരുടേതുമെന്നത് യാഥാർത്ഥ്യമാണ്. ഇവരെ എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ടിച്ചാൽ അവർക്ക് പിന്നിൽ ജനങ്ങൾ അണിനിരക്കും. അതിന്റെ പ്രധാന കാരണം ഇവർ ഇറക്കുന്ന മുതൽ അഥവാ മൂലധനം തന്നെയാണ്. 

ഉദാഹരണത്തിന് ഉത്തേരന്ത്യയിൽ ഒരു ആത്മീയ നേതാവ് ബലാത്സംഗ കേസിൽ ജയിലിനകത്ത് പോകുന്പോൾ ആളുകൾ റോഡിലിറങ്ങി അഴിഞ്ഞാടുന്നത് അന്ധമായ ആൾദൈവ ആരാധന കൊണ്ട് മാത്രമല്ല. ഹരിയാനയും പഞ്ചാബും പോലെയുള്ള സംസ്ഥാനങ്ങളിൽ പട്ടിണി കിടന്നിരുന്ന ഒരു വലിയ സമൂഹത്തിന് ഭക്ഷണം കൊടുത്തും, അവരെ പോറ്റി വളർത്തിയതിന്റെയും സ്നേഹമാണ് മഹാഭൂരിഭാഗം പേരും കാണിച്ചു കൊണ്ടിരിക്കുന്നത്. കേവലം പുരുഷ ശിഷ്യന്മാർ മാത്രമല്ല അദ്ദേഹത്തിന് വേണ്ടി വാളും വടിയുമൊക്കെ എടുത്ത് കണ്ണിൽ കണ്ടതൊക്കെ തച്ചുടച്ചത്. മറിച്ച് ധാരാളം സ്ത്രീകളും ഇതിന്റെ ഭാഗമായി. രാഷ്ട്രീയ കക്ഷികൾ വർഷങ്ങളുടെ ഇടവേളകളിൽ വോട്ട് യാചിക്കാനും, പറ്റിക്കാനും മാത്രം വരുന്നവരാകുന്പോൾ ഈ പാവപ്പെട്ടവരുടെ വയറ് നിറയ്ക്കുന്നത് ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് വീടും ഭക്ഷണവും നൽകുന്പോൾ അതിന്റെ നന്ദി എങ്ങിനെ അവർ തിരികെ കാണിക്കാതിരിക്കും എന്നതും ചിന്തിക്കേണ്ട വിഷയമാണ്. അതുകൊണ്ട് തന്നെ ദാരിദ്ര്യത്തിന്റെയും, വിദ്യാഭ്യാസമില്ലായ്മയുടെയും പരിണിത ഫലങ്ങളാണിത് എന്ന് പറയേണ്ടിയിരിക്കുന്നു. അതോടൊപ്പം സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും മനുഷ്യത്വഹീനമായ ജാതിവ്യവസ്ഥയുടെ ഇരകളായി തുടരുന്നവരാണ് ഇപ്പോൾ പിടിയിലായ ആത്മീയ നേതാവിന്റെ ശിഷ്യരിൽ മിക്കവരും. ചാതുർവർണ്യത്തിന്റെ ഇരകളായി പുഴുസമാനമായ ജീവിതം നയിച്ചിരുന്ന ഇവരെ തന്റെ പണകൊഴുപ്പ് കൊണ്ട് മായികവലയത്തിലാക്കാൻ സാധിച്ചു എന്നതാണ് യാഥാർത്ഥ്യം. അവിടെ ഇയാംപാറ്റകളെ പോലെ ആർത്തലെച്ചെത്തിയ മനുഷ്യരെ തങ്ങളുടെ വോട്ടുബാങ്കാക്കി മാറ്റാമെന്ന് രാഷ്ട്രീയകക്ഷികൾ തിരിച്ചറിഞ്ഞപ്പോഴാണ് ആത്മീയനേതാവിന് ചിറകുകൾ മുളച്ചത്. ആരും തന്നെ പിടിച്ച് കെട്ടില്ലെന്ന് തോന്നുന്പോൾ അവരുടെ വിളയാട്ടങ്ങളും വർദ്ധിക്കുന്നു. 

ഇത് അതാത് ഭരണകൂടങ്ങൾ തിരിച്ചറിയേണ്ട കാര്യമാണ്. തങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്പോഴാണ് അവിടെ ഇതുപോലെയുള്ള വ്യക്തികൾ ചൂഷണം ആരംഭിക്കുന്നത്. മൗനം സമ്മതം എന്ന തരത്തിൽ ആ ചൂഷണങ്ങൾക്ക് കുട പിടിക്കുന്നവരായി രാഷ്ട്രീയ നേതൃത്വങ്ങൾ മാറുന്പോൾ അവിടെ പുതിയ തട്ടിപ്പുകൾ നടന്നുകൊണ്ടേയിരിക്കുന്നു എന്നു ഓർമ്മിപ്പിച്ചു കൊണ്ട്...

You might also like

Most Viewed