വാചകത്തെക്കാൾ വേണ്ടത് പ്രവർത്തിയാണ്...
പ്രദീപ് പുറവങ്കര
ബലാത്സംഗ കേസിൽ ദേര സച്ച സൗദ തലവനും സ്വയംപ്രഖ്യാപിത ദൈവവുമായ ഗുർമീത് റാം റഹീമിന് പ്രത്യേക സിബിഐ കോടതി അങ്ങിനെ പത്ത് വർഷത്തെ തടവ് ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നു. വിധി കേട്ട പഞ്ചനക്ഷത്ര ബാബ കോടതി മുറിയായി രൂപപ്പെടുത്തിയ ജയിൽ മുറിയിൽ പൊട്ടിക്കരഞ്ഞുവെന്ന് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. കഴിഞ്ഞദിവസം ഇയാൾ കുറ്റക്കാരനാണെന്ന് പഞ്ച്ഗുളയിലെ സിബിഐ കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ ഹരിയാനയിൽ പൊട്ടിപ്പുറപ്പെട്ട കലാപം അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് ബാധിച്ചിരുന്നു. ഇങ്ങിനെ ഒരു വിധി പുറത്ത് വരുന്പോൾ ഇന്ത്യൻ നീതിപീഠത്തിലുള്ള വിശ്വാസമാണ് പൊതുസമൂഹത്തിന് ഏറുന്നത്. എത്ര ആദരിക്കപ്പെടുന്നയാളാണെങ്കിൽ പോലും ഒരു കുറ്റകൃത്യം ചെയ്യുന്പോൾ അതിന് ശിക്ഷ ലഭിക്കുമെന്ന ഉറപ്പാണ് ഈ സംഭവം ഒരിക്കൽ കൂടി തെളിയിക്കുന്നത്.
അതോടൊപ്പം കഴിഞ്ഞ ദിവസം കോടതി പ്രധാനമന്ത്രി നരേദ്രമോഡിയോട് ചോദിച്ച ചോദ്യവും ഇക്കാലത്ത് പ്രസക്തമാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് എന്ന് കോടതിക്ക് ഓർമ്മിപ്പിക്കേണ്ടി വന്നിരിക്കുന്നു. ഉന്നതമായ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏതൊരു ജനപ്രതിനിധിയും ഓർക്കേണ്ട വാക്കാണിത്. തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് മുകളിൽ പൊതുസമൂഹത്തിന്റെ താൽപ്പര്യം കൂടി സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കുന്നവരായിരിക്കണം ജനപ്രതിനിധികൾ എന്ന് കോടതിയുടെ ഈ പരമാർശം ആവർത്തിച്ച് ഉറപ്പിക്കുന്നു.
നമ്മുടെ നാട് കൊലപാതകങ്ങളുടെയും, ശിശുമരണങ്ങളുടെയും നാടായി അറിയിപ്പെടുന്നത് നാണക്കേടാണ്. അത്തരം നാണക്കേടുകളെ ഇല്ലാതാക്കാനുള്ള വഴികളാണ് പ്രധാനമന്ത്രി ആലോചിക്കേണ്ടത്. എല്ലായ്പ്പോഴും പി.ആർ ഏജൻസികൾക്ക് സഹായിക്കാൻ പറ്റണമെന്നില്ല. വംശീയ വിദ്വേഷത്തിന്റെയും, ഉന്മൂലന രാഷ്ട്രീയത്തിന്റെയും, രാഷ്ട്രീയ അധാർമികതയുടെയും പ്രതീകമാകരുത് ഇന്ത്യ പോലെയുള്ള രാജ്യത്തെ ഭരണാധികാരികൾ. ഹരിയാനയിൽ ഒരു ബലാൽത്സംഗ കേസിലെ വിധി പുറപ്പെടുവിക്കുന്പോൾ അവിടെ കലാപമുണ്ടായാൽ തന്നെ അതിനെ നേരിടാൻ അവിടുത്തെ സംസ്ഥാന സർക്കാർ പ്രാപ്തമല്ലെങ്കിൽ ആ സർക്കാരിനെ പിരിച്ച് വിടാനുള്ള ആർജ്ജവം കേന്ദ്രസർക്കാർ കാണിക്കേണ്ടതായിരുന്നു. അത് ചെയ്യാതെ മൻ കി ബാത്ത് നടത്തി കുറേ നല്ല വാചകങ്ങൾ ഉരുവിട്ടത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. അങ്ങിനെ ചെയ്യുന്പോൾ ഈ അക്രമങ്ങളിൽ തനിക്കും പങ്കുണ്ടെന്ന് പറയാതെ പറയുന്നത് പോലെയായി മാറുന്നു കാര്യങ്ങൾ.
അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞത് ഇങ്ങിനെയായിരുന്നു. “നിയമം കൈയിലെടുക്കാൻ ആരേയും അനുവദിക്കില്ല. കുറ്റക്കാരെ ശിക്ഷിക്കും. വിശ്വാസത്തിന്റെ പേരിൽ അക്രമം അനുവദിക്കില്ല. ഉത്സവങ്ങളുടെ കാലത്ത് അക്രമത്തിന് സ്ഥാനമില്ല. ബുദ്ധന്റേയും മഹാത്മാ ഗാന്ധിയുടേയും നാട് സമാധാനത്തിന്റേതാണ്. അംബേദ്ക്കർ തയ്യാറാക്കിയ ഭരണഘടന എല്ലാവർക്കും നീതിയും പ്രശ്‌നപരിഹാരവുമാണ് വാഗ്ദാനം ചെയ്യുന്നത്” ഇങ്ങിനെ പറഞ്ഞുവെക്കുന്പോഴും നമ്മുടെ നാട്ടിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലും, ഉടുക്കുന്ന വസ്ത്രത്തിന്റെ പേരിലും, വിശ്വാസങ്ങളുടെ പേരിലുമൊക്കെ മനുഷ്യർ കൊല്ലപ്പെടുന്നു എന്നത് യാത്ഥാർത്ഥ്യമാണ്.
നഷ്ടപ്പെട്ട ഒരു ഇന്ത്യയെക്കുറിച്ചുള്ള ഒരു വേവലാതിയല്ല ഇവിടെ പങ്കുവെയ്ക്കുന്നത്. മറിച്ച് ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കേണ്ടവർ തന്നെ അതിന്റെ അടിത്തറ മാന്തുന്നത് കാണുന്പോൾ ഈ രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരെപ്പോലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും ഉണ്ടാകാവുന്ന ആശങ്കകളാണ്. 31 ശതമാനത്തോളും വോട്ടുകൾ നേടിയാണ് ശ്രീ നരേദ്ര മോഡിയുടെ സർക്കാർ അധികാരത്തിലെത്തിയത്. അതിന്റെ അർത്ഥം ബാക്കി വരുന്ന 69 ശതമാനം ആളുകൾ ദുരിതജീവിതം നയിക്കണമെന്നല്ല. തുല്യനീതിയും, തുല്യമായ അവകാശങ്ങളും ലഭിക്കുന്ന ഒരു ഒരു കാലം വരുമെന്ന പ്രതീക്ഷയോടെ...