മൂ­ടി­വെ­യ്ക്കപ്പെ­ടു­ന്ന സത്യങ്ങൾ...


പ്രദീപ് പുറവങ്കര

ജനാധിപത്യ വ്യവസ്ഥിതിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വിയോജിക്കാനുള്ള അവകാശമാണ്. നമ്മുടെ രാജ്യത്ത് ആ അവകാശം ഹനിക്കപ്പെടുന്ന എത്രയോ സംഭവങ്ങൾ എന്നുമുണ്ടായിട്ടുണ്ട്. അതിന്റെ വലിയൊരു രൂപമായിരുന്നു അടിയന്തരാവസ്ഥ കാലം. ഭരിക്കുന്നവരെ പറ്റി എന്തുതന്നെ വിയോജിപ്പുണ്ടെങ്കിലും അത് പ്രകടിപ്പിക്കാതെ പഞ്ചപുച്ഛമടക്കി നിൽക്കുക എന്ന അവസ്ഥയാണ് ഈ അവകാശത്തിന്റെ വിപരീതം. ആ സാഹചര്യത്തെ മറികടക്കാൻ എന്നും ശ്രമിച്ചത് നമ്മുടെ നാട്ടിലെ മാധ്യമങ്ങളായിരുന്നു. പക്ഷെ ഇന്ന് ഈ ഒരു മേഖലയും വ്യത്യസ്തകരമായ ഭീഷണികളാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് പറയാതിരിക്കാൻ വയ്യ.

വാർത്താമുറികളിലും, എഡിറ്റോറിയൽ ഡെസ്ക്കുകളിലും മുന്പുള്ള സ്വാതന്ത്ര്യമൊന്നും ഇന്ന് ആർക്കും തന്നെ ലഭിക്കുന്നില്ലെന്നതാണ് യാത്ഥാർത്ഥ്യം. വ്യാപക പ്രചാരമുള്ള ഓൺലൈൻ മീഡിയകളിൽ പോലും വൻകിട കോർപ്പറേറ്റ് സംവിധാനങ്ങളുള്ള മാനേജ്മെന്റുകളാണ് തീരുമാനങ്ങളെടുക്കുന്നത്. അടിമത്വത്തിനെതിരെ പ്രതികരിക്കേണ്ട മാധ്യമ പ്രവർത്തകർ തന്നെ അടിമകളായി മാറുന്ന ഈ കാഴ്ച്ചയാണ് ഇന്നിന്റെ ദുരോഗ്യം. ജോലിസാധ്യതകൾ കുറഞ്ഞുവരുന്ന ഈ മേഖലയിൽ മിക്കവരും ഇത്തരം ഒരു അവസ്ഥയിലും തങ്ങളുടെ ജോലി നഷ്ടപ്പെടുത്താനും തയ്യാറുമല്ല. ജനങ്ങൾ നേരിടുന്ന യഥാർത്ഥമായ സാമൂഹിക സാന്പത്തിക പ്രശ്നങ്ങളെ പറ്റി ഇന്ന് മാധ്യമങ്ങളിൽ മിക്കതും ചർച്ചകൾ നടക്കാത്തതിന്റെ കാരണവും ഇതു തന്നെയാണ്. 

മിക്കയിടങ്ങളിലും വിഭാഗീയത നിറയ്ക്കുന്ന, വൈകാരികത സൃഷ്ടിക്കുന്ന വാർത്തകൾ മസാലകൾ ചേർത്ത് വായനക്കാരനോ കാഴ്ച്ചക്കാരനോ നൽകുന്ന, കേവലം വാർത്ത വിളന്പുന്നവരായി പ്രമുഖ മാധ്യമപ്രവർത്തകർ വരെ അധപതിച്ചു കൊണ്ടിരിക്കുന്നു. സ്ഥിരമായി വരുന്ന ചിലരല്ലാതെ, അടിച്ചമർത്തപ്പെടുന്ന ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രതിനിധിയെയോ, ഏറ്റവും കുറ‍ഞ്ഞത് ഒരു കർഷകനെയോ എങ്കിലും ചർച്ചകളിൽ കാണാത്തത് ഈ ഒരു ലക്ഷ്യത്തിന്റെ ഭാഗമായാണ്. 

രാജ്യത്ത് വലിയ കർഷകസമരങ്ങൾ നടക്കുന്ന കാലമാണിത്. ദളിത്, പിന്നോക്ക വിഭാഗങ്ങളിൽ അസ്വസ്ഥതകൾ ഏറെയുണ്ട്. എത്രയോ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ചു കൊണ്ടിരിക്കുന്നു. വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് കർഷകർ ആത്മഹത്യ ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർ‍ഷത്തിനിടെ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില 18 ശതമാനത്തോളം വർ‍ദ്ധിച്ചു. പക്ഷെ ഇതൊന്നും തന്നെ ചർച്ചയ്ക്ക് വെക്കാൻ പകിട്ടില്ലാത്ത വിഷയങ്ങളാണ്. വിഷയമാകുന്നത്, ധനാഢ്യരുടെ പൊങ്ങച്ച കഥകളും, സണ്ണി ലിയോൺ കൊച്ചിയിൽ വരുന്നതും, ജനപ്രിയനായകൻ ജയിലിനകത്ത് ഗോതുന്പണ്ട തിന്നുന്നതുമൊക്കെയാണ് എന്ന് മാത്രം. വിദേശ ബാങ്കുകളിൽ അനധികൃത നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരം പുറത്ത് വിടുമെന്ന് പറഞ്‍ഞ സർക്കാർ ഇപ്പോൾ അത് മറന്നിരിക്കുന്നു. ഇങ്ങിനെ യാഥാർത്ഥ്യവുമായി ഏറെ ദൂരത്തേയ്ക്ക് പൊതുമനസിനെ എത്തിക്കുന്നതിൽ ഏറെ പങ്ക് വലിയൊരു വിഭാഗം മാധ്യമങ്ങൾ വഹിക്കുന്നുണ്ട് എന്ന സത്യം ഓർമ്മിപ്പിച്ചുകൊണ്ട്... 

You might also like

  • Lulu Exchange
  • Straight Forward

Most Viewed