തുരുന്പ് പിടിക്കുന്ന ആത്മീയത...
പ്രദീപ് പുറവങ്കര
തൂണിലും തുരുന്പിലും ദൈവത്തെ കാണുന്ന, തന്റെയുള്ളിലും, മറ്റുള്ളവന്റെയുള്ളിലും ഈശ്വരനെ ദർശിക്കുന്ന മഹത്തായ ഒരു സംസ്കാരമുള്ള രാജ്യമാണ് നമ്മുടെ ഭാരതം. അതുകൊണ്ട് തന്നെ വിശ്വാസങ്ങൾ ഇവിടെ ഏറെയാണ്. എന്തിനെ ആരാധിക്കണം, എന്തിന് ആരാധിക്കണം എന്നത് നമ്മുടെ നാട്ടിൽ വളരെ വ്യക്തിപരമായ കാര്യവുമാണ്. പക്ഷെ ചിലർക്ക് ഈ തിരിച്ചറിവ് ലഭിക്കാത്തത് കൊണ്ട് പല ബഹളങ്ങളും ചിലപ്പോഴോക്കെ അരങ്ങേറുന്നു. എന്തിലാണോ ഒരാൾക്ക് ആശ്വാസം ലഭിക്കുന്നത് അത് തന്നെയാണ് വിശ്വാസമായി മാറുന്നത്. മറ്റുള്ളവർക്ക് വിഡ്ഢിത്തരമായോ, അന്ധവിശ്വാസമായോ തോന്നുന്നുവെങ്കിൽ പോലും വിശ്വസിക്കുന്നവന് അത് അങ്ങിനെയല്ല. ആൾദൈവങ്ങൾ എന്ന് വിളിക്കുന്ന ധാരാളം പേർ നമ്മുടെ ഇടയിൽ ജീവിച്ചു പോകുന്നുണ്ട്. അവരുടെ ആരാധകരുടെ മുന്പിൽ വിശ്വസനീയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കാൻ കഴിയുന്നത് കൊണ്ട് തന്നെ ഇത്തരം ആളുകൾക്ക് മുന്പോട്ട് പോകാൻ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെയുണ്ടാകുന്നില്ല.
പക്ഷെ ചിലരെങ്കിലും ഇത്തരം ആത്മീയ ജീവിതത്തിനിടയിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിവരുന്നു എന്നതിന്റെ തെളിവാണ് ഹരിയാനയിലെ ദേര സച്ച ആശ്രമവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകളും, അവിടുത്തെ തലവനായ ഗുർമീത് റാം റഹീം സിംഗിനെതിരെ വന്ന കോടതി വിധിയും. ഇദ്ദേഹത്തിന്റെ ആശ്രമത്തിലെ വനിതകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണത്തിൽ കഴന്പുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. വിധിയെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റാം റഹിം സിംഗിന്റെ ശിഷ്യർ അഴിഞ്ഞാട്ടം തുടരുകയാണെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. ഇതിൽ മുപ്പതോളം പേർ മരിക്കുകയും, 250ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. എത്രയോ പൊതുമുതലുകൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു. വളരെ വേദനയുണ്ടാക്കുന്ന കാര്യമാണിത്. ഈ സ്വാമിയെ പറ്റിയുള്ള എരിവും, പുളിപ്പും ഉള്ള മസാല വാർത്തകളാണ് ഇന്ന് നമ്മുടെ മുന്പിൽ നിറയുന്നത്. ഇന്ത്യൻ സ്വാമിമാരിൽ ഇപ്പോൾ റോക്ക് സ്റ്റാർ പദവിയുള്ള ഈ പഞ്ചനക്ഷത്ര ബാബയെ പറ്റിയുള്ള ഇത്തരം കഥകൾ ആവേശത്തോടെ വായിച്ച് തള്ളുന്പോഴും രാജ്യത്തെ നീതിന്യായ സംവിധാനത്തെ മുൾമുനയിൽ നിർത്തുന്ന ഈ കള്ള സന്യാസിയുടെ കപട ആത്മീയത വളർത്താൻ നമ്മുടെ സമൂഹവും ഭരണകൂടവും രാഷ്ട്രീയ മേലാളന്മാരും എത്രമാത്രം സംഭാവന ചെയ്തിരിക്കണം എന്നാണ് നമ്മെ ആശങ്കപ്പെടുത്തേണ്ട കാര്യം. ഓരോ കാലത്തും അധികാരത്തിന്റെ കേന്ദ്രങ്ങൾക്ക് ഒപ്പമായിരുന്നുവത്രെ ഇയാൾ. തന്റെ കച്ചവടം നന്നായി നടത്തി കൊണ്ടുപോകാൻ പ്രാപ്തനായിരുന്നു ഇയാൾ എന്നർത്ഥം. ആൾദൈവങ്ങളെ ഇഷ്ടപ്പെടുന്ന സമൂഹം ദൈവത്തിന്റെ സ്വന്തം നാട്ടിലുമുണ്ടെന്ന് അറിഞ്ഞാണ് ഈ സ്വാമി കേരളത്തിൽ ആശ്രമം പണിയാൻ ശ്രമിച്ചത്. ഇതിനായി വാഗമണിലും, വയനാട്ടിലും അദ്ദേഹം ഭൂമി വാങ്ങിയിരുന്നവത്രെ.
പലപ്പോഴും മതസ്ഥാപനങ്ങൾ എല്ലാത്തിനും മുകളിലാണെന്ന ധാരണയിലാണ് പ്രവർത്തിച്ചുവരുന്നത്. വിശ്വാസത്തിന്റെ മേലങ്കി പുതപ്പിച്ചത് കൊണ്ട് തങ്ങളുടെ മീതെ ആരും പറക്കില്ലെന്ന ഉത്തമബോധ്യത്തിലാണ് ഇത്തരം സ്ഥാപനങ്ങളുടെ മേധാവികൾ കഴിയുന്നത്. ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ മതസ്ഥാപനങ്ങളിലുണ്ടാകുന്നതും ഇതാദ്യമായിട്ടല്ല. എങ്കിലും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നമ്മുടെ രാഷ്ട്രീയ നേതാക്കൾ ഈ ആൾദൈവങ്ങൾക്ക് പല കാലങ്ങളായി നൽകി വരുന്ന സാമൂഹ്യ അംഗീകാരമാണ് അവർക്ക് കുറ്റകൃത്യങ്ങൾ നടത്തുവാനുള്ള മുതൽ മുടക്ക്. അതുപയോഗിച്ചാണ് ആത്മീയതയുടെ വ്യാജ നിർമ്മിതികൾ ഈ കള്ള സ്വാമിയെ പോലെയുള്ളവർ കെട്ടിപ്പടുക്കുന്നത്. അതേസമയം ആത്മീയത പൂർണമായും കച്ചവടമാക്കാത്തവരും ഈ ലോകത്ത് ഇന്ന് ധാരാളമുണ്ട്. വളരെ ഉയർന്ന ചിന്തകളുള്ള ഇത്തരം വ്യക്തികൾ എല്ലാ മതങ്ങളിലും സജീവവുമാണ്. പക്ഷെ ഗുർമീത് റാം റഹീം സിംഗിനെ പോലെയുള്ള കള്ളനാണയങ്ങൾ ഈ ഒരു മേഖലയിൽ വളർന്ന് പന്തലിക്കുന്പോൾ പലപ്പോഴും നല്ലവരെ പോലും മഞ്ഞകണ്ണാടി വെച്ച് കാണേണ്ടി വരുന്നു എന്നതാണ് സത്യം.