മനസ് തുറക്കാനായി ഒരാപ്പ്...
പ്രദീപ് പുറവങ്കര
സൈബർ ലോകത്ത് കടന്നു വരുന്ന ചില ആപ്പുകൾ പെട്ടന്ന് ജനപ്രിയമാകാറുണ്ട്. ഓൺലൈൻ ഇടങ്ങളിൽ ജീവിതം ആഘോഷിക്കുന്നവരുടെ പുതിയ ആകർഷണമാണ് സറാഹാ എന്ന ആപ്പ്. ഇത് വായിക്കുന്ന പലരും ഇതിനകം ഈ ആപ്പിന്റെ ആരാധാകരായി മാറി കാണും. അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്താൻ സാധിക്കുന്ന ഒരു ആപ്പെന്ന് നമുക്ക് ഒറ്റവാചകത്തിൽ ഈ അപ്ലിക്കേഷനെ വിശേഷിപ്പിക്കാം. അതായാത് ഇത്രയും കാലം മുഖത്ത് നോക്കി പറയാൻ മടിക്കുന്ന എന്ത് കാര്യവും ഇതിലൂടെ എഴുതിവിടാമെന്ന് അർത്ഥം. ആരാണ് അയച്ചതെന്ന് മനസിലാകാത്തത് കൊണ്ട് മറുപടി നൽകാനും സാധിക്കില്ല. സൗദി അറേബ്യൻ സ്വദേശിയായ സൈൻ അലാബ്ദിൻ തൗഫീഖാണ് സറാഹാ എന്ന ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചത്.
ആരാണെന്ന് വെളിപ്പെടുത്താതെ ആർക്കെങ്കിലും ഒരു സന്ദേശം അയക്കണമെങ്കിൽ ഈ ആപ്പിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കിയാൽ മാത്രം മതി. ലോഗിൻ ചെയ്യാതെയും സറാഹാ ആപ്പ് ഉപയോഗിക്കാം. മറ്റുള്ളവർക്ക് നിങ്ങളുടെ പ്രൊഫൈൽ സന്ദർശിക്കാൻ സാധിക്കുന്നതിനോടൊപ്പം ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങൾ വെളിപ്പെടുത്താനുള്ള അവസരവും ഈ ആപ്പിലുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലൊക്കെ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന സറാഹാ ആപ്പിലെ പ്രൊഫൈലിൽ വരുന്ന സന്ദേശങ്ങൾ നിങ്ങൾക്ക് ഫ്‌ളാഗ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ അതിന് മറുപടി നൽകുകയോ പിന്നീട് എളുപ്പത്തിൽ കണ്ടെത്താൻ വേണ്ടി ഫേവറേയിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യാം. കഴിഞ്ഞ മാസം ഈ ആപ്പ് ഇന്ത്യയുൾപ്പടെ മുപ്പത് രാജ്യങ്ങളിലാണ് പുറത്തിറക്കിയത്. സോഷ്യൽ മീ−ഡിയ പ്ലാറ്റ്ഫോമകളിലെ സ്‌നാപ് ചാറ്റുമായി സറാഹയെ ബന്ധിപ്പിക്കാമെന്നതും ആപ്പിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. ഇതിനകം 3 കോടിയിലധികം പേർ സറാഹാ ആപ്പ് ഉപയോക്താകളായിട്ടുണ്ട്.
സന്ദേശം അയക്കുന്ന ആളെ സ്വീകരിക്കുന്ന ആൾക്ക് കണ്ടെത്താൻ സാധിക്കില്ല എന്നതാണ് സറാഹായുടെ പ്രത്യേകത. അജ്ഞാതരായി നിൽക്കാൻ കഴിയുമെന്നതിനാൽ ആപ്പ് പലവിധത്തിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയുണ്ടെങ്കിലും സറാഹാ−യുടെ ജനപ്രീതി വർദ്‍ധിക്കുകയാണ്. ഒരാളുടെ നേരെ നിന്ന് സംസാരിക്കാനുള്ള പ്രയാസം കാരണം അതൊക്കെ ഉള്ളിലൊതുക്കി ജീവിക്കുന്നവർക്ക് ഈ ഒരു ആപ്പ് ആശ്വാസമാകുന്നു എന്നു വേണം മനസിലാക്കാൻ. രഹസ്യം സൂക്ഷിക്കാൻ പറ്റാതെ നട്ടപാതിരയ്ക്ക് കുന്നിന്റെ മുകളിൽ പോയി ഒച്ചത്തിൽ ആ രഹസ്യം വിളിച്ചു പറയുന്ന ഇന്നസെന്റ് അവതരിപ്പിച്ച ഒരു കഥാപാത്രത്തെ ഓർമ്മ വരുന്നു. തന്റെയുള്ളിൽ വിമിഷ്ടപ്പെട്ടു കിടക്കുന്ന ഇത്തരം രഹസ്യങ്ങൾ എവിടെയെങ്കിലും ഒന്ന് പതിപ്പിക്കാനുള്ള മനുഷ്യമനസിന്റെ വിഹ്വലതകൾക്കാണ് സറാഹാ ആപ്പ് ഉത്തരം നൽകുന്നത്. സ്വന്തം കുടുംബത്തിലുള്ളവരോട് പോലും മനസ് തുറന്ന് സംസാരിക്കാൻ ഭയക്കുന്ന ഒരു കാലമാണിത്. അവർക്ക് എന്ത് തോന്നുമെന്ന ആശങ്കയാണ് ഓരോ വാക്കും പുറത്തേക്ക് വരുന്പോൾ പലർക്കുമുണ്ടാകുന്നത്. ഇവിടെ ഈ ആപ്പിന്റെ സഹായത്തോടെ പറയാൻ മറന്നു പോകുന്നതും, പറയാൻ ബാക്കിവെച്ചതുമായ എല്ലാം പറഞ്ഞു തീർക്കാം.